ബുറേവി: ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

ബുറേവി ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ചുഴലിക്കാറ്റും മഴയും മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും പിന്നീടുണ്ടാകുന്ന പകര്‍ച്ചവ്യാധികളും ഫലപ്രദമായി നേരിടാനാണ് ജാഗ്രതാ നിര്‍ദേശം. ആശുപത്രികളില്‍ മതിയായ ചികിത്സാ സൗകര്യവും മരുന്നുകളും ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. എല്ലാ പ്രവര്‍ത്തനങ്ങളും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍വഹിക്കാനാണ് നിര്‍ദേശം.
എല്ലാ പ്രധാന ആശുപത്രികളും മെഡിക്കല്‍ കോളജുകളും ആവശ്യമായ മുന്നൊരുക്കം നടത്തണം. അത്യാഹിത വിഭാഗത്തില്‍ മാസ് കാഷ്വാലിറ്റി ഉണ്ടായാല്‍ പോലും നേരിടാനുള്ള സംവിധാനങ്ങള്‍ ആശുപത്രി മാനേജ്മെന്റ് ഒരുക്കണം. ആന്റി സ്നേക്ക് വെനം പോലുള്ള അത്യാവശ്യ മരുന്നുകളും എമര്‍ജന്‍സി മെഡിക്കല്‍ കിറ്റും ഉറപ്പ് വരുത്തണം. ഓര്‍ത്തോപീഡിഷ്യന്‍, ഫിസിഷ്യന്‍, പീഡിയാട്രീഷ്യന്‍, സര്‍ജന്‍, അനസ്തീഷ്യാ ഡോക്ടര്‍ എന്നിവര്‍ ഓണ്‍ കോള്‍ ഡ്യൂട്ടിയില്‍ അത്യാവശ്യമുള്ളപ്പോള്‍ എത്തണം. മുന്നറിയിപ്പുള്ള പ്രദേശങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സാമൂഹികാരോഗ്യ കേന്ദ്രങ്ങളും തുടങ്ങി താഴെത്തട്ടിലുള്ള ആശുപത്രികള്‍ ജാഗ്രതയോടെയിരിക്കണം.
അതത് ജില്ലകളിലെ നോഡല്‍ ഓഫീസര്‍മാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ നിര്‍ദേശങ്ങളനുസരിച്ച് പ്രവര്‍ത്തിക്കണം. പ്രശ്നബാധിതമായ എല്ലാ ജില്ലകളിലും റാപ്പിഡ് റെസ്പോണ്‍സ് ടീം എപ്പോഴും ജാഗ്രതയായിരിക്കണം. തീരമേഖലകളില്‍ ആവശ്യമായ ജീവനക്കാര്‍ ഉള്‍പ്പെടെ സജ്ജീകരണങ്ങള്‍ ഒരുക്കണം. ക്യാമ്പുകളിലും മതിയായ ചികിത്സ ഉറപ്പ് വരുത്തും. വയോജനങ്ങളുടെ സുരക്ഷയ്ക്ക് പ്രത്യേക പ്രാധാന്യം നല്‍കും. ക്യാമ്പുകളിലും മറ്റും എല്ലാവരും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. എല്ലാ പ്രശ്നബാധിത മേഖലകളിലും കനിവ് 108 ആംബുലന്‍സുകളുടെ സേവനം ഉറപ്പ് വരുത്തിയിട്ടുണ്ട്. കൊവിഡ് ബാധിതരേയും അല്ലാത്തവരേയും പ്രത്യേകം ആശുപത്രിയിലേക്ക് മാറ്റാനുള്ള സജ്ജീകരണം ഒരുക്കി. തത്സമയം റൂട്ട് നിശ്ചയിക്കാന്‍ ജിവികെ ഇഎംആര്‍ഐയുടെ കണ്‍ട്രോള്‍ റൂമില്‍ പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
Story Highlights – Burevi: health department has issued a vigilance order
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here