എംഡിഎച്ചിന്റെ മുഖം; ഇന്ത്യക്കാരുടെ പുഞ്ചിരിക്കുന്ന ‘ദാദാജി’

mahashay dharampal gulatti

ലോകോത്തര ഇന്ത്യന്‍ സ്‌പൈസ് കമ്പനിയായ എംഡിഎച്ചിന്റെ മുഖം മാഞ്ഞു. ‘മസാല കിംഗ്’ എന്നായിരുന്നു ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സ്‌പൈസ് കമ്പനികളില്‍ ഒന്നിന്റെ ഉടമയായ മഹാശയ് ധരംപാല്‍ ഗുലാത്തി അറിയപ്പെട്ടിരുന്നത്. ലോകം മുഴുവന്‍ പരന്ന് കിടക്കുന്ന ഒരു ബിസിനസ് ശൃംഗല കെട്ടിപ്പടുത്തതിന് ശേഷമാണ് മഹാശയ് ധരംപാല്‍ ഗുലാത്തി നമ്മെ വിട്ടുപിരിഞ്ഞത്. ‘ദാദാജി’ എന്ന് സ്‌നേഹപൂര്‍വം ആളുകള്‍ ധരംപാലിനെ വിളിച്ചു.

പാകിസ്താന്റെ ഭാഗമായ സിലാല്‍കോട്ടിലാണ് 1923ല്‍ ധരംപാലിന്റെ ജനനം. ഇന്ത്യ- പാക് വിഭജനത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് കുടുംബത്തോടെ താമസം മാറ്റി. അമൃത് സറിലെ കുടിയേറ്റ ക്യാമ്പില്‍ ആയിരുന്നു കുറച്ച് കാലം ജീവിതം. പാകിസ്താനില്‍ നിന്ന് എത്തുമ്പോള്‍ കുടുംബത്തിന്റെ കൈയിലുണ്ടായിരുന്നത് 1500 രൂപ മാത്രമായിരുന്നു. പിന്നീട് ധരംപാല്‍ തന്റെ ജീവിതം ഡല്‍ഹിയിലേക്ക് പറിച്ചു നട്ടു. വെറും 1500 രൂപയില്‍ നിന്നാണ് തന്റെ സ്‌പൈസസ് കമ്പനിക്ക് ധരംപാല്‍ ഉദയം നല്‍കിയത്.

Read Also : രുചികളുടെ രാജാവ് ഇനിയില്ല; എംഡിഎച്ച് ഉടമ മഹാശയ് ധരംപാല്‍ ഗുലാത്തി അന്തരിച്ചു

എംഡിഎച്ച് കമ്പനിയുടെ തായ്‌വേരുകളുള്ളതും പാകിസ്താനിലാണ്. ധരംപാലിന്റെ അച്ഛനാണ് 1919ല്‍ ‘മഹാശിയ ദി ഹത്തി’ എന്ന ചെറിയ മസാലക്കട ആരംഭിച്ചത്. പിന്നീട് അത് 15000 കോടി ആസ്തിയുള്ള സ്ഥാപനമായി വളര്‍ത്തിയത് ധരംപാലാണ്.

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ശമ്പളം കൈപ്പറ്റിയിരുന്ന സിഇഒമാരില്‍ ഒരാളായിരുന്നു ഇദ്ദേഹം. ധരംപാല്‍ അഞ്ചാം ക്ലാസില്‍ വച്ച് പഠനം ഉപേക്ഷിച്ചുവെന്നത് അവിശ്വസനീയമാണ്. 2017ല്‍ 21 കോടി രൂപയിലധികമാണ് ശമ്പളമായി ധരംപാല്‍ കൈപ്പറ്റിയിരുന്നത്. തന്റെ തൊണ്ണൂറുകളിലും കമ്പനി നടത്തിപ്പില്‍ ഒരു പടി പോലും ധരംപാല്‍ പിന്നോട്ട് പോയില്ല. കമ്പനിയുടെ ഫാക്ടറികളിലും മാര്‍ക്കറ്റുകളിലും തന്റെ സ്ഥിരം സന്ദര്‍ശനവും ഒഴിവാക്കിയിരുന്നില്ല.

തന്റെ കമ്പനി പുറത്തിറക്കുന്ന സാധനങ്ങളുടെ ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ധരംപാല്‍ ഒരിക്കലും തയാറായിരുന്നില്ല. കൂടാതെ സാധാരണക്കാര്‍ക്ക് താങ്ങാന്‍ പറ്റുന്ന വിലയിലാണ് എംഡിഎച്ചിന്റെ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്നതും. തന്റെ സമ്പാദ്യത്തിന്റെ 90 ശതമാനത്തോളം ധരംപാല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ആണ് ചെലവഴിച്ചിരുന്നത്.

ബ്രാന്‍ഡിന്റെ മുഖവും ധരംപാല്‍ തന്നെയായിരുന്നു. ബ്രാന്‍ഡിന്റെ പരസ്യങ്ങളിലും നിറസാന്നിദ്ധ്യമായിരുന്നു ഗുലാത്തി. പരസ്യങ്ങളില്‍ അഭിനയിക്കുന്ന ലോകത്തിലെ തന്നെ പ്രായം കൂടിയ വ്യക്തികളില്‍ ഒരാള്‍ ആയിരുന്നു ഇദ്ദേഹം. തലയില്‍ പരമ്പരാഗത രീതിയില്‍ ടര്‍ബന്‍ ധരിച്ച പുഞ്ചിരിച്ചു നില്‍ക്കുന്ന ധരംപാലിന്റെ മുഖമാണ് എംഡിഎച്ചിന്റെ പരസ്യങ്ങളുടെ മുഖമുദ്രയായിരുന്നത്.

ദുബായിലും ലണ്ടനിലും കമ്പനിക്കിപ്പോള്‍ ഓഫീസ് ഉണ്ട്. 100ഓളം രാജ്യങ്ങളിലേക്ക് സാധനങ്ങള്‍ കയറ്റി അയക്കുന്നു. 18 ഫാക്ടറികള്‍ ഇപ്പോള്‍ കമ്പനിക്കുണ്ട്. 62 ഉത്പന്നങ്ങള്‍ എംഡിഎച്ച് വിപണിയില്‍ എത്തിക്കുന്നു. കമ്പനി ഇപ്പോള്‍ നോക്കി നടത്തുന്നത് ധരംപാലിന്റെ മക്കളാണ്. മകന്‍ കമ്പനിയുടെ കാര്യങ്ങള്‍ നോക്കി നടത്തുന്നു. ആറ് പെണ്‍മക്കള്‍ വിതരണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 2019ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം ഈ ബിസിനസ് സാമ്രാട്ടിനെ ആദരിച്ചു.

Story Highlights mahashay dharampal gulatti, mdh spicies

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top