ഈരാറ്റുപേട്ട നഗരസഭയില്‍ ശ്രദ്ധേയ പോരാട്ടം: മുന്നണികള്‍ക്ക് വെല്ലുവിളിയായി എസ്ഡിപിഐ

നഗരസഭയായ ശേഷം നടക്കുന്ന രണ്ടാമത് തെരഞ്ഞെടുപ്പില്‍ ഈരാറ്റുപേട്ടയില്‍ ശ്രദ്ധേയമായ പോരാട്ടം. ഭരണം പിടിക്കാനുള്ള എല്‍ഡിഎഫ് ശ്രമത്തിനിടെ, ഇരുമുന്നണികള്‍ക്കും വെല്ലുവിളിയായി എസ്ഡിപിഐയും രംഗത്തുണ്ട്.

28 ഡിവിഷനുകളുള്ള ഈരാറ്റുപേട്ടയില്‍ യുഡിഎഫില്‍ 16 ഇടത്ത് മത്സരിക്കുന്നത് മുസ്ലീം ലീഗാണ്. കോണ്‍ഗ്രസ് 11 സീറ്റിലും ജോസഫ് ഗ്രൂപ്പ് ഒരു സീറ്റിലും മത്സരിക്കുന്നു. വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള പ്രാദേശിക ധാരണ പ്രകാരം കോണ്‍ഗ്രസും ലീഗും ഓരോ സീറ്റുകളില്‍ വീതം സ്വതന്ത്രരെയാണ് കളത്തിലിറക്കിയത്.

ഇടതുമുന്നണിയില്‍ സിപിഐഎം 16 സീറ്റിലും സിപിഐ ഏഴ് സീറ്റിലും മത്സരിക്കുന്നു. എല്‍ജെഡി, ഐഎന്‍എല്‍, കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം എന്നിവര്‍ക്ക് ഓരോ സീറ്റു വീതമുണ്ട്. ഒരു എല്‍ഡിഎഫ് സ്വതന്ത്രനും മത്സരരംഗത്തുണ്ട്. മൂന്നാം ഡിവിഷനില്‍ സിപിഐഎം – സിപിഐ സൗഹൃദമത്സരമാണ് നടക്കുന്നത്.

കഴിഞ്ഞതവണ എല്‍ഡിഎഫിനൊപ്പം ആറ് സീറ്റില്‍ മത്സരിച്ച ജനപക്ഷം ഇത്തവണ ഒരിടത്ത് മാത്രമാണ് കളത്തിലുള്ളത്. 2015-ല്‍ വിജയിച്ച നാല് കൗണ്‍സിലര്‍മാരില്‍ ഒരാള്‍ മാത്രമാണ് 2020 ല്‍ ജനപക്ഷത്തിനൊപ്പമുള്ളത്. കഴിഞ്ഞതവണ നാല് സീറ്റുകള്‍ നേടിയ എസ്ഡിപിഐ, ഇത്തവണ മുന്‍ കൗണ്‍സിലറെയടക്കം രംഗത്തിറക്കി 16 ഡിവിഷനുകളില്‍ മത്സരരംഗത്തുണ്ട്. പലതവണ അധികാരക്കൈമാറ്റം നടന്ന നഗരസഭയില്‍ ഇത്തവണ പാര്‍ട്ടി നിര്‍ണായക ശക്തിയാകും എന്നാണ് എസ്ഡിപിഐയുടെ വാദം. എട്ട് ഇടത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും മത്സരിക്കുന്നുണ്ട്.

Story Highlights Erattupetta municipality

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top