Advertisement

സ്വപ്നയുടെ ശബ്ദസന്ദേശം പുറത്തുവന്ന കേസ് ആഭ്യന്തര വകുപ്പ് അട്ടിമറിക്കുന്നു: മുല്ലപ്പള്ളി രാമചന്ദ്രന്‍

December 4, 2020
Google News 1 minute Read

സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന സ്വപ്നയുടെ ശബ്ദസന്ദേശം പുറത്തുവന്ന കേസ് അട്ടിമറിക്കാനാണ് അഭ്യന്തരവകുപ്പ് ശ്രമിക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വര്‍ണക്കടത്ത് കേസിലെ കേന്ദ്ര ബിന്ദുവായ മുഖ്യമന്ത്രിയെ വെള്ളപൂശാനും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത തകര്‍ക്കാനുമാണ് മുഖ്യപ്രതിയുടെ പേരില്‍ ശബ്ദസന്ദേശം പുറത്തുവിട്ടത്. ആഭ്യന്തരവകുപ്പിലെ ഉന്നതരുടെ ഒത്താശയും സഹായവുമില്ലാതെ ഇത്തരമൊരു ശബ്ദസന്ദേശം ജയിലിനകത്ത് നിന്നും പുറത്തുവരില്ല.കുറ്റാരോപിതയായ പ്രതിയുടെ പേരില്‍ പുറത്തുവന്ന ശബ്ദസന്ദേശമാണ് സിപിഐഎം ജനറല്‍ സെക്രട്ടറി മുതല്‍ ബ്രാഞ്ച് സെക്രട്ടറിവരെ മുഖ്യമന്ത്രിയെ ന്യായീകരിക്കാന്‍ ഉപയോഗിക്കുന്നത്. ഇതില്‍ നിന്നു തന്നെ ഈ ശബ്ദസന്ദേശത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ സിപിഐഎമ്മാണെന്ന് മനസിലാകും. ആ തിരിച്ചറിവാണ് കേസെടുക്കാന്‍ പൊലീസും ജയില്‍ വകുപ്പും വിമുഖത കാട്ടുന്നതിന് പിന്നിലെന്നും മുല്ലപ്പള്ളി ആരോപിച്ചു.

ജയിലില്‍ കഴിയുന്ന പ്രതിയുടെ ശബ്ദസന്ദേശം ചോര്‍ന്നതില്‍ കേസെടുക്കാനാവില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. അന്വേഷണത്തിന് അനുമതിവാങ്ങി നല്‍കിയാല്‍ കേസെടുക്കാമെന്ന വിചിത്ര നിലപാട് പൊലീസിന്റേത്. എന്നാല്‍ അനുമതി നേടിയെടുക്കേണ്ട ഉത്തരവാദിത്വം പൊലീസിനാണെന്നും തങ്ങള്‍ക്കല്ലെന്നുമാണ് ജയില്‍ അധികൃതര്‍ സ്വീകരിക്കുന്നത്. ഇത്തരം ആശയക്കുഴപ്പം ആര്‍ക്കുവേണ്ടിയാണ് പൊലീസും ജയില്‍വകുപ്പും സ്വീകരിക്കുന്നതെന്ന് പരിശോധിക്കണം.

സ്വപ്നയുടെ പേരില്‍ തദ്ദേശതെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇത്തരമൊരു സന്ദേശം പുറത്തുവന്നതില്‍ വന്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ട്. ശബ്ദരേഖ ചോര്‍ന്നതില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇഡിയും ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയിന്‍മേലും ഒരു നടപടിയും കേരള പൊലീസ് സ്വീകരിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

Story Highlights Mullappally Ramachandran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here