ലൈഫ് മിഷൻ ക്രമക്കേട്: പ്രതികളുടെ വാട്സ്ആപ്പ് സന്ദേശങ്ങളടക്കം വിജിലൻസിന് കൈമാറാൻ എൻഐഎ കോടതിയുടെ അനുമതി

ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതികളുടെ വാട്സ്ആപ്പ് സന്ദേശങ്ങളടക്കം വിജിലൻസിന് കൈമാറാൻ എൻഐഎ കോടതിയുടെ അനുമതി. ഒരാഴ്ചയ്ക്കുള്ളിൽ സി ഡാക്കിൽ നിന്ന് വിവരങ്ങൾ വിജിലൻസിന് ലഭിക്കും. അതേസമയം സ്വപ്ന സുരേഷിൻ്റെ ഐടി വകുപ്പിലെ നിയമനവുമായി ബന്ധപ്പെട്ടും വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി.
ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട തുടരന്വേഷണത്തില്‍ പ്രതികളുടെ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ അനിവാര്യമെന്നായിരുന്നു വിജിലന്‍സ് നിലപാട്. വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് വിജിലന്‍സ് എൻ.ഐ.എ കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. സ്വപ്ന സുരേഷ്, സന്ദീപ്, ചാർട്ടേർഡ് അക്കൗണ്ടന്റ് വേണുഗോപാൽ എന്നിവരുടെ വാട്ട്സ്ആപ്പ് സന്ദേശങ്ങൾ പരിശോധിക്കാനാണ് വിജിലൻസ് നീക്കം. എം ശിവശങ്കർ, സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ളവരുടെ കോൾ രേഖകൾ പരിശോധിക്കാനും വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്.
വടക്കാഞ്ചേരി ലൈഫ് മിഷനുമായി ബന്ധപ്പെട്ട കമ്മീഷൻ ഇടപാടിലെ ഗൂഢാലോചനയിൽ ആരൊക്കെ പങ്കെടുത്തിട്ടുണ്ട് എന്നറിയാനാണ് പ്രധാനമായും ഫോൺ വിവരങ്ങളും സന്ദേശങ്ങളും പരിശോധിക്കുന്നത്. കൂടാതെ യൂണിടാക്കിന് വേണ്ട സഹായം ചെയ്‌തു നൽകാൻ ശിവശങ്കർ ആവശ്യപ്പെട്ടു എന്ന മൊഴികളിലും വ്യക്തത തേടും. ഐ ടി വകുപ്പിന് കീഴിലെ സ്പേസ് പാർക്കിൽ സ്വപ്‌ന സുരേഷിന് നിയമനം നൽകിയതിലും വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.
സ്വപ്ന സുരേഷ് ബി കോം വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയെന്നും ഇതിലൂടെ സർക്കാർ ഖജനാവിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും കന്റോൺമെന്റ് പോലീസ് കണ്ടെത്തിയിരുന്നു. തുടരന്വേഷണത്തിൻ്റെ ഗൗരവം കണക്കിലെടുത്താണ് കേസന്വേഷണം വിജിലൻസിന് കൈമാറിയത്. വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷം ആവശ്യമെങ്കിൽ കേസടുത്ത് അന്വേഷണം ആരംഭിക്കും.
Story Highlights – Life mission case, NIA court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here