‘പോണ്ടിംഗിന്റെ പിൻഗാമി’യ്ക്ക് സെഞ്ചുറി; സന്നാഹ മത്സരത്തിൽ തിരിച്ചടിച്ച് ഓസ്ട്രേലിയ

australia innings india practice

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി നടന്ന സന്നാഹമത്സരത്തിൽ തിരിച്ചടിച്ച് ഓസ്ട്രേലിയ. 9 വിക്കറ്റ് നഷ്ടത്തിൽ 247 എന്ന നിലയിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത ഇന്ത്യക്കെതിരെ ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സിൽ ലീഡ് നേടിക്കഴിഞ്ഞു. സെഞ്ചുറി നേടിയ ഓൾറൗണ്ടർ കാമറൂൻ ഗ്രീൻ ആണ് ഓസീസിൻ്റെ ടോപ്പ് സ്കോറർ. ടിം പെയിൻ (44), മാർക്കസ് ഹാരിസ് (35) എന്നിവരും ആതിഥേയർക്കായി തിളങ്ങി. ഇന്ത്യക്കു വേണ്ടി ഉമേഷ് യാദവ് മൂന്നു വിക്കറ്റ് വീഴ്ത്തി.

ഓപ്പണർമാരായ വിൽ പുകോവ്സ്കി (1), ജോ ബേൺസ്(4) എന്നിവരെ ഇന്നിംഗ്സിൻ്റെ തുടക്കത്തിൽ തന്നെ ഉമേഷ് യാദവ് പുറത്താക്കി. പിന്നീട് വന്നവർക്കെല്ലാം ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും അത് മുതലെടുക്കാൻ അവർക്കായില്ല. 98-5 എന്ന നിലയിൽ തകർന്നു നിന്ന ഓസീസിനെ പിന്നീട് കാമറൂൺ ഗ്രീനും ടിം പെയ്നും ചേർന്ന കൂട്ടുകെട്ടാണ് കരകയറ്റിയത്. 104 റൺസാണ് ഇരുവരും ചേർന്ന് 6ആം വിക്കറ്റിൽ കണ്ടെത്തിയത്. ഒടുവിൽ ടിം പെയ്നെ (44) പുറത്താക്കിയ ഉമേഷ് യാദവ് ഈ കൂട്ടുകെട്ട് പൊളിച്ചു. എന്നാൽ, പിടിച്ചു നിന്ന ഗ്രീൻ അർഹതപ്പെട്ട സെഞ്ചുറി കരസ്ഥമാക്കുകയായിരുന്നു.

ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഓസ്ട്രേലിയ 8 വിക്കറ്റ് നഷ്ടത്തിൽ 279 റൺസ് എന്ന നിലയിലാണ്. കാമറൂൺ ഗ്രീൻ (108) ക്രീസിൽ തുടരുകയാണ്. നിലവിൽ ഓസ്ട്രേലിയക്ക് 32 റൺസിൻ്റെ ലീഡുണ്ട്.

നേരത്തെ അജിങ്ക്യ രഹാനെയുടെ സെഞ്ചുറിയാണ് ഇന്ത്യൻ ഇന്നിംഗ്സിൽ നിർണായകമായത്. ചേതേശ്വർ പൂജാര ഫിഫ്റ്റി നേടി.

ഡിസംബർ 17നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ഏകദിന പരമ്പര 1-2നു നഷ്ടമായ ഇന്ത്യ ടി-20 പരമ്പര വിജയിച്ചിരുന്നു. ഒരു മത്സരവും കൂടി ശേഷിക്കെ 2-0ൻ്റെ ലീഡാണ് ഇന്ത്യക്കുള്ളത്.

Story Highlights australia a innings vs india a in practice match

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top