Advertisement

കൊവിഡ് വാക്‌സിൻ വിതരണത്തിനുള്ള മുന്നൊരുക്കങ്ങൾ ഇന്ത്യൻ വ്യോമസേനയിൽ പൂർത്തിയായി

December 7, 2020
Google News 2 minutes Read
indian air force marks 88 years

കൊവിഡ് വാക്‌സിൻ വിതരണത്തിനുള്ള മുന്നൊരുക്കങ്ങൾ ഇന്ത്യൻ വ്യോമസേനയിൽ പൂർത്തിയായി. 100 ൽ അധികം ചരക്ക് വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും അടക്കമാണ് തയാറാക്കിയത്. രാജ്യത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് വാക്സിൻ എത്തിക്കാനുള്ള ദൗത്യം വ്യോമസേനയെ ആകും ഏൽപ്പിയ്ക്കുക എന്നാണ് വിവരം.

കേന്ദ്ര സർക്കാർ വാക്സിൻ വിതരണത്തിനുള്ള വിശദമായ പദ്ധതി തയാറാക്കുകയാണ്. ഇതനുസരിച്ച് രാജ്യത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് വാക്സിൻ എത്തിക്കാനുള്ള ദൗത്യം വ്യോമസേനയ്ക്ക് ആകും. ഇതിനായുള്ള മുന്നൊരുക്കങ്ങൾ വ്യോമസേന പൂർത്തിയാക്കി. സി – 17 ഗ്ലോബ്മാസ്റ്റർ, സി – 130 ജെ സൂപ്പർ ഹെർക്കുലീസ്, ഐ.എൽ 76 എന്നീ വമ്പൻ ചരക്ക് വിമാനങ്ങൾ ഉപയോഗിച്ചാവും വാക്സിൻ നിർമാണ കമ്പനികളിൽ നിന്ന് വാക്സിൻ ശേഖരിച്ച് ശീതീകരണ സംവിധാനമുള്ള 28,000 കേന്ദ്രങ്ങളിലെത്തിക്കുക. അവിടെനിന്ന് ചെറിയ കേന്ദ്രങ്ങളിലേക്ക് വാക്സിൻ എത്തിക്കാൻ എ.എൻ 32, ഡോണിയർ വിമാനങ്ങൾ ഉപയോഗിക്കും. എ.എൽഎച്ച്, ചീറ്റ, ചിനൂക്ക് ഹെലിക്കോപ്റ്ററുകൾ ഉപയോഗിച്ചാവും അവസാന പോയിന്റുകളിൽ വാക്സിൻ എത്തിക്കുക.

2018 ൽ റുബെല്ല, മീസിൽസ് വാക്സിനുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചത് വ്യോമസേന ആയിരുന്നു. ഇതിന് തുല്യമായ രീതിയിൽ കൊവിഡ് വാക്സിൻ വിതരണത്തിലുള്ള തയാറെടുപ്പുകളാണ് വ്യോമസേന നടത്തിയിട്ടുള്ളത്. കൊവിഡ് വാക്സിൻ ആദ്യം ലഭ്യമാക്കുന്ന മുൻഗണനാ വിഭാഗത്തിൽപ്പെട്ട 30 കോടി ഇന്ത്യക്കാർക്ക് വാക്സിൻ വിതരണം ചെയ്യുന്നതിനായി പ്രത്യേക കർമസേനയെത്തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം എന്നിവയാണ് കർമസേനയുടെ ഭാഗമാകുന്നത്. ആരോഗ്യ പ്രവർത്തകർ അടക്കമുള്ളവർക്കാണ് രാജ്യത്ത് വാക്സിൻ ആദ്യം നൽകുന്നത്.

Story Highlights Preparations for the distribution of covid vaccine have been completed by the Indian Air Force

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here