ലണ്ടനിൽ കർഷക സമരത്തെ പിന്തുണച്ച് ആയിരങ്ങൾ തെരുവിൽ; കൂട്ട അറസ്റ്റ്

കേന്ദ്ര സർക്കാരിൻ്റെ കാർഷിക നയങ്ങൾക്കെതിരെ നടക്കുന്ന കർഷക സമരങ്ങൾക്ക് പിന്തുണയേറുന്നു. ലോകത്തിൻ്റെ വിവിധ ഭാഗത്തു നിന്ന് കർഷകർക്ക് പിന്തുണയും ഐക്യദാർഢ്യവും ലഭിക്കുന്നുണ്ട്. ഇംഗ്ലണ്ട് തലസ്ഥാനമായ ലണ്ടനിൽ കർഷക പ്രതിഷേധത്തെ പിന്തുണച്ച് നടത്തിയ യാത്രയിൽ ആയിരങ്ങളാണ് പങ്കെടുത്തത്. ഇവരിൽ പലരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ആൽഡ്‌വിച്ചിലെ ഇന്ത്യൻ എംബസിക്കരികിലായിരുന്നു പ്രതിഷേധം. ട്രഫൽഗർ ചത്വരത്തെ ചുറ്റി പ്രതിഷേധക്കാർ റാലി നടത്തുകയും ചെയ്തു. പ്ലക്കാർഡുകളുമായി തെരുവിലിറങ്ങിയ ആളുകളോട് പിരിഞ്ഞു പോകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടും ഇവർ വഴങ്ങിയില്ല. തുടർന്ന് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ബ്രിട്ടീഷ് സിഖ് വംശജരാണ് കൂടുതലും പ്രതിഷേധങ്ങളിൽ പങ്കെടുത്തത്.
“വിഷയം ഇന്ത്യൻ ഹൈക്കമ്മീഷൻ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. അധികൃതരുമായി ചേർന്ന് എങ്ങനെയാണ് അനുമതിയില്ലാതെ ഇത്രയധികം ആളുകൾ ഒരുമിച്ച് കൂടിയതെന്ന് അന്വേഷിച്ചു. പ്രതിഷേധം ചില ഇന്ത്യാവിരുദ്ധരുടെ നേതൃത്വത്തിൽ നടത്തിയതാണെന്ന് പിന്നീട് വ്യക്തമായി. കർഷകരെ പിന്തുണയ്ക്കുന്നു എന്ന വ്യാജേന ഇന്ത്യാവിരുദ്ധ അജണ്ടയാണ് അവർ നടപ്പിലാക്കുന്നത്.”- ഇന്ത്യൻ ഹൈക്കമ്മീഷൻ വക്താവ് പറഞ്ഞു.
Read Also : ‘പാർട്ടിക്കൊപ്പവും കർഷകർക്കൊപ്പവും നിലകൊള്ളുന്നു’; ബിജെപി എംപി സണ്ണി ഡിയോൾ
അതേസമയം, കർഷക സംഘടനകൾ ആഹ്വാനം ചെയ്ത നാളത്തെ ഭാരത് ബന്ദിന് പിന്തുണയുമായി കൂടുതൽ രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി. ശിവസേനയും ജാർഖണ്ഡ് മുക്തിമോർച്ചയും കൂടി പിന്തുണ അറിയിച്ചതോടെ ഐക്യദാർഢ്യം പ്രഖ്യാപിച്ച രാഷ്ട്രീയ പാർട്ടികളുടെ എണ്ണം പതിനാറായി. ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയുടെ നേതൃത്തിൽ ഇന്ന് എല്ലാ ജില്ലകളിലും കർഷക റാലികൾ നടക്കും.
Story Highlights – Thousands Protest In London To Support Indian Farmers, Several Arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here