കൊളംബിയയിൽ സ്വർണ്ണത്തൂൺ; നെതർലൻഡിലും ഇംഗ്ലണ്ടിലും ലോഹത്തൂണുകൾ; നിഗൂഢത തുടരുന്നു

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഉയരുന്ന ലോഹത്തൂണുകൾ ആശങ്ക ഉയർത്തുകയാണ്. ഇതിനിടെ, സ്വർണ്ണ, വെള്ളിത്തൂണുകളും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. കൊളംബിയയിലാണ് സ്വർണ്ണ നിറത്തിലുള്ള ലോഹത്തൂൺ ഉയർന്നത്. ഇംഗ്ലണ്ടിലും നെതർലൻഡിലും ഇതുവരെ കണ്ടുവന്നിരുന്ന തരത്തിലുള്ള തൂണും പ്രത്യക്ഷപ്പെട്ടു.
കൊളംബിയയിലെ ചിയ എന്ന സ്ഥലത്താണ് സ്വർണ നിറത്തിലുള്ള തൂൺ പ്രത്യക്ഷപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ കണ്ടെത്തിയ ഈ തൂണും എവിടെ നിന്ന് വന്നുവെന്നോ ആരാണ് സ്ഥാപിച്ചതെന്നോ വ്യക്തമല്ല.
ഇംഗ്ലണ്ടിലെ വിറ്റ് ദ്വീപിലാണ് ഇതുവരെ കാണപ്പെട്ടിരുന്ന തരത്തിലുള്ള തൂൺ പ്രത്യക്ഷപ്പെട്ടത്. കടൽത്തീരത്താണ് ഈ തൂൺ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. നെതർലൻഡിലെ കീകെൻബെർഗിൽ മറ്റൊരു ലോഹത്തൂണും പ്രത്യഷപ്പെട്ടു. ഹൈക്കർമാരാണ് തൂൺ കണ്ടെത്തിയത്.
നവംബർ പകുതിയോടെയാണ് ലോകത്തിന്റെ വിവിധ കോണുകളിലായി തിളങ്ങുന്ന ലോഹത്തൂണുകൾ മുളച്ച് തുടങ്ങിയത്. ആദ്യം പ്രത്യക്ഷപ്പെട്ടത് അമേരിക്കയിലെ യൂടായിലായിരുന്നു. ഹെലികോപ്റ്ററിൽ ആടുകളെ നോക്കിയിറങ്ങിയവരാണ് യൂടായിൽ നിഗൂഢമായ ഒറ്റത്തൂൺ കണ്ടെത്തിയത്. രണ്ട് ദിവസങ്ങൾക്കു ശേഷം യൂടായിൽ നിന്ന് തൂൺ അപ്രത്യക്ഷമായി. അതിനു തൊട്ടടുത്ത ദിവസം റൊമാനിയയിൽ തൂൺ പൊങ്ങി.
പിറ്റേന്ന് യൂടായിൽ നിന്ന് കാണാതായ നിഗൂഢ ലോഹത്തൂൺ കണ്ടെത്തി. ഒരു സംഘം ആളുകൾ ചേർന്ന് നശിപ്പിക്കപ്പെട്ട നിലയിലാണ് ലോഹത്തൂൺ കണ്ടെത്തിയത്. ഇതിന് പിന്നാലെ നിഗൂഢതയേറ്റി റൊമാനിയയിലെ ലോഹത്തൂൺ അപ്രത്യക്ഷമായി. റൊമാനിയയിലെ തൂൺ എവിടെ പോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പ്രത്യക്ഷപ്പെട്ട് നാലു ദിവസങ്ങൾക്കു ശേഷമാണ് റൊമാനിയയിലെ ബാറ്റ്കാസ് ഡോംനേ എന്ന കുന്നിൽ നിന്ന് തൂൺ കാണാതായത്.
യൂടായ്ക്കും റൊമാനിയയ്ക്കും പിന്നാലെ കാലിഫോർണിയയിലും ലോഹത്തൂൺ പ്രത്യക്ഷപ്പെട്ടു. കാലിഫോർണിയയിലെ അടാസ്കഡേറോ മലയ്ക്ക് മുകളിലാണ് ലോഹത്തൂൺ കണ്ടെത്തിയിരിക്കുന്നത്.
നാലാമത്തെ തൂൺ പിറ്റ്സ്ബർഗിലാണ് പ്രത്യക്ഷപ്പെട്ടത്. പിറ്റ്സ്ബർഗിൽ ജനക്കൂട്ടത്തിന് ഒത്ത നടുവിലാണ് ലോഹത്തൂൺ സ്ഥിതി ചെയ്യുന്നത്. പിറ്റ്സ്ബർഗിലെ ഒരു ബേക്കറിക്ക് മുന്നിലാണ് ഒറ്റ രാത്രി കൊണ്ട് പ്രത്യക്ഷപ്പെട്ടത്.
Story Highlights – Gold Monolith Appears In Colombia While Two Silver Ones Appear In England And The Netherlands
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here