ഇന്ത്യൻ കർഷക സമരവും ഒരു കനേഡിയൻ യാത്രയുടെ ഓർമകളും

justin trudeau and indian farmers protest
  • പി.പി ജയിംസ്

ഇന്ത്യന്‍ കര്‍ഷകപ്രക്ഷോഭത്തിന് കനേഡിയന്‍ പ്രധാനമന്ത്രി പിന്തുണ പ്രഖ്യാപിച്ചതിനെ തുടര്‍ന്നുണ്ടായ പൊല്ലാപ്പുകള്‍ ഉണര്‍ത്തിയത് ഒരു കനേഡിന്‍ യാത്രയുടെ ഓര്‍മകളാണ്. അമേരിക്കയിലെ സിയാറ്റിലില്‍ നിന്ന് കാര്‍ മാര്‍ഗമായിരുന്നു കാനഡയിലെ വാന്‍കുവറിലേക്കുള്ള യാത്ര. യുഎസ്-കാനഡ അതിര്‍ത്തിയായ ബ്ലെയ്‌നില്‍ എത്തിയപ്പോള്‍ കൗതുകം പകര്‍ന്നത് ഇന്റര്‍നാഷണല്‍ പീസ് ആര്‍ച്ച് ആണ്. സമാധാനത്തിന്റെ ആര്‍ച്ചും പാര്‍ക്കും രണ്ടു രാജ്യങ്ങളിലായി നിലകൊള്ളുന്നതാണ് പുതുമയായി തോന്നിയത്. റോമില്‍ പോയാല്‍ ഒരു പാദം ഇറ്റലിയിലും മറ്റേപാദം വത്തിക്കാനിലും വച്ച് ഒരേസമയം രണ്ട് രാജ്യത്ത് നില്‍ക്കാനാവും എന്നത് വിസ്മരിക്കുന്നില്ല.

ഇവിടെ പാതിഭാഗം യുഎസ് വാഷിംഗ്ടണ്‍ സ്റ്റേറ്റ് പാര്‍ക്കിന്റെയും മറ്റേപാതി കാനഡയുടെ ബ്രിട്ടീഷ് കൊളംബിയ പാര്‍ക്കിന്റെയും ഭാഗമാണ്. 1812 ല്‍ അമേരിക്കയും ബ്രിട്ടീഷ് കാനഡയും തമ്മില്‍ നടന്ന വെടിനിര്‍ത്തല്‍ കരാറിന്റെ സ്മാരകമാണ് ഈ സമാധാന ആര്‍ച്ചും പാര്‍ക്കും. അവിടെ നിന്ന് കാനഡയിലെ മനോഹരമായ വാന്‍കുവര്‍ ദ്വീപ് നോക്കി കണ്ടു.

വീസ പരിശോധന കഴിഞ്ഞ് കാനഡയില്‍ പ്രവേശിച്ചപ്പോള്‍ ഏറെ ശ്രദ്ധേയമായി തോന്നിയത് തലപ്പാവുകെട്ടിയ സിഖുകാരെയും അവര്‍ ഓടിക്കുന്ന വാഹനങ്ങളുമാണ്. വാന്‍കുവറില്‍ എത്തിയപ്പോള്‍ സ്റ്റാൻലിപാര്‍ക്കിലും ചുറ്റും പഞ്ചാബികളുടെ നിര. ഇതു കാനഡയാണോ പഞ്ചാബാണോ എന്ന സംശയമുണ്ടായി. അപ്പോഴാണ് കൂടെയുണ്ടായിരുന്ന ഭാര്യ ജ്യോതിയുടെ സഹോദരി ദീപയും ഭര്‍ത്താവ് വര്‍ഗീസ് ചക്കാലക്കലും ആ വസ്തുത പറഞ്ഞത്. കാനഡയില്‍ ഏറ്റവുമധികം പഞ്ചാബ് സിഖ് വംശജര്‍ താമസിക്കുന്നത് ബ്രിട്ടീഷ് കൊളംബിയ പ്രൊവിന്‍സിലും , അതില്‍ നഗരമായ വാന്‍കുവറിലുമാണ്.

justin trudeau and indian farmers protest

അമേരിക്കയില്‍ വലതുവശം ചേര്‍ന്നാണ് വാഹനം ഓടിക്കുന്നതെങ്കില്‍ ബ്രിട്ടീഷ് കോളനിയായിരുന്ന കാനഡയില്‍ ഇന്ത്യയിലേതുപോലെ ഇടതുവശം ചേര്‍ന്നാണ് വാഹനം ഓടുന്നത്. പിന്നീട് ബ്രിട്ടീഷ് കൊളംബിയയും അതിലെ നഗരങ്ങളായ വാന്‍കുവറും വിക്ടോറിയയും എന്നും ശ്രദ്ധയില്‍ പെട്ടിരുന്നു. പിന്നീട് , വാന്‍കുവര്‍ ശ്രദ്ധയില്‍ വന്നത് അവിടെ നിന്ന് 2015 ല്‍ ജയിച്ച പഞ്ചാബ് സിഖ് എം.പി ഹര്‍ജിത് സജ്ജൻ കാനഡയില്‍ ദേശീയ പ്രതിരോധമന്ത്രിയായി എന്ന വാര്‍ത്ത വന്നപ്പോഴാണ്.

justin trudeau and indian farmers protest

അഞ്ചാം വയസില്‍ മാതാപിതാക്കളോടോപ്പം വാന്‍കുവറിലെത്തിയ ഹര്‍ജിത് പൊലീസ് ഓഫിസറും, കനേഡിയന്‍ പട്ടാളത്തില്‍ ലഫ്. ജനറലുമായ ശേഷമാണ് രാഷ്ട്രീയത്തില്‍ ഇറങ്ങി എംപിയും മന്ത്രിയുമൊക്കെ ആയത്.

പ്രതിരോധ മന്ത്രിയായിരിക്കെ ഹ​ർജിത് 2017 ൽ ഇന്ത്യ സന്ദർശിച്ചപ്പോൾ തന്റെ ജന്മദേശമായ പ‍ഞ്ചാബിലും എത്തിയത് ഓർക്കുന്നു. അന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിം​ഗ് കനേഡിയൻ പ്രതിരോധമന്ത്രിയെ കാണാൻ വിസമ്മതിച്ചതായിരുന്നു വാർത്ത. ഖാലിസ്ഥാൻ വാദികളുമായി ഹർജിത്തിന് ബന്ധമുണ്ടെന്നായിരുന്നു മുൻ ഇന്ത്യൻ സൈനിക ഓഫിസറായ അമരീന്ദറിന്റെ ആക്ഷേപം.

എന്തായാലും 2015 ലെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ മന്ത്രിസഭയിൽ നാല് സിഖ് മന്ത്രിമാരും പാർലമെന്റിൽ ഇരുപത് സിഖ് എംപിമാരുമുണ്ടായിരുന്നു. ഇപ്പോഴും സ്ഥിതി വ്യത്യസ്തമല്ല. ജസ്റ്റിൻ ട്രൂഡോ ഇന്ത്യൻ കർഷക പ്രക്ഷോഭത്തിൽ പിന്തുണ പ്രഖ്യാപിച്ചത് ഈ പശ്ചാത്തലത്തിൽ കാണണം.

justin trudeau and indian farmers protest

ഇതേ തുടർന്ന് ഇന്ത്യയുടെ പ്രതികരണം കടുത്തതായിരുന്നു. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ കാനഡ ഇടപെടേണ്ടതില്ലെന്ന് മുന്നറിയിപ്പ് നൽകിയ ഇന്ത്യ, ഡൽഹിയിൽ കനേഡിയൻ ഹൈക്കമ്മീഷണർ നദീർ‌ പട്ടേലിനെ വിളിച്ചു വരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചു. അതുകൊണ്ടും തീർന്നില്ല, കാനഡയിൽ കൊവിഡിനെ നേരിടാൻ നടക്കുന്ന വിദേശകാര്യ മന്ത്രിമാരുടെ യോ​ഗം ബഹിഷ്കരിക്കാൻ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ തീരുമാനിച്ചു. എന്നിട്ടും കാനഡയും ജസ്റ്റിൻ ട്രൂഡോയും കുലുങ്ങിയില്ല.

ചൈനയുമായി കാനഡ ഇടഞ്ഞു നിൽക്കേ, ഇന്ത്യയും കാനഡയും തമ്മിൽ ബന്ധം വഷളാകുന്നത് ​ഗുണകരമല്ല എന്നുവാദിക്കുന്നവരുണ്ട്. കാനഡയിൽ പുതുതായി കുടിയേറുന്ന വിദേശികളിൽ 25 ശതമാനവും ഇന്ത്യക്കാരാണുതാനും. അടുത്ത വർഷങ്ങളിൽ ലക്ഷക്കണക്കിന് വിദേശികളെ കാനഡ ഔദ്യോ​ഗികമായി ജോലിക്കും സ്ഥിര താമസത്തിനുമായി ക്ഷണിച്ചിട്ടുണ്ട്. പഠന സൗകര്യങ്ങൾ വേറെ. എന്തായാലും, ഇന്ത്യൻ കർഷകർക്ക് കാനഡ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നിൽ വോട്ടു ബാങ്ക് രാഷ്ട്രീയമുണ്ടെന്ന് വ്യക്തം.

ഏഴു ലക്ഷത്തിലേറെ വരുന്ന സിഖ് സമുദായം കാനഡയിൽ രാഷ്ട്രീയത്തിലും കൃഷിയിലും വലിയ സ്വാധീന ശക്തിയുള്ള ന്യൂനപക്ഷമാണ്. കാനഡയുടെ ജന സംഖ്യയിൽ രണ്ടു ശതമാനത്തോളം വരും. കാനഡയിൽ പതിനെട്ട് സിഖ് നേതാക്കൾ പാർലമെന്റ് അം​ഗങ്ങളാണ്.

justin trudeau and indian farmers protest

ഇതിൽ നാലുപേർ കാബിനറ്റ് റാങ്കുള്ള മന്തിമാരും വരും. ഇന്ത്യയിൽ സിഖ് എംപിമാരുടെ എണ്ണം പതിമൂന്നാണെന്ന് ഓർക്കണം. കാനഡയിലെ സിഖ് മന്ത്രിമാർ ഇന്ത്യയിൽ ഉള്ളതിനേക്കാൾ കൂടുതലാണ്. കാനഡയിൽ സ്ഥിര താമസമാക്കിയ സിഖുകാരിൽ ഭൂരിപക്ഷവും ജാട്ട് വിഭാ​ഗത്തിൽപെട്ടവരാണ്. ഇന്ത്യയിൽ കർഷക പ്രക്ഷോഭം നടത്തുന്നവരിൽ ഭൂരിപക്ഷവും ജാട്ട് വിഭാ​ഗക്കാർ തന്നെ.

justin trudeau and indian farmers protest

പഞ്ചാബിലെ പതിനായിരക്കണക്കിന് കുടുംബങ്ങളിൽ നിന്ന് കാനഡയിൽ സ്ഥിര താമസമാക്കിയവരുണ്ട്. ഇന്ത്യൻ കർഷക പ്രക്ഷോഭത്തിൽ ടിയർ ​ഗ്യാസും ലാത്തിച്ചാർജും ഏറ്റവരിൽ ഒരുപാടുപേരുടെ ബന്ധുക്കളാണ് കാനഡയിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രതിഷേധിക്കാൻ ഇറങ്ങിയത്.

കർഷക പ്രക്ഷോഭത്തിന് ആദ്യം പിന്തുണ പ്രഖ്യാപിച്ചത് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയല്ല. അതിന് മുൻപേ, പ്രതിപക്ഷത്തുള്ള കൺസർവേറ്റീവ് പാർട്ടിയും എൻഡിപിയും ഇന്ത്യൻ കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സ്വാഭാവികമായും ട്രൂഡോയുടെ മേൽ സമ്മർദമേറി. കാനഡയിലെ ​ഗുരുനാനാക്ക് ആഘോഷങ്ങളുടെ ഭാ​ഗമായി നടന്ന ​ഗുരുപുരാബ് വരെ ട്രൂഡോ കാത്തിരുന്നു. ആ സമ്മേളനത്തിലാണ് ഇന്ത്യൻ കർഷകർക്ക് ട്രൂഡോ പിന്തുണ പ്രഖ്യാപിച്ചതും വിവാദത്തിലായതും.

justin trudeau and indian farmers protest

ജനാധിപത്യ പ്രക്ഷോഭങ്ങളിൽ പരസ്യമായി നിലപാടെടുക്കുന്ന ജസ്റ്റിൻ ട്രൂഡോ, വിവാദങ്ങളിൽ ചെന്ന് ചാടാറുമുണ്ട്. അടുത്തിടെ, അമേരിക്കയിൽ കറുത്ത വംശജർ നടത്തിയ ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ പ്രക്ഷോഭത്തിന് ട്രൂഡോ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതേ ചൊല്ലി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഇടഞ്ഞു. അമേരിക്കയും കാനഡയും തമ്മിലുള്ള ബന്ധം വഷളാവുന്നതിൽ വരെ കാര്യങ്ങൾ എത്തി.

justin trudeau and indian farmers protest

മ്യാൻമറിൽ ന്യൂനപക്ഷമായ റോ​ഗിം​ഗ്യൻ മുസ്ലിംകൾക്കും, ചൈനയിൽ ഉയ്കർ മുസ്ലിംകൾക്കും പിന്തുണ പ്രഖ്യാപിച്ച്, മനുഷ്യാവകാശ ലംഘനങ്ങളിൽ കൈവിട്ട് പ്രതികരിക്കുന്ന നേതാവിന്റെ പ്രതിച്ഛായയാണ് ട്രൂഡോയ്ക്കുള്ളത്.

കാനഡയിലെ ഖാലിസ്ഥാൻ വാദികൾക്കെതിരെ നടപടിയെടുക്കണമെന്ന ഇന്ത്യയുടെ നിരന്തരമായ ആവശ്യം ചെവികൊള്ളാൻ തയാറായിട്ടില്ല. ഖാലിസ്ഥാൻ വാദികൾക്കും സിഖ് ഭീകരർക്കും കാനഡ അഭയം നൽകി എന്ന പേരിൽ ഇന്ദിരാ​ഗാന്ധിയുടെ കാലം മുതൽ ഇന്ത്യയുമായുള്ള ബന്ധത്തിൽ വിള്ളൽ സംഭവച്ചിരുന്നു. ഒടുവിൽ 2018 ൽ പ്രധാനമന്ത്രി എന്ന നിലയിൽ തന്നെ ജസ്റ്റിൻ ട്രൂഡോ ഇന്ത്യ സന്ദർശിച്ചപ്പോൾ മഞ്ഞുരുകുമെന്ന് കരുതിയതാണ്. എന്നാൽ ട്രൂഡോയ്ക്ക് ലഭിച്ച സ്വീകരണം തണുത്തതായിരുന്നു. ഖാലിസ്ഥാൻ വാദികളെ പിന്തുണയ്ക്കുന്ന നയത്തിൽ നിന്ന് പിന്നോട്ട് പോകണമെന്ന് ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തു.

justin trudeau and indian farmers protest

യുഎൻ രക്ഷാസമിതിയിൽ സ്ഥിരാം​ഗത്വം തേടിക്കൊണ്ടിരുന്ന ഇന്ത്യയെ അമ്പരിപ്പിച്ചുകൊണ്ട് ഈ സ്ഥാനത്തിന് വേണ്ടി കാനഡയെ പിന്തുണയ്ക്കണമെന്ന് കനേഡിയൻ പ്രധാനമന്ത്രി നിർദേശം വച്ചു. ഈ നിർദേശം ഇന്ത്യ അപ്പാടെ തള്ളി. ഇതോടെ കുറച്ചുകാലമായി ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം ഊഷ്മളമായിരുന്നില്ല.

ഇന്ത്യയും- ചൈനയും തമ്മിൽ കൊമ്പുകോർത്ത് നിൽക്കേ, ഇന്ത്യയും കാനഡയും പൊതു താത്പര്യം കണക്കിലെടുത്ത് ഒത്തുതീർപ്പിൽ എത്തണം എന്ന വാദം ശക്തമാവുന്നുണ്ട്.

ജോ ബൈഡന്റെ അമേരിക്കയും, യൂറോപ്യൻ രാജ്യങ്ങളും ഈ അഭിപ്രായ​ഗതിക്കാരാണ്. ഇൻഡോ-പസഫിക് നയത്തിന്റെ പേരിൽ സ്ക്വാഡ് രൂപീകരിച്ച് ഇന്ത്യയും അമേരിക്കയും ഓസ്ട്രേലിയയും ജപ്പാനും ചേർന്ന് ചൈനയെ നേരിടുകയാണ്. ചൈനയെ മാറ്റി നിർത്തി ലോകമെമ്പാടും ബദൽ വിതരണ ശൃംഖലയ്ക്ക് നേതൃത്വം നൽകാനും ഇന്ത്യ ആലോചിക്കുന്നു. ഇന്ത്യൻ സമൂഹത്തിന് ഏറെ സ്വാധീനമുള്ള കാനഡയെ പിന്നെ എന്തിന് മാറ്റി നിർത്തണം. ഇന്ത്യയിലെ കർഷക സമരം ഇന്നല്ലെങ്കിൽ നാളെ തീരും. നയതന്ത്രതല രാഷ്ട്രീയത്തിലും നിതാന്തമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ലെന്നല്ലേ പൊതു തത്വം.

യുഎസിലെ ഫോർട്ട് ഏഞ്ചലീസിൽ നിന്ന് കാനഡയിലെ വിക്ടോറിയയിലേക്ക് ചെറിയ കപ്പലിലാണ് യാത്ര പോയത്. ബ്ലാക്ക് ബോൾ ഫെറി ലൈനിൽ തൊണ്ണൂറ് മിനിറ്റായിരുന്നു യാത്ര. ഇപ്പോൾ കൊവിഡ് കാരണം മാർച്ച് മുതൽ ഈ ചരിത്ര പാത പൂട്ടിയിട്ടിരിക്കുകയാണ്. കപ്പലിലുണ്ടായിരുന്ന സിഖുകാരൻ പരമീന്ദർ സിം​ഗ് പറഞ്ഞ വാക്കുകൾ ഓർക്കുന്നു, ‘ഇന്ത്യയെ കുറിച്ച് അഭിമാനം കൊള്ളുന്നവരാണ് ഞങ്ങൾ. ഒര ചെറിയ വിഭാ​ഗം ചിലരുടെ പ്രവൃത്തി മൂലം ഞങ്ങളെയെല്ലാം വിഘടനവാദികളായാണ് ചില രാഷ്ട്രീയ നേതാക്കൾ കാണുന്നത്. ഇത് ശരിയല്ല’. പരമീന്ദറിന്റെ മുഖം ഇപ്പോഴും ഓർമയിലുണ്ട്…

Story Highlights justin trudeau and indian farmers protest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top