കള്ളവോട്ട് തടയണം; കണ്ണൂരിലെ 100ല്‍ അധികം പ്രവാസികള്‍ ഹൈക്കോടതിയില്‍

കള്ളവോട്ട് തടയണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ പട്ടുവം പഞ്ചായത്തിലെ 100ലേറെ പ്രവാസികള്‍ ഹൈക്കോടതിയെ സമീപിച്ചു. വോട്ട് ചെയ്യാന്‍ എത്താന്‍ കഴിയാത്തവരാണ് ഹര്‍ജി നല്‍കിയത്. വോട്ട് ചെയ്യാന്‍ സംരക്ഷണം ആവശ്യപ്പെട്ട് യുഡിഎഫും കോടതിയെ സമീപിച്ചിട്ടുണ്ട്.
പട്ടുവം പഞ്ചായത്തിലെ വോട്ടര്‍ പട്ടികയില്‍ പേരുള്ള 116 പ്രവാസികളാണ് ഹൈക്കോടതിയെ സമീപിച്ചത്. നാട്ടില്‍ വോട്ട് ചെയ്യാനായി എത്താന്‍ കഴിയാത്ത ഇവരുടെ പേരില്‍ മറ്റാരെങ്കിലും കള്ളവോട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് ഹര്‍ജി.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇവരുടെ വോട്ടുകള്‍ ആള്‍മാറാട്ടത്തിലൂടെ മറ്റ് ചിലര്‍ ചെയ്തിട്ടുണ്ടെന്നും ഇത്തവണ കള്ളവോട്ട് അനുവദിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട വിവരാവകാശ രേഖകളും വോട്ട് ചെയ്യാന്‍ നാട്ടിലെത്തില്ലെന്ന സത്യവാങ്മൂലവും ഹര്‍ജിക്കൊപ്പം പ്രവാസികള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
Read Also : ജോ ബൈഡൻ ജയത്തിനരികെ; കള്ളവോട്ട് ആരോപിച്ച് ട്രംപ് കോടതിയിൽ
യുഎഇ, കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിലുള്ള പ്രവാസികളാണ് ഹര്‍ജി നല്‍കിയത്. ഇതിന് പുറമെ വോട്ട് ചെയ്യാന്‍ കഴിയാത്ത 16 രോഗികളും വൃദ്ധരും കള്ളവോട്ട് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
പഞ്ചായത്തിലെ മൂന്ന് ബൂത്തുകളില്‍ പ്രത്യേക സംരക്ഷണം ആവശ്യപ്പെട്ട് യുഡിഎഫും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പട്ടുവത്തെ വിവിധ ബൂത്തുകളില്‍ സംഘര്‍ഷമുണ്ടായിരുന്നു. നാട്ടിലില്ലാത്ത പ്രവാസികളുടെ വോട്ടുകള്‍ മറ്റ് ചിലര്‍ ചെയ്തതായും ആരോപണമുയര്‍ന്നിരുന്നു.
Story Highlights – local body election, fake vote, kannur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here