2016 ല്‍ ബൈക്ക് മോഷ്ടിച്ചു: 2020 ല്‍ അറസ്റ്റില്‍; പൊലീസ് പിടിയിലായത് നിരവധി ബൈക്ക് മോഷണക്കേസുകളിലെ പ്രതി

നിരവധി ബൈക്ക് മോഷണക്കേസുകളിലെ പ്രതി പിടിയില്‍. മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും ബൈക്ക് മോഷണം നടത്തിയ പ്രതി പിടിയിലായതായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ അറിയിച്ചു. കാട്ടാക്കട കീഴാറൂര്‍ ആര്യങ്കോട് മൂന്നാറ്റുമുക്ക് പാറക്കടവ് മണ്ണടി വീട്ടില്‍ മനോജ് കുമാര്‍ (28)നെയാണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.

മാണിക്കല്‍ ഇടത്തറ കളിവിളാകത്ത് വീട്ടില്‍ സോംലാലിന്റെ ബൈക്ക് 2016 ല്‍ മുറിഞ്ഞപാലം പൊട്ടക്കുഴി ഭാഗത്ത് നിന്നും മോഷണം പോയ കേസിലാണ് പ്രതി പിടിയിലായത്. 2016 ല്‍ മോഷണം പോയ ബൈക്കിനെക്കുറിച്ച് മെഡിക്കല്‍ കോളജ് പൊലീസ് പുനരന്വേഷണം നടത്തുകയും, വാഹനനമ്പര്‍ ആര്‍ടിഒ സൈറ്റില്‍ പരിശോധിച്ചതില്‍ നിലവില്‍ ഒരാള്‍ ഉപയോഗിച്ചു വരുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നിലവിലുള്ള ഉടമസ്ഥര്‍ മോഷണവാഹനമാണെന്ന് അറിയാതെ മനോജില്‍ നിന്നും വാങ്ങി ഉപയോഗിക്കുകയായിരുന്നു എന്ന് മനസിലാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കള്ളിക്കാട് വീരണകാവ് ഭാഗത്ത് നിന്നും മെഡിക്കല്‍ കോളജ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ സിറ്റിയിലെ മെഡിക്കല്‍ കോളജ്, മ്യൂസിയം, കന്റോണ്‍മെന്റ് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ മോഷണക്കേസുകള്‍ നിലവിലുണ്ട്.

തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഡോ.ദിവ്യ വി.ഗോപിനാഥിന്റെ പ്രത്യേക നിര്‍ദ്ദേശാനുസരണം തെളിയാതെ കിടന്ന കേസുകള്‍ പുനരന്വേഷണം നടത്തുന്നതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലെ പഴയ വാഹനമോഷണക്കേസ് തെളിയിക്കപ്പെട്ടത്. മെഡിക്കല്‍ കോളജ് എസ്എച്ച്ഒ ഹരിലാല്‍, എസ്‌ഐമാരായ പ്രശാന്ത്, വിജയബാബു, എസ്‌സിപിഒമാരായ രഞ്ജിത്, ജ്യോതി കെ.നായര്‍, സിപിഒമാരായ പ്രതാപന്‍, നൗഫല്‍ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്.

Story Highlights Police arrested accused in several bike theft cases

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top