Advertisement

ശിവഗിരി തീര്‍ത്ഥാടനത്തിന് ഒരുക്കം തുടങ്ങി; തീര്‍ത്ഥാടകരുടെ എണ്ണം കുറയ്ക്കും; കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍

December 11, 2020
Google News 2 minutes Read
sivagiri

എണ്‍പത്തിയെട്ടാമത് ശിവഗിരി തീര്‍ത്ഥാടനത്തിനുള്ള ഒരുക്കം തുടങ്ങി. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഇക്കുറി തീര്‍ത്ഥാടനം. വലിയ തിരക്ക് ഒഴിവാക്കുന്നതിനായി പ്രതിദിനം ആയിരത്തില്‍ താഴെ തീര്‍ത്ഥാടകരെ മാത്രമേ ശിവഗിരിയിലേക്കു പ്രവേശിപ്പിക്കൂ.

ഡിസംബര്‍ 30, 31, ജനുവരി ഒന്ന് തീയതികളില്‍ വിര്‍ച്വല്‍ തീര്‍ത്ഥാടനമായിട്ടാകും ഇത്തവണത്തെ ശിവഗിരി തീര്‍ത്ഥാടനം നടത്തുകയെന്ന് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ മഠം അധികൃതര്‍ അറിയിച്ചു. മുന്‍കാലങ്ങളില്‍ നടന്നിരുന്ന വലിയ സമ്മേളനങ്ങളും പരിപാടികളും ഇത്തവണ ഉണ്ടാകില്ല. പ്രമുഖരുടെ പ്രസംഗങ്ങളും ക്ലാസുകളും ഡിസംബര്‍ 25 മുതല്‍ ശിവഗിരി ടിവിയിലൂടെ ഓണ്‍ലൈനായി സംപ്രേഷണം ചെയ്യും. ശിവഗിരിയിലും പരിസരത്തും തീര്‍ത്ഥാടകര്‍ കൂട്ടംകൂടുന്നത് ഒഴിവാക്കാന്‍ മേളകളും കച്ചവട സ്റ്റാളുകളും അനുവദിക്കില്ല. അന്നദാനവും തീര്‍ത്ഥാടകര്‍ക്കു ശിവഗിരിയില്‍ താമസിക്കാനുള്ള സൗകര്യവും ഉണ്ടാകില്ല.

ശിവഗിരിയിലേക്കു വരുന്ന തീര്‍ത്ഥാടകര്‍ മുന്‍കാലങ്ങളിലുള്ളതുപോലെ വലിയ സംഘങ്ങളായി എത്തുന്നത് ഇത്തവണ ഒഴിവാക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് വി.ആര്‍. വിനോദ് പറഞ്ഞു. ആയിരം പേരില്‍ താഴെ ആളുകളെ മാത്രമേ ശിവഗിരിയിലേക്കു പ്രവേശിപ്പിക്കൂ. ആളുകള്‍ കൂട്ടംകൂടുന്നത് അനുവദിക്കില്ല. പൊതു പരിപാടികള്‍ നടത്തുകയാണെങ്കില്‍ ഹാളിന്റെ വലിപ്പത്തിന്റെ 50 ശതമാനത്തില്‍ താഴെ ആളുകളെ മാത്രമേ അനുവദിക്കൂ. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് മഠം അധികൃതര്‍ തീര്‍ത്ഥാടകര്‍ക്കു പ്രത്യേക അറിയിപ്പു നല്‍കണം.

തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി പതിവ് സ്‌പെഷ്യല്‍ ബസ്, ട്രെയിന്‍ സര്‍വീസുകള്‍ എന്നിവ ഇത്തവണ ഉണ്ടാകില്ല. തീര്‍ത്ഥാടകരായെത്തുന്ന മുഴുവന്‍ ആളുകള്‍ക്കും കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തണം. ഇതിനായി സാനിറ്റൈസര്‍, ശരീരോഷ്മാവ് പരിശോധിക്കുന്നതിനുള്ള തെര്‍മല്‍ സ്‌കാനറുകള്‍ തുടങ്ങിയവ ഒരുക്കണം. കൈകള്‍ വൃത്തിയാക്കുന്നതിന് മഠത്തിന്റെയും ശിവഗിരിയുടെ മറ്റു ഭാഗങ്ങളിലും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണം. വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ തീര്‍ഥാടകര്‍ക്ക് ആവശ്യമായ മരുന്നും മറ്റു സജ്ജീകരണങ്ങളും ഒരുക്കുന്നതിന് ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തി.

തീര്‍ത്ഥാടനത്തിനു മുന്നോടിയായി കുളിക്കടവുകള്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. വര്‍ക്കല മുനിസിപ്പാലിറ്റിയും ജലവിഭവ വകുപ്പും ഇതിനു പ്രത്യേക തയാറെടുപ്പുകള്‍ നടത്തണം. തീര്‍ഥാടകരുടെ ആവശ്യത്തിനായി താത്കാലിക ശുചിമുറികള്‍ സജ്ജമാക്കുന്നതിനും വര്‍ക്കല മുനിസിപ്പാലിറ്റി അധികൃതര്‍ക്കു നിര്‍ദേശം നല്‍കി. തീര്‍ഥാടനം ആരംഭിക്കുന്നതിനു മുന്‍പ് വഴിവിളക്കുകളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുന്നതിനും തടസമില്ലാത്ത രീതിയില്‍ വൈദ്യുതി ലഭ്യമാക്കുന്നതിനും കെഎസ്ഇബിക്കും നിര്‍ദേശം നല്‍കി.

Story Highlights Preparations for Sivagiri pilgrimage begin; Strict covid protocols

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here