സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍; ജയില്‍ വകുപ്പ് പറയുന്നത് തെറ്റെന്ന് സ്വപ്നയുടെ അഭിഭാഷകന്

ജയിലില്‍ ഭീഷണിയെന്ന സ്വര്‍ണക്കടത്ത് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ അഭിഭാഷകന് ട്വന്റിഫോറിനോട്. സ്വപ്ന പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് എഴുതി നല്‍കിയതെന്നും ജയില്‍ വകുപ്പ് പറയുന്നത് തെറ്റെന്നും സ്വപ്നയുടെ അഭിഭാഷകന് സൂരജ് ഇലഞ്ഞിക്കല്‍. കോടതിക്ക് ബോധ്യപ്പെട്ട കാര്യങ്ങളാണ് എഴുതി നല്‍കിയതെന്നും സൂരജ് ഇലഞ്ഞിക്കല്‍ പറഞ്ഞു. എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്നാണ് ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട്.
അട്ടക്കുളങ്ങര ജയിലില്‍ ഭീഷണിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന സ്വപ്നയുടെ നിലപാട് ഉദ്ധരിച്ചാണ് ഡിഐജിയുടെ കണ്ടെത്തല്‍. സ്വപ്നയെ പാര്‍പ്പിച്ച മറ്റ് ജയിലുകളിലെയടക്കം കാര്യങ്ങള്‍ പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദശിച്ചതായി ജയില്‍ മേധാവി ഋഷിരാജ് സിംഗ് പറഞ്ഞു.
Read Also : സ്വപ്നയേയും സരിത്തിനെയും ജയിലില്‍ ചോദ്യം ചെയ്യാന്‍ അനുമതി തേടി ഇഡി
സ്വര്‍ണക്കടത്തിലെ ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്നാവശ്യപ്പെട്ട് ജയിലില്‍ വെച്ച് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തിലാണ് ദക്ഷിണ മേഖല ജയില്‍ ഡിഐജി അജയകുമാര്‍ അന്വേഷണം നടത്തിയത്. ജയിലിലെത്തി ഡിഐജി നടത്തിയ വിവരശേഖരണത്തിനിടെ അട്ടക്കുളങ്ങര ജയിലില്‍ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നാണ് സ്വപ്നയെടുത്ത നിലപാട്. അഭിഭാഷകന് തെറ്റിദ്ധരിച്ചായിരിക്കാം അട്ടക്കുളങ്ങര ജയിലെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ തയാറാക്കിയത്. അപേക്ഷയില്‍ ഒപ്പിടുക മാത്രമാണ് താന്‍ ചെയ്തതെന്നും സ്വപ്ന പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍ കോടതിയില്‍ വാക്കാല്‍ പറഞ്ഞ കാര്യങ്ങളില്‍ വ്യക്തമായ മറുപടി സ്വപ്ന ഡിഐജിക്ക് നല്‍കിയിട്ടില്ല. ഡിഐജി റിപ്പോര്‍ട്ട് ജയില്‍ മേധാവിക്ക് കൈമാറി. ആരോപണത്തില്‍ വിശദമായ അന്വേഷണത്തിനാണ് ജയില്‍ ഡിജിപിയുടെ തീരുമാനം. ഇതിനായി സ്വപ്നയെ പാര്‍പ്പിച്ച മറ്റ് ജയിലുകള്‍ കേന്ദ്രീകരിച്ചും പരിശോധന നടന്ന് വരികയാണെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു. സ്വപ്ന രേഖാമൂലം ഇതുവരെ പരാതി നല്കാത്തതിനാല് വിശദമായ റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇത് സര്‍ക്കാരിന് കൈമാറാനാണ് ജയില്‍ വകുപ്പിന്റെ തീരുമാനം.
Story Highlights – swapna suresh, jail department, rishiraj singh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here