വയനാട്ടില്‍ കാപ്പി വിളവെടുപ്പിനെയും ബാധിച്ച് കൊവിഡ് പ്രതിസന്ധി; ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുവരുന്നതിന് നിയന്ത്രണം

കൊവിഡ് പ്രതിസന്ധി വയനാട്ടില്‍ കാപ്പി വിളവെടുപ്പിനേയും ബാധിക്കുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികളെ കൊണ്ടുവരുന്നതിനുള്ള നിയന്ത്രണമാണ് കാപ്പി വിളവെടുപ്പ് ആരംഭിക്കാനിരിക്കെ കര്‍ഷകര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്. കര്‍ണാടകയില്‍ നിന്ന് വരുന്ന തൊഴിലാളികള്‍ രണ്ടാഴ്ചയോളം ക്വാറന്റീനില്‍ കഴിയണമെന്ന നിര്‍ദേശമാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. വിളവെടുപ്പ് സമയമായിട്ടും കാപ്പിക്ക് വിലയില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുകയാണ്.
Read Also : കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ്; ചെലവിട്ടത് 10 ശതമാനത്തില്‍ താഴെ മാത്രം
വയനാട്ടില്‍ ഡിസംബര്‍ ആദ്യ വാരത്തില്‍ ആരംഭിക്കുന്ന കാപ്പി വിളവെടുപ്പ് ജനുവരി പകുതിയോടെയാണ് അവസാനിക്കുക. കാപ്പിക്കുരു പഴുത്ത് കഴിഞ്ഞാല്‍ അധികം വൈകാതെ ഇവ പറിച്ചെടുക്കണം. കര്‍ണാടകയില്‍ നിന്നുള്ള തൊഴിലാളികളായിരുന്നു വിളവെടുപ്പിന് വയനാട്ടിലേക്ക് എത്തിയിരുന്നത്. അന്‍പതും നൂറും പേര്‍ അടങ്ങുന്ന സംഘങ്ങള്‍ തോട്ടങ്ങളില്‍ താമസിച്ചായിരുന്നു കാപ്പി വിളവെടുത്തിരുന്നത്. ഇത്തവണ കൊവിഡ് തീര്‍ത്ത പ്രതിസന്ധി കാപ്പി വിളവെടുപ്പിനേയും ദോഷകരമായി ബാധിക്കുന്നുണ്ട്. മിക്കവാറും തോട്ടങ്ങളില്‍ കാപ്പിക്കുരു പഴുത്ത് കഴിഞ്ഞെങ്കിലും കര്‍ണാടകയില്‍ നിന്ന് തൊഴിലാളികള്‍ ഇനിയും ജില്ലയിലെത്തിയിട്ടില്ല. സംസ്ഥാനം കടന്ന് വരുമ്പോള്‍ ക്വാറന്റീനില്‍ പ്രവേശിക്കണമെന്നതിനാല്‍ തൊഴിലാളികള്‍ പലരും ജില്ല കടക്കാന്‍ തയാറാകുന്നില്ല.
കര്‍ണാടകയില്‍ നിന്നുള്ള പതിവ് ജോലിക്കാരെ ജില്ലയിലെത്തിക്കുമ്പോള്‍ രണ്ടാഴ്ചയെങ്കിലും ഇവരെ ക്വാറന്റീനില്‍ നിലനിര്‍ത്തേണ്ട ഉത്തരവാദിത്തം കൂടി കര്‍ഷകര്‍ക്കുണ്ടാകും. ഇതിന് പുറമേ വിലത്തകര്‍ച്ചയും പ്രതിസന്ധിയാകുന്നുണ്ട്. നിലവില്‍ ഉണ്ട കാപ്പി ചാക്കിന് 3,750 രൂപയാണ് വില. ഉത്പാദന കുറവാണ് മറ്റൊരു പ്രതിസന്ധി. പ്രളയത്തിന് ശേഷം ഇനിയും ഉത്പാദനം സാധാരണനിലയിലേക്ക് എത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ഏതാണ്ട് 30 ശതമാനത്തിലേറെ ഉത്പാദന കുറവാണ് നേരിട്ടത്. ഇത്തവണയും സമാനമായ നിലയില്‍ ഉത്പാദന കുറവ് നേരിട്ടേക്കാമെന്നാണ് കര്‍ഷകരുടെ കണക്കുകൂട്ടല്‍.
Story Highlights – farmers, coffee, wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here