പ്രായം മാനദണ്ഡമാക്കി പാര്‍ട്ടിയില്‍ നിയന്ത്രണം കൊണ്ടുവരാന്‍ കോണ്‍ഗ്രസ്

sonia gandhi step out as temporary president soon

പ്രായം മാനദണ്ഡമാക്കിയ നിയന്ത്രണങ്ങള്‍ പാര്‍ട്ടിയില്‍ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം. സംഘടനാപരമായി പാര്‍ട്ടിയെ ശക്തമാക്കുന്ന വിവിധ നിര്‍ദേശങ്ങളുടെ ഭാഗമായി നേതാക്കളുടെ ‘സ്വയം വിരമിക്കല്‍’ പ്രഖ്യാപനം സാധ്യമാക്കാനാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നടപടി.

കൂടുതല്‍ യുവാക്കളെ പാര്‍ട്ടിയില്‍ എത്തിക്കാനും നേതൃനിരയില്‍ അണിനിരത്താനും സാധിച്ചാല്‍ ദേശീയ തലത്തില്‍ പാര്‍ട്ടിക്ക് തിരിച്ച് വരാന്‍ സാധിക്കും എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തിലെ ചുവട് വയ്പ്. വിശ്രമിക്കാന്‍ തയാറാവുകയാണെന്ന കമല്‍ നാഥിന്റെ പ്രസ്താവന ഇതിന്റെ തുടക്കമാണ്.

Read Also : കോണ്‍ഗ്രസ് പലയിടത്തും അപ്രസക്തം: വി മുരളീധരന്‍

തുടര്‍ച്ചയായ പരാജയങ്ങള്‍ രുചിച്ചിട്ടും ഘടനയില്‍ കോണ്‍ഗ്രസ് ദേശീയ നേത്യത്വം 2014ലെ അതേ അവസ്ഥയിലാണ്. പാര്‍ട്ടി ഇതുവരെ നടത്തിയ ആലോചനകളും പരിശോധനകളും എല്ലാം യുവാക്കളില്‍ പ്രതീക്ഷ അര്‍പ്പിക്കാന്‍ നിര്‍ദേശിക്കുന്നു. പക്ഷേ ഈ റിപ്പോര്‍ട്ടുകളും തീരുമാനങ്ങളും എല്ലാം ഫ്രീസറില്‍ തന്നെ ആണ് ഇപ്പോഴും.

പുതിയ സാഹചര്യത്തില്‍ മാറ്റം അനിവാര്യമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് ബോധ്യപ്പെട്ടതായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. യുവാക്കളെ കൂടുതലായി പാര്‍ട്ടി നേതൃത്വത്തിലേക്ക് എത്തിക്കാനുള്ള കര്‍മ പരിപാടികള്‍ അധ്യക്ഷ സോണിയാ ഗാന്ധി പ്രവര്‍ത്തക സമിതിക്ക് മുന്നില്‍ എറെ താമസിയാതെ വയ്ക്കും. നേതാക്കളെ കൊണ്ട് സ്വയം വിരമിക്കല്‍ പ്രഖ്യാപനം നടത്തുകയാണ് ലക്ഷ്യം.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനൊപ്പം പ്രായ നിബന്ധനകള്‍ പാലിക്കുന്ന വിധത്തില്‍ പുതിയ ദേശീയ നേത്യത്വത്തെയും അവതരിപ്പിക്കാനാണ് ഇപ്പോഴത്തെ അലോചന. ഇതിന്റെ ഭാഗമായി മുതിര്‍ന്ന നേതാക്കളില്‍ പലരോടും ഇനി വിശ്രമിച്ച് കൊള്ളാന്‍ സോണിയാ ഗാന്ധി തന്നെ സൂചിപ്പിച്ച് തുടങ്ങുകയും ചെയ്തിട്ടുണ്ട്.

മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് രാഷ്ട്രീയ ജീവിതത്തില്‍ നിന്നും പിന്‍വാങ്ങുന്നതായി കഴിഞ്ഞ ദിവസം നല്‍കിയ പ്രസ്താവനയുടെ ചുവട് പിടിച്ച് കൂടുതല്‍ നേതാക്കള്‍ സ്വയം വിരമിക്കല്‍ പ്രഖ്യാപിക്കും എന്ന് സോണിയാ ഗാന്ധി കരുതിയിരുന്നു. തീരുമാനം നടപ്പാക്കാന്‍ വെല്ലുവിളികള്‍ നേതൃത്വം നേരിടേണ്ടി വരും എന്നതിന്റെ സൂചനയാണ് ഇത് ഉണ്ടാകാത്തത്. പ്രായം 70 കഴിഞ്ഞത് രാഷ്ട്രീയ വനവാസം നിര്‍ബന്ധപൂര്‍വ്വം കല്‍പിക്കാന്‍ കാരണമല്ലെന്ന അഭിപ്രായം ഒരു വിഭാഗം നേതാക്കള്‍ വ്യക്തമാക്കി. എന്നാല്‍ തീരുമാനം നടപ്പാക്കാന്‍ തന്റെ സ്വയം വിരമിക്കല്‍ സോണിയാ ഗാന്ധി പ്രഖ്യാപിച്ച് തുടക്കമിടും എന്നാണ് വിവരം.

Story Highlights – congress, age limit

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top