വിമതര്‍ അട്ടിമറിക്കുമോ? വോട്ട് ബാങ്ക് വര്‍ധിപ്പിച്ച് ബിജെപി; പത്തനംതിട്ടയില്‍ മുന്നണികള്‍ക്ക് കടുത്ത പോരാട്ടം

വിമതരാണ് പത്തനംതിട്ട ജില്ലയില്‍ മുന്നണികളുടെ പ്രതീക്ഷകള്‍ക്ക് ചെറുതായെങ്കിലും വെല്ലുവിളിയുയര്‍ത്തുന്നത്. ഒപ്പം ബിജെപിയുടെ വോട്ടിംഗ് വോട്ട് ബാങ്കിലുണ്ടായ വളര്‍ച്ചയും എല്‍ഡിഎഫ് – യുഡിഎഫ് മുന്നണികള്‍ക്ക് പത്തനംതിട്ടയില്‍ ഭീഷണിയാകുന്നുണ്ട്. 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം എന്നതായിരുന്നു പത്തനംതിട്ടയിലെ സ്ഥിതി. അതേ അവസ്ഥ ഇത്തവണയും ഉണ്ടാകുമോയെന്നതാണ് ആകാംക്ഷയ്ക്ക് ശക്തി പകരുന്നത്. 2015 ല്‍ ജില്ലാ പഞ്ചായത്തിലെ 16 ഡിവിഷനുകളില്‍ 11 ലും യുഡിഎഫ് ആണ് വിജയിച്ചത്. എട്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ അഞ്ചിലും യുഡിഎഫ് അധികാരത്തിലെത്തി. 53 ഗ്രാമപഞ്ചായത്തുകളില്‍ 25 ല്‍ എല്‍ഡിഎഫും 21 ല്‍ യുഡിഎഫും അധികാരം നേടിയിരുന്നു. മൂന്നിടത്ത് ബിജെപിയും അധികാരത്തിലെത്തി.

വോട്ട് ബാങ്ക് വര്‍ധിപ്പിച്ച് ബിജെപി

പത്തംതിട്ടയില്‍ ബിജെപി വോട്ട്ബാങ്ക് വര്‍ധിപ്പിച്ചുവെന്നതാണ് മുന്‍ വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ നിന്ന് ഇത്തവണത്തേത് വ്യത്യസ്തമാക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ പലയിടത്തും കുറഞ്ഞ വോട്ടിംഗ് ശതമാനത്തിലാണ് മുന്നണി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. അതേ സ്ഥിതി വിശേഷം തന്നെ ഇത്തവണയും ഉണ്ടായാല്‍ ജില്ലയിലെ ഫലം ആകെ മാറി മറിയും. ബിജെപി ജില്ലയില്‍ വച്ചുപുലര്‍ത്തുന്ന പ്രതീക്ഷയും ഇതുതന്നെയാണ്. ബിഡിജെഎസ് പിന്തുണയിലും എന്‍ഡിഎയ്ക്ക് പ്രതീക്ഷയുണ്ട്.

വിമതന്മാരുടെ ശല്യം

സ്ഥാനാര്‍ത്ഥി നിര്‍ണയം മുതലുണ്ടായ തര്‍ക്കങ്ങള്‍ യുഡിഎഫ് – എല്‍ഡിഎഫ് മുന്നണികളെ പത്തനംതിട്ടയില്‍ വലച്ചിരുന്നു. വിമതശല്യം കൂടുതല്‍ നേരിടുന്നത് യുഡിഎഫാണ്. ഘടകക്ഷികള്‍ക്ക് നല്‍കിയ സീറ്റുകളില്‍ കോണ്‍ഗ്രസുകാര്‍ വിമതരായി എത്തിയിട്ടുണ്ട്. ഘടകക്ഷികള്‍ തന്നെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്ന സ്ഥലങ്ങളുമുണ്ട്. എല്‍ഡിഎഫിലും ഇതേ സ്ഥിതി തന്നെയാണ്. സിപിഐഎം, സിപിഐ കക്ഷികള്‍ പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ കോഴഞ്ചേരിയില്‍ പല വാര്‍ഡുകളിലും മത്സരിക്കുന്നുണ്ട്.

പോളിംഗ് ശതമാനത്തില്‍ ആശ്വസിച്ച് മുന്നണികള്‍

പത്തനംതിട്ടയില്‍ പോളിംഗ് ശതമാനത്തില്‍ ആശ്വസത്തിലാണ് മുന്നണികള്‍. 69.75 ശതമാനമാണ് ഇത്തവണത്ത വോട്ടിംഗ് ശതമാനം. 2015 ല്‍ ഇത് 72.54 ശതമാനമായിരുന്നു. ജില്ലയിലെ മേധാവിത്വം നില നിര്‍ത്തുമെന്നും പല വാര്‍ഡുകളിലും അട്ടിമറി വിജയം നേടുമെന്നുമാണ് യുഡിഎഫ് പ്രതീക്ഷ. എന്നാല്‍ പത്തനംതിട്ട നഗരസഭയിലടക്കം വന്‍ വിജയം നേടി മുന്നണി ആധിപത്യം നേടുമെന്ന് എല്‍ഡിഎഫ് നേതാക്കളും വിലയിരുത്തുന്നു. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയും മറ്റ് ചെറു കക്ഷികളും സ്വാധീനമേഖലകളില്‍ ശുഭ പ്രതീക്ഷ തന്നെയാണ് വച്ച് പുലര്‍ത്തുന്നത്. അതേസമയം സ്വതന്ത്രരും വിമതരും അട്ടിമറി നടത്തിയില്ലെങ്കില്‍ യുഡിഎഫ് – എല്‍ഡിഎഫ് ഇഞ്ചോടിഞ്ഞ് പോരാട്ടമായിരിക്കും പത്തനംതിട്ടയില്‍ കാണാനാവുക.

Story Highlights – LOCAL body election kerala – pathanamthitta

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top