‘തൃശൂര്‍ ഞാനിങ്ങ് എടുക്കുവാ’ എന്ന് ബിജെപി; തൊടാന്‍ സമ്മതിക്കില്ലെന്ന് എല്‍ഡിഎഫും യുഡിഎഫും; നാളെ അറിയാം തൊടുമോ ഇല്ലയോ എന്ന്

” തൃശൂര്‍ ഞാനിങ്ങ് എടുക്കുവാ.. തൃശൂര്‍ നിങ്ങള്‍ എനിക്ക് തരണം.. ” ഈ അടുത്ത് ഇത്രത്തോളം ചര്‍ച്ചയായ വേറൊരു ഡയലോഗും കേരളത്തിലുണ്ടാകില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തൃശൂരില്‍ എത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ ഈ മാസ് ഡയലോഗ്. ലോക്‌സഭാ ഇലക്ഷനില്‍ തൃശൂര്‍ നേടാനായില്ലെങ്കിലും ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിലെങ്കിലും ശക്തമായ സ്വാധീനം ഉണ്ടാക്കിയെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. തിരുവനന്തപുരം കഴിഞ്ഞാല്‍ തൃശൂരിലും പാലക്കാട്ടുമാണ് ബിജെപി പ്രതിക്ഷയര്‍പ്പിച്ചിരിക്കുന്നത്.

തൃശൂരില്‍ ഏറ്റവും ശക്തമായ ത്രികോണ പോരാട്ടം നടന്നത് കോര്‍പറേഷനിലേക്കാണ്. 63.79 ശതമാനം പേര്‍ കോര്‍പറേഷനിലേക്ക് ഇത്തവണ വോട്ട് ചെയ്തു. 2015 ലേതിനേക്കാള്‍ നേട്ടമുണ്ടാക്കി 28 മുതല്‍ 33 വരെ സീറ്റുകള്‍ നേടുമെന്നാണ് ഇടത് ക്യാമ്പിന്റെ കണക്ക് കൂട്ടല്‍. എന്നാല്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ വിജയം തദ്ദേശ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്.

വിമത ശല്യമാണ് യുഡിഎഫ് നേരിടുന്ന പ്രധാന വെല്ലുവിളി. പോളിംഗ് കുറഞ്ഞെങ്കിലും മികച്ച വിജയം നേടുമെന്ന് ബിജെപിയും പ്രതീക്ഷിക്കുന്നു. നഗരസഭകളില്‍ ബിജെപി ലക്ഷ്യം വയ്ക്കുന്ന ഇടങ്ങളാണ് കൊടുങ്ങല്ലൂരും കുന്നംകുളവും. നഗരസഭ രൂപീകൃതമായി ഇതുവരെ കൊടുങ്ങല്ലൂര്‍ നഗരസഭ ഇടതിനെ കൈയൊഴിഞ്ഞിട്ടില്ല.

വിവാദങ്ങളില്‍ ലൈഫ് മിഷനും

ജില്ലയിലെ ഇടത് മേല്‍ക്കോയ്മയും സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. അതിനിടെയാണ് വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതി വിവാദത്തിലാകുന്നത്. സര്‍ക്കാരിനെതിരെയും എല്‍ഡിഎഫിനെതിരെയും ആരോപണങ്ങള്‍ അഴിച്ചുവിടാന്‍ യുഡിഎഫിന് ഇത് കരുത്തായി.

എന്നാല്‍ ലൈഫ് മിഷനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച അനില്‍ അക്കരെ എംഎല്‍എ തന്നെ നിര്‍മാണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത് എല്‍ഡിഎഫ് ആയുധമാക്കിയിരുന്നു. പാവപ്പെട്ടവരുടെ വീട് എന്ന സ്വപ്‌നം തകര്‍ക്കാനാണ് യുഡിഎഫ് ശ്രമം എന്നായിരുന്നു ലൈഫ് മിഷനെതിരെയുള്ള അന്വേഷണത്തോട് എല്‍ഡിഎഫിന്റെ ആദ്യ പ്രതികരണം. ഇതിന് കരുത്ത് പകരുന്നതായിരുന്നു പാവങ്ങളുടെ വീട് എന്ന പ്രതീക്ഷ തകര്‍ത്തുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ എംഎല്‍എ ഹര്‍ജിയുമായി ഹൈക്കോടതിയില്‍ എത്തിയത്. ലൈഫ് മിഷനില്‍ അഴിമതിയെന്ന് ആരോപിച്ച് രംഗത്ത് എത്തിയ യുഡിഎഫിന് ജനങ്ങളുടെ നിലപാട് എന്ത് എന്നറിയാന്‍ കാത്തിരിക്കേണ്ടിവരും.

വോട്ടിംഗ് ശതമാനത്തിലെ കുറവ് പ്രതീക്ഷയാക്കി മുന്നണികള്‍

75.05 ശതമാനം പോളിംഗാണ് ഇത്തവണ ജില്ലയില്‍ ആകെയുള്ളത്. 2015 ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 77.90 ശതമാനമായിരുന്നു പോളിംഗ്. അഞ്ച് വര്‍ഷം മുന്‍പ് ജില്ലയിലെ 86 പഞ്ചായത്തുകളില്‍ 67 പഞ്ചായത്തുകളും എല്‍ഡിഎഫ് നേടിയിരുന്നു. ഒരു പഞ്ചായത്ത് ബിജെപിയും നേടിയിരുന്നു. ഏഴ് നഗരസഭകളില്‍ ആറിടത്തും തൃശൂര്‍ കോര്‍പറേഷനിലും എല്‍ഡിഎഫ് ഭരണം നേടിയിരുന്നു. 16 ബ്ലോക്ക് പഞ്ചായത്തുകളില്‍ 13 ഇടത്തും ജില്ലാ പഞ്ചായത്തിലും എല്‍ഡിഎഫ് ആധിപത്യം സ്ഥാപിച്ചിരുന്നു.

വോട്ട് കച്ചവട ആരോപണവുമായി ബിജെപി

തൃശൂരില്‍ ഇത്തവണ വോട്ട് കച്ചവട ആരോപണവുമായി ബിജെപി രംഗത്ത് എത്തിയിട്ടുണ്ട്. തൃശൂര്‍ കോര്‍പറേഷനില്‍ വ്യാപകമായി വോട്ട് കച്ചവടം നടന്നിട്ടുണ്ടെന്ന ആരോപണവുമായാണ് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍ രംഗത്ത് എത്തിയത്. തൃശൂര്‍ കോര്‍പറേഷന്‍ രണ്ടാം ഡിവിഷനില്‍ മത്സരിച്ച തനിക്കെതിരെ സിപിഐഎം – കോണ്‍ഗ്രസിന് വോട്ട് മറിച്ചെന്നും തെളിവ് കൈയിലുണ്ടെന്നുമായിരുന്നു ആരോപണം.

നഗരസഭകളിലെ വോട്ടിംഗ് ശതമാനം

 • ചാലക്കുടി – 77.26
 • ഇരിങ്ങാലക്കുട -74
 • കൊടുങ്ങല്ലൂര്‍ – 79
 • ചാവക്കാട് – 75.92
 • ഗുരുവായൂര്‍ – 72.88
 • കുന്നംകുളം -76.79
 • വടക്കാഞ്ചേരി – 79.32

ബ്ലോക്ക് പഞ്ചായത്തുകളിലെ വോട്ടിംഗ് ശതമാനം

 • മതിലകം – 76.75
 • അന്തിക്കാട് – 74.93
 • ചേര്‍പ്പ് – 76.89
 • കൊടകര – 79.19
 • ചാവക്കാട് – 72.34
 • വെള്ളാങ്കല്ലൂര്‍ – 76.34
 • മാള – 74.98
 • ചാലക്കുടി – 76.29
 • ഇരിങ്ങാലക്കുട – 77.01
 • ചൊവ്വന്നൂര്‍ – 77.42
 • വടക്കാഞ്ചേരി – 79.09
 • പഴയന്നൂര്‍ – 78.71
 • ഒല്ലൂക്കര – 78.89
 • പുഴയ്ക്കല്‍ – 76.43
 • മുല്ലശേറി – 71.74
 • തളിക്കുളം – 72.06

Story Highlights – local body election thrissur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top