സ്വര്‍ണക്കടത്ത്, ജ്വല്ലറി തട്ടിപ്പ്, ഇ.ഡി അന്വേഷണം; മലബാറില്‍ വോട്ടാവുമോ വിവാദങ്ങള്‍

തദ്ദേശ തെരഞ്ഞെടുപ്പ് ഫലമറിയാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികള്‍. മലബാറില്‍ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ്, സ്വര്‍ണക്കടത്ത്, കെഎം ഷാജി എംഎല്‍എയുടെ വീടുമായി ബന്ധപ്പെട്ട വിവാദം എന്നിവയെല്ലാം തെരഞ്ഞെടുപ്പ് ഫലത്തില്‍ സ്വാധീനം ചൊലുത്തുമെന്ന ആശങ്കയിലാണ് മുന്നണികള്‍. യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളിലെ പ്രധാന നേതാക്കള്‍ വിവിധ അന്വേഷണ ഏജന്‍സിക്ക് മുന്നിലെത്തിയത് എത്രത്തോളം വോട്ടര്‍മാര്‍ ചര്‍ച്ച ചെയ്തു എന്നത് നാളെ അറിയാം.
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പില്‍ എം.സി. കമറുദ്ദീന്‍ എംഎല്‍എയുടെ അറസ്റ്റ് ലീഗിനെ പ്രത്യേകിച്ച് കാസര്‍ഗോഡ് എങ്കിലും വെള്ളം കുടിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. അറസ്റ്റും കസ്റ്റഡിയും രാഷ്ട്രീയ പ്രേരിതം എന്നൊക്കെ പറഞ്ഞ കൈകഴുകാന്‍ ശ്രമിച്ചാലും തട്ടിപ്പിനിരയായവരുടെ നൂറിലധികം പരാതികളും തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ എംഎല്‍എയുടെ ജയില്‍വാസവും പരമ്പരാഗത ലീഗ് വോട്ടുകളില്‍ പോലും വിള്ളലുണ്ടാക്കുമെന്നാണ് എല്‍ഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തല്‍.
അതേസമയം, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട മന്ത്രി കെ.ടി. ജലീലിനെ അന്വേഷണ ഏജന്‍സികള്‍ പലതവണ ചോദ്യം ചെയ്തതും വിവാദമായിരുന്നു. കെ.ടി. ജലീലിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനായിരുന്നു തെരഞ്ഞെടുപ്പ് ഗോദയിലെ പ്രതിപക്ഷമുന്നണികളുടെ നീക്കം. ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സ്വര്‍ണക്കടത്തുമായി നേരിട്ട് ബന്ധമുണ്ടെന്ന പ്രസ്താവനയും ചര്‍ച്ചയായി. മന്ത്രിയും സ്പീക്കറും മറുപടിയുമായി രംഗത്തെത്തിയെങ്കിലും സാധാരണ വോട്ടര്‍മാര്‍ ആരെയാണ് വിശ്വസിച്ചതെന്നറിയാന്‍ വോട്ടെണ്ണി കഴിയണം. കെ.എം. ഷാജി എംഎല്‍എയുടെ അനധികൃത വീട് നിര്‍മാണവും ഇഞ്ചികൃഷി പ്രസ്താവനയും തെരഞ്ഞെടുപ്പ് അങ്കത്തിലെ മറ്റൊരു ചര്‍ച്ചാ വിഷയമായിരുന്നു. പ്ലസ്ടു കോഴ വിവാദവും തുടര്‍ന്ന് ഇ.ഡി ചോദ്യം ചെയ്തതും ചൂണ്ടിക്കാട്ടിയായിരുന്നു ഷാജിക്കും ലീഗിനുമെതിരായ പ്രചാരണങ്ങള്‍. കൊടുവള്ളി നഗരസഭയില്‍ കാരാട്ട് ഫൈസല്‍ വീണ്ടും എല്‍ഡിഎഫ് സ്വതന്ത്രനായി ജനവിധി തേടുമെന്ന പി.ടി.എ റഹീം എംഎല്‍എയുടെ പ്രഖ്യാപനം വിവാദമായിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതാണ് വിവാദത്തിന് വഴിവച്ചത്. പി.ടി.എ റഹീം എംഎല്‍എയുടെ പ്രഖ്യാപനം വിവാദമായത്തോടെ സിപിഐഎം ജില്ലാ നേതൃത്വം ഇടപ്പെട്ട് കാരാട്ട് ഫൈസലിന് പകരം ഐഎന്‍എല്‍ മണ്ഡലം സെക്രട്ടറി ഒ പി റഷീദിനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിക്കുകയായിരുന്നു.
ആരോപണ പ്രത്യാരോപണങ്ങളില്‍ സ്വര്‍ണക്കടത്തും ജ്വല്ലറി തട്ടിപ്പും അനധികൃത സ്വത്ത് സമ്പാദനക്കേസും അങ്ങനെ നിരവധി വിവാദങ്ങള്‍ ഉണ്ടായെങ്കിലും മികച്ച മുന്നേറ്റമാണ് എല്ലാ മുന്നണികളും നിയമസഭാ തെരഞ്ഞെടുപ്പിന്റെ ട്രയല്‍ റണ്ണില്‍ പ്രതീക്ഷിക്കുന്നത്. സ്വര്‍ണക്കടത്ത്, ലൈഫ് പദ്ധതിയിലെ തട്ടിപ്പ്
തുടങ്ങിയ വിവാദങ്ങള്‍ യുഡിഎഫും ബിജെപിയും എല്‍ഡിഎഫിനെതിരെയുള്ള പ്രചാരണായുധമാക്കിയപ്പോള്‍ സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളുടെ പട്ടികയുമായാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
Story Highlights – Gold smuggling, jewellery fraud, ED investigation; Malabar election special
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here