യുഡിഎഫ്- വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം; വ്യക്തത വരുത്തേണ്ട ചില ‘ധാരണകള്‍’

udf welfare party front

തദ്ദേശ തെരഞ്ഞെടുപ്പിനെ നിയമസഭ തെരഞ്ഞെടുപ്പിന്റെ ട്രയല്‍ റണ്ണായാണ് കേരളത്തിലെ മുന്നണികള്‍ നോക്കിക്കാണുന്നത്. എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും ശുഭാപ്തി വിശ്വാസത്തിലാണ്. മുന്നണികള്‍ക്ക് കൂടുതല്‍ ശക്തി പകരാന്‍ ചില പാര്‍ട്ടികളുമായുള്ള ധാരണകള്‍ തെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണികളും വയ്ക്കുകയുണ്ടായി. അതില്‍ തന്നെ വെല്‍ഫെയര്‍ പാര്‍ട്ടി- യുഡിഎഫ് ബന്ധം വളരെ ”കോംപ്ലിക്കേറ്റഡ്” എന്ന് തന്നെ പറയേണ്ടി വരും.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രാദേശിക ധാരണയെ കുറിച്ച് യുഡിഎഫ് നേതാക്കള്‍ക്ക്, പ്രത്യേകിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൃത്യമായ ഉത്തരമില്ല. വോട്ടെണ്ണലിന്റെ തലേ ദിവസം പോലും കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇക്കാര്യം നിഷേധിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ നീക്കുപോക്കില്ലെന്നും പ്രാദേശിക സഖ്യം സംബന്ധിച്ച് വിശദമായി പരിശോധിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ജമാഅത്തെ ഇസ്ലാമി വര്‍ഗീയ പാര്‍ട്ടി അല്ലെന്ന നിലപാട് എഐസിസിക്ക് ഇല്ലെന്നും എഐസിസി നിലപാടാണ് കെപിസിസി പ്രസിഡന്റിനുമുള്ളതെന്നും മുല്ലപ്പള്ളി. പാര്‍ട്ടിയിലെ അവസാന വാക്ക് സംസ്ഥാന അധ്യക്ഷനെന്നും മുല്ലപ്പള്ളി തീര്‍ത്തും വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടിയും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രാദേശിക തലത്തില്‍ പോലും ധാരണകളില്ലെന്ന് തന്നെയാണ് അഭിപ്രായപ്പെട്ടത്.

എന്നാല്‍ യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍ നേരെ തിരിച്ചാണ് പറഞ്ഞത്. അദ്ദേഹം പറഞ്ഞത് വെല്‍ഫെയര്‍ പാര്‍ട്ടി ഉള്‍പ്പെടെയുള്ളവരുമായുള്ള നീക്കുപോക്ക് ഗുണം ചെയ്യുമെന്ന് തന്നെയാണ്. അതേസമയം ജമാഅത്തെ ഇസ്ലാമി മതേതര സംഘടനയെന്നാണ് കെ മുരളീധരന്‍ എംപിയുടെ നിലപാട്. നിലവില്‍ മതേതര നയമാണ് വെല്‍ഫെയര്‍ പാര്‍ട്ടിക്കെന്നും വെല്‍ഫെയര്‍ ബന്ധം യുഡിഎഫിന് നേട്ടമുണ്ടാക്കുമെന്നും എന്നാണ് മുരളീധരന്റെ വാദം.

വെല്‍ഫെയര്‍ പാര്‍ട്ടി

ഡല്‍ഹിയിലെ മാവ്ലങ്കര്‍ ഹാളില്‍ 2011 ഏപ്രില്‍ 18നാണ് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ രൂപീകരിക്കപ്പെട്ടത്. ജമാഅത്തെ ഇസ്ലാമി ഹിന്ദിന്റെ പിന്തുണയുള്ള രാഷ്ട്രീയ സംഘടനയാണ് വെല്‍ഫയര്‍ പാര്‍ട്ടി. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ആദ്യത്തെ അധ്യക്ഷന്‍ ജമാത്തെ ഇസ്ലാമിയുടെ സെക്രട്ടറിയായമുജ്തബാ ഫാറൂഖ് ആയിരുന്നു. ചുവപ്പ്, വെള്ള, പച്ച എന്നീ നിറങ്ങള്‍ക്ക് നടുവില്‍ ഗോതമ്പ് കതിരോട് കൂടിയതാണ് പാര്‍ട്ടി പതാക. ആ വര്‍ഷം തന്നെ ഒക്ടോബര്‍ 18ന് പാര്‍ട്ടിയുടെ കേരള ഘടകം നിലവില്‍ വന്നു.

Read Also : ‘തൃശൂര്‍ ഞാനിങ്ങ് എടുക്കുവാ’ എന്ന് ബിജെപി; തൊടാന്‍ സമ്മതിക്കില്ലെന്ന് എല്‍ഡിഎഫും യുഡിഎഫും; നാളെ അറിയാം തൊടുമോ ഇല്ലയോ എന്ന്

ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി അല്ലെങ്കില്‍ ലീഗുമായി വെല്‍ഫെയര്‍ പാര്‍ട്ടിക്ക് പ്രാദേശിക ധാരണയുണ്ടോ?

മലപ്പുറം- കോഴിക്കോട് തുടങ്ങിയ മലബാര്‍ ജില്ലകളിലെ ചില ഭാഗങ്ങളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് വ്യക്തമായ മുന്‍തൂക്കം ഉണ്ട്. കോഴിക്കോട്ടെ മുക്കം നഗരസഭയിലെ അഞ്ച് വാര്‍ഡുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടി-യുഡിഎഫ് സംയുക്ത തെരഞ്ഞെടുപ്പ് റാലി നടന്നിരുന്നു. കൊട്ടിക്കലാശത്തോടനുബന്ധിച്ചാണ് വെല്‍ഫെയര്‍ പാര്‍ട്ടിയും യുഡിഎഫും ചേര്‍ന്ന് സംയുക്തറാലി നടത്തിയത്. നഗരസഭയിലെ കണക്കുപറമ്പ്, മംഗലശേരി, പുല്‍പറമ്പ്, വെസ്റ്റ് ചേന്ദമംഗലൂര്‍, പൊറ്റശേരി എന്നീ വാര്‍ഡുകളിലായിരുന്നു സംയുക്ത റാലി.

മലപ്പുറത്തെ മക്കരപ്പറമ്പ്, കൂട്ടിലങ്ങാടി, മങ്കട എന്നിവിടങ്ങളില്‍ പാര്‍ട്ടിക്ക് സാന്നിധ്യമുണ്ട്. ഇവിടങ്ങളിലും ചില സ്ഥലങ്ങളിലേ നീക്കുപോക്കുള്ളൂ. കേരളത്തില്‍ തന്നെ പലയിടങ്ങളിലും കോണ്‍ഗ്രസ്, മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്. അതിനാല്‍ ഈ ബന്ധം പ്രാദേശികം തന്നെയാണ്. ചിലയിടങ്ങളിലെ വോട്ട് ചോര്‍ച്ചയ്ക്കും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി മുന്നണിക്ക് സഖ്യമില്ലാത്ത ഇടങ്ങളില്‍ സൂചനയുണ്ട്.

മുസ്ലിം സമുദായത്തില്‍ വലിയൊരു ഭാഗത്തിന്റെ പിന്തുണ പാര്‍ട്ടിക്കുണ്ടെന്ന് നിസംശയം പറയാം. എന്നാല്‍ വെല്‍ഫയര്‍ പാര്‍ട്ടിയുമായി നീക്ക്‌പോക്ക് ഉണ്ടാക്കുന്നതോടെ ഇതര വിഭാഗങ്ങളുടെയും ഒപ്പം സമസ്തയുടെയും മുജാഹിദിന്റെയും വലിയ ഒരു ശതമാനം വോട്ടില്‍ വിള്ളല്‍ ഉണ്ടാകുമെന്നായിരുന്നു സമസ്ത അടക്കമുള്ള സംഘടനകളുടെ വിലയിരുത്തല്‍. മുസ്ലിം ലീഗിന് ചിലയിടങ്ങളില്‍ പാര്‍ട്ടിയുമായുള്ള ബന്ധം സഹായകമാകും.

പ്രാദേശികമായ നീക്കുപോക്കുകള്‍ ഉണ്ടെങ്കിലും വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള യുഡിഎഫിന്റെ ധാരണയെക്കുറിച്ച് വ്യക്തത മുന്നണിയിലെ നേതാക്കള്‍ക്ക് പോലുമില്ല. പാര്‍ട്ടിയുമായുള്ള ബന്ധം യുഡിഎഫിന്റെ വോട്ടിംഗ് ശതമാനത്തിന് വളമാകുമോ അതോ വാളാകുമോ എന്ന് കാത്തിരുന്നു തന്നെ കാണേണ്ടി വരും.

Story Highlights – local body election, election special

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top