ചർച്ചയായത് കർഷകരുടെ പ്രശ്നങ്ങളും സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും; ആലപ്പുഴയിൽ ആധിപത്യം ആർക്ക്?

അഞ്ച് ജില്ലകളിലായി നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ ഏറ്റവും കൂടുതൽ പോളിം​ഗ് ശതമാനം ആലപ്പുഴ ജില്ലയിലായിരുന്നു, 77.35 ശതമാനം. 2015 ലെ തദ്ദേശ തെര‍ഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിം​ഗ് ശതമാനം കുറഞ്ഞു. അതിന് കാരണം കൊറോണയും പ്രാദേശികമായ ചില വിഷയങ്ങളുമാണെന്നാണ് വിലയിരുത്തുന്നത്. ഇടതിന് ആധിപത്യമുള്ള ജില്ലയിൽ സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ‌ കൂടുതൽ മേൽക്കോയ്മ നൽകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. സർക്കാർ വിരുദ്ധ വിഷയങ്ങൾ വേണ്ട രീതിയിൽ പ്രയോജനപ്പെടുത്തിയെന്ന് പ്രതിപക്ഷവും പറയുന്നു. പക്ഷേ ആലപ്പുഴ ആര് നേടുമെന്നത് പ്രവചനാതീതമാണ്.

കർഷകരുടേയും മത്സ്യത്തൊഴിലാളികളുടേയും പ്രശ്നങ്ങളാണ് തെര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ പ്രധാനമായും ചർച്ചയായത്. കുട്ടനാട്ടിൽ നെല്ലു സംഭരണം മുടങ്ങിയതും ഉയർന്നു കേട്ടു. ഇവയിൽ പലതും പ്രതിപക്ഷം സർക്കാരിനെതിരായ ആയുധമാക്കിയപ്പോൾ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു എൽഡിഎഫിന്റെ പ്രചാരണം. സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്ന് ഇടതുമുന്നണി ഉറച്ചു വിശ്വസിക്കുന്നു. യുഡിഎഫിന് സ്വാധീനമുള്ളിടത്തുവരെ ആധിപത്യം കൂടിയെന്നാണ് എൽഡിഎഫ് അവകാശപ്പെടുന്നത്.

ജില്ലയിൽ 72 ​ഗ്രാമപഞ്ചായത്തുകളിൽ 48ലും ഭരണം എൽഡിഎഫിനായിരുന്നു. ഇത് നിലനിർത്തുന്നതിനൊപ്പം മറ്റ് പഞ്ചായത്തുകളിലും വേരുറപ്പിക്കാൻ കഴിയുമെന്നാണ് എൽഡിഎഫിന്റെ പ്രതീക്ഷ. ജില്ലാ പഞ്ചായത്തിലെ കക്ഷിനില അനുസരിച്ച് എൽഡിഎഫിനാണ് മുൻതൂക്കം. 23 ജില്ലാ പഞ്ചായത്തുകളിൽ പതിനേഴിടത്ത് എൽഡിഎഫും ആറിടത്ത് യുഡിഎഫും ഭരിച്ചു. ബ്ലോക്ക് പഞ്ചായത്തുകളുടെ കാര്യമെടുത്താൽ അവിടെയും ആധിപത്യം എൽഡിഎഫിനായിരുന്നു. അതേസമയം, മുനിസിപ്പാലിറ്റികളുടെ കണക്കെടുത്താൽ യുഡിഎഫാണ് മുന്നിട്ടു നിൽക്കുന്നത്. ആറ് മുനിസിപ്പാലിറ്റികളിൽ നാലെണ്ണം ( ആലപ്പുഴ, ചേർത്തല, ചെങ്ങന്നൂർ, ഹരിപ്പാട്) യുഡിഎഫ് നേടിയപ്പോൾ രണ്ടിടത്ത് (കായംകുളം, മാവേലിക്കര) മാത്രമായിരുന്നു എൽഡിഎഫിന്റെ വിജയം. ഇത്തവണ ആറ് മുനിപ്പാലിറ്റികളും പിടിച്ചെടുക്കുമെന്നാണ് യുഡിഎഫിന്റെ അവകാശവാദം. രണ്ടിന് പുറമേ ചെങ്ങന്നൂരും ചേർത്തലയും കൂടി തങ്ങൾക്കൊപ്പമെന്നാണ് എൽഡിഎഫ് പറയുന്നത്.

തെര‍ഞ്ഞെടുപ്പിൽ ബിജെപി ചിത്രം കൂടുതൽ തെളിയുമോ?

ആലപ്പുഴയിൽ തെരഞ്ഞെടുപ്പ് നേരിട്ട ബിജെപി ആത്മവിശ്വാസത്തിലാണ്. സർക്കാരിനെതിരായ ആരോപണങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് ബിജെപി പറയുന്നത്. മുൻ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവൻവണ്ടൂർ ​ഗ്രാമപഞ്ചായത്തിൽ നിന്ന് മത്സരിച്ച് ജയിച്ചതിന്റെ ആത്മ വിശ്വാസവും ബിജെപിക്കുണ്ട്. അന്ന് ആറ് സീറ്റുകൾ നേടി ബിജെപി ഒറ്റകക്ഷിയായി. മൂന്ന് സീറ്റ് നേടിയ കേരള കോൺ​ഗ്രസ് പി.ജെ ജോസഫ് വിഭാ​ഗവും രണ്ട് വീതം സീറ്റുകൾ നേടിയ കോൺ​ഗ്രസും സിപിഐഎമ്മും ചേർന്ന് ബിജെപിയെ താഴെയിറക്കുകയായിരുന്നു. ആദ്യത്തെ ഒന്നര വർഷം ഭരിച്ച ശേഷമാണ് ബിജെപി പടിയിറങ്ങിയത്. ഇത്തവണ തിരുവൻവണ്ടൂർ തങ്ങൾക്കൊപ്പമാണെന്നാണ് ബിജെപിയുടെ അവകാശവാദം.

തദ്ദേശ തെരഞ്ഞെടുപ്പിൽ ബിഡിജെഎസിന്റെ ആദ്യ അങ്കം

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒന്നിച്ചു നിന്ന ബിഡിജെഎസും ബിജെപിയും തദ്ദേശ തെര‍ഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിട്ടത് ശ്രദ്ധേയമായി. ബിഡിജെഎസ് ആദ്യമായാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. എസ്എൻഡിപി യോഗം ഉൾപ്പെടെ എല്ലാ സമുദായ സംഘടനകളുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നായിരുന്നു ബിഡിജെഎസ് വ്യക്തമാക്കിയത്.

Story Highlights – who will win alappuzha election analysis

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top