ജോസ് – ജോസഫ് പോരാട്ടത്തില്‍ നേട്ടം കൊയ്ത് ജോസ് കെ. മാണി

കേരളാ കോണ്‍ഗ്രസ് ജോസ് – ജോസഫ് പോരാട്ടത്തില്‍ നേട്ടം കൊയ്ത് ജോസ് കെ. മാണി. കേരളാ കോണ്‍ഗ്രസ് എം. രണ്ടായി പിരിഞ്ഞശേഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിക്കേണ്ടത് രണ്ട് കൂട്ടര്‍ക്കും ആവശ്യമായിരുന്നു. ജോസ് കെ. മാണിക്ക് ഒപ്പം ചേര്‍ന്ന് പാലായില്‍ ഭരണം ഉറപ്പിച്ചിരിക്കുകയാണ് എല്‍ഡിഎഫ്. നഗരസഭ രൂപീകരിച്ചശേഷം പാലായില്‍ എല്‍ഡിഎഫ് ഭരണം പിടിക്കുന്നത് ഇതാദ്യമായാണ്. ജോസ് കെ മാണിക്ക് വന്‍ മുന്നേറ്റമാണ് പാലായിലുണ്ടായത്.

എന്നാല്‍, തൊടുപുഴ നഗരസഭയില്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം തകര്‍ന്നു. മത്സരിച്ച ഏഴ് സീറ്റില്‍ അഞ്ചിലും ജോസഫ് വിഭാഗം തോറ്റു.

കോട്ടയത്ത് ജോസ് പക്ഷത്തിന്റെ വിടവ് നികത്താന്‍ യുഡിഎഫും, ജോസ് പക്ഷത്തിനൊപ്പം ചേര്‍ന്ന് ജില്ലാ പഞ്ചായത്തുള്‍പ്പെടെ പിടിക്കാന്‍ എല്‍ഡിഎഫും കഠിന ശ്രമത്തിലായിരുന്നു. കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസ് പി.ജെ. ജോസഫ് വിഭാഗവും മുന്‍നിരയിലുള്ള കോട്ടയം ജില്ലയില്‍ യുഡിഎഫിനും ഇത് അഭിമാന പോരാട്ടമായിരുന്നു. ജോസ് കെ. മാണി പോയത് മുന്നണിക്ക് കോട്ടമുണ്ടാക്കിയിട്ടില്ലെന്ന് തെളിയിക്കേണ്ടത് യുഡിഎഫിന്റെ ആവശ്യമായിരുന്നു. എന്നാല്‍ കോട്ടയത്ത് കരുത്തന്‍ ജോസ് കെ. മാണി തന്നെയാണെന്ന് തെളിയിക്കുന്ന ഫലമാണ് പുറത്തുവരുന്നത്.

യുഡിഎഫ് കോട്ടയായ കോട്ടയം ജില്ലയില്‍ ചെങ്കൊടി പാറിക്കാനുള്ള രാഷ്ട്രീയ കരുനീക്കങ്ങളാണ് സിപിഐഎം നടത്തിയത്. ജോസ് കെ. മാണിയെ മുന്‍ നിര്‍ത്തി പട നയിക്കുക വഴി കെ.എം. മാണിയെന്ന വികാരം കൂടി വോട്ടാക്കുകയായിരുന്നു ഇടത് ലക്ഷ്യം.

Story Highlights – jose k mani – pj joseph – local body election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top