കൊടുവള്ളിയിൽ ഇടത് സ്ഥാനാർത്ഥിക്ക് പൂജ്യം വോട്ട്; വോട്ട് ലഭിച്ചത് മുഴുവൻ കാരാട്ട് ഫൈസലിന്; പരിശോധിക്കുമെന്ന് കോഴിക്കോട് സിപിഐഎം ജില്ലാ സെക്രട്ടറി

കൊടുവള്ളിയിൽ സ്ഥാനാർത്ഥിക്ക് പൂജ്യം വോട്ടുകൾ കിട്ടിയത് പരിശോധിക്കുമെന്ന് കോഴിക്കോട് സിപിഐഎം ജില്ലാ സെക്രട്ടറി പി.മോഹനൻ. എന്താണ് സംഭവിച്ചതെന്ന് ഗൗരവകരമായി തന്നെ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ചരിത്ര വിജയമാണ് ഉണ്ടായതെന്ന് പി മോഹനൻ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും സർക്കാരിനുമെതിരായി ഒരു കാലത്തും ഇല്ലാത്ത വിധത്തിൽ സംഘടിത ആക്രമണങ്ങളാണ് അടുത്തിടെയായി ഉണ്ടായത്. ഇതുവരെ നടത്തിയ അപവാദപ്രചരണങ്ങൾക്ക് ജനങ്ങളോടും ഈ നാടിനോടും ഇക്കൂട്ടർ ക്ഷമാപണം നടത്തമണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊടുവള്ളിയിൽ ഇടത് സ്ഥാനാർത്ഥിയായ ഒ.പി റഷീദിന് പൂജ്യം വോട്ടുകൾ ലഭിച്ചപ്പോൾ കാരാട്ട് ഫൈസൽ 68 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുകയായിരുന്നു.
കൊടുവള്ളിയിലെ 15-ാം ഡിവിഷനിൽ സ്വതന്ത്രനായാണ് കാരാട്ട് ഫൈസൽ മത്സരിക്കാന് തീരുമാനിച്ചിരുന്നത്. സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്തു വിട്ടയച്ച കാരാട്ട് ഫൈസലിന്റെ സ്ഥാനാർത്ഥിത്വവും ഇടതു പിന്തുണയും പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരുന്നു. എന്നാൽ സിപിഐഎം ജില്ലാ നേതൃത്വം ഫൈസലിനെ തള്ളിയിരുന്നു. കാരാട്ട് ഫൈസലിന് സിപിഐഎമ്മുമായി ഒരു ബന്ധവും ഇല്ലെന്ന് ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു. എന്നാൽ ഇതിന് വിപരീതമായി ഇടത് വോട്ടുകളടക്കം കാരാട്ട് ഫൈസലിന് മറിഞ്ഞുവെന്നാണ് ആരോപണം.
Story Highlights – ldf failure in koduvally will be inspected
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here