തിരുവനന്തപുരത്ത് എൽഡിഎഫ് തരംഗം; തകർന്നടിഞ്ഞ് യുഡിഎഫ്

തിരുവനന്തപുരത്ത് എൽഡിഎഫ് തരംഗം. തിരുവനന്തപുരം കോർപറേഷനിലും എൽഡിഎഫ് അധികാരം ഉറപ്പിച്ചു. ബിജെപി ഭരണം പിടിക്കുമെന്ന് അവകാശവാദമുന്നയിച്ച കോർപ്പറേഷനിൽ കഴിഞ്ഞ തവണ നേടിയ സീറ്റ് നേടാനായില്ല. യുഡിഎഫ് തകർന്നടിഞ്ഞ കാഴ്ചയാണ് തലസ്ഥാനത്ത് കണ്ടത്. ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരം അനുസരിച്ച് എൽഡിഎഫിന് 40, ബിജെപി 30, യുഡിഎഫ് 9 എന്നിങ്ങനെയാണ് സീറ്റുകളുടെ എണ്ണം.
തിരുവനന്തപും കോർപ്പറേഷനിൽ ശക്തമായ ത്രികോണ മത്സരം നടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ തുടക്കം മുതൽ എൽഡിഎഫും ബിജെപി സഖ്യവും തമ്മിലായിരുന്നു പോരാട്ടം. കോൺഗ്രസ് ഒരു ഘട്ടത്തിൽപോലും വെല്ലുവിളി ഉയർത്തിയില്ല. കോർപ്പറേഷൻ ഭരണത്തിനെതിരായ വികാരം ജനങ്ങളിൽ കാര്യമായില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. സർക്കാരിനെതിരെ നിരവധി വിഷയങ്ങൾ പ്രതിപക്ഷം ആയുധമാക്കിയെങ്കിലും തിരുവനന്തപുരത്ത് എൽഡിഎഫിനെതിരെ അതൊന്നും ഫലം കണ്ടില്ല.
മുന്നേറ്റത്തിനിടെ അപ്രതീക്ഷിത തോൽവികൾ എൽഡിഎഫിന് തിരിച്ചടിയായി. തിരുവനന്തപുരം കോർപ്പറേഷനിലെ നിലവിലെ മേയർ കെ.ശ്രീകുമാർ കരിക്കകം വാർഡിൽ തോറ്റു. ബിജെപിയിലെ ഡി.ജി.കുമാരനാണ് ഇവിടെ ജയിച്ചത്. 116 വോട്ടിനാണ് ശ്രീകുമാര്‍ തോറ്റത്. കോർപ്പറേഷനിൽ എൽഡിഎഫ് മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന രണ്ട് വനിതകൾക്കും തോൽവി നേരിട്ടു. കുന്നുകുഴി വാർഡിൽ എ.ജി.ഒലീന, നെടുങ്കാട് വാർഡിൽ എസ്.പുഷ്പലതയുമാണ് പരാജയപ്പെട്ടത്. അതേസമയം, മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ജമീല ശ്രീധർ പേരൂർക്കട വാർഡിൽ വിജയിച്ചു. നഗരങ്ങളിലും ഗ്രാമങ്ങളിലും എല്‍ഡിഎഫ് മുന്നേറ്റമാണ്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോര്‍പ്പറേഷനുകളില്‍ എൽഡിഎഫ് ഭരണത്തുടര്‍ച്ച നേടി.
Story Highlights – Local body election, Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here