Advertisement

ഇടതുമുന്നണിക്ക് ആവേശകരമായ വിജയം; യുഡിഎഫ് അപ്രസക്തമായി : മുഖ്യമന്ത്രി

December 16, 2020
Google News 1 minute Read
ldf won udf fading says pinarayi vijayan

ഇടതുമുന്നണിക്ക് ആവേശകരമായ വിജയം. സർവ തലങ്ങളിലും എൽഡിഎഫിന് മുന്നേറ്റം. ഇത് ജനങ്ങളുടെ വിജയമായാണ് കാണേണ്ടത്. കേരളത്തേയും, അതിന്റെ നേട്ടങ്ങളെയും തകർക്കാൻ ശ്രമിക്കുന്നർക്ക് നൽകിയ മറുപടിയാണ് ഈ തെരഞ്ഞെടുപ്പ്.

കേന്ദ്ര ഏജൻസികൾ, വലതുപക്ഷ വൈരികൾ എന്നിവരെല്ലാം സംഘടിതമായി നടത്തായി നുണ പ്രചാരണങ്ങൾക്ക് ഉചിതമായ മറുപടിയായിരുന്നു ഈ തെരഞ്ഞെടുപ്പ് ഫലം. യുഡിഎഫ് കേരള രാഷ്ട്രീയത്തിൽ അപ്രസക്തമാവുകയാണ്. ബിജെപിയുടെ അവകാശ വാദങ്ങൾ തകർന്നടിഞ്ഞു. ഒപ്പം വർഗീയ ശക്തികളുടെ ഐക്യപ്പെടലുകൾക്കും, കുത്തിത്തിരിപ്പുകൾക്കും കേരള രാഷ്ട്രീയത്തിൽ ഇടമില്ലെന്ന് ഒരിക്കൽകൂടി തെളിഞ്ഞു.

2015 ലേക്കാൾ മുന്നേറ്റമുണ്ടാക്കാൻ എൽഡിഎഫിന് സാധിച്ചു. കഴിഞ്ഞ തവണ 98 ബ്ലോക്കിലാണ് എൽഡിഎഫ് ജയിച്ചതെങ്കിൽ, ഇക്കുറി 108 ബ്ലോക്കുകളിൽ വിജയിച്ചു. കോർപറേഷനുകളുടെ കാര്യത്തിലും ആറിൽ അഞ്ചിടത്ത് വിജയം നേടിക്കൊണ്ട് എൽഡിഎഫ് വൻ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. 940 ഗ്രാമപഞ്ചായത്തുകളാണ് ഉള്ളത്. ഇതിൽ അഞ്ഞൂറിലേറെ ഇടങ്ങളിൽ എൽഡിഎഫ് വ്യക്തമായ മേൽക്കൈ നേടി. ഒരു ശതമാനം പോലും അവിശുദ്ധ കൂട്ടുകെട്ടിനോ, നീക്കുപോക്കിനോ പോകാതെയാണ് എൽഡിഎഫ് ഈ വിജയം സ്വന്തമാക്കിയത്.

സംസ്ഥാനത്ത് അധികാരത്തിലുണ്ടായ മുന്നണി പുറകോട്ട് പോകുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ട് തദ്ദേശ തെരഞ്ഞെടുപ്പിലും കണ്ടത്. എന്നാൽ ഇത്തവണ ഭരണത്തിലിരിക്കുന്ന മുന്നണി വൻ വിജയം നേടി. ഇത് ഏതെങ്കിലുമൊരു ഒറ്റപ്പെട്ട മേഖലയിൽ അല്ല, മറിച്ച് സംസ്ഥാനത്തുടനീളം കണ്ടു. ഇടതുമുന്നണി സമഗ്ര ആധിപത്യം ഉണ്ടാക്കി.

ജാതി മത ഭേദമന്യേ എല്ലാവരും എൽഡിഎഫിനെ പിൻതാങ്ങി. കേരളത്തിന്റെ മനസ് മതനിരപേക്ഷതയ്‌ക്കൊപ്പമാണ്. വർഗീയതയ്‌ക്കെതിരെ പോരാടാൻ എൽഡിഎഫാണ് ഇവിടെ ഉള്ളത് എന്ന് കേരള ജനത തിരിച്ചറിയുന്നു. തെറ്റായ പ്രചാരണം നടത്തുന്നവരുടെ കൂടെയല്ല നമ്മുടെ നാടിന്റെ മനസ്. ആസൂത്രിതമായി സൃഷ്ടിക്കുന്ന വ്യാജ വാർത്തകൾ സൃഷ്ടിക്കാനും, അതിലൂടെ എൽഡിഎഫിനേയും സർക്കാരിനേയും തകർക്കാനും ചില മാധ്യമങ്ങൾ ഈ ഘട്ടത്തിൽ ശ്രമിച്ചിട്ടുണ്ട്. ഒറ്റ ഉദ്ദേശമേ അതിനുള്ളു. ജനങ്ങളെ കഴിയാവുന്നത്ര തെറ്റിദ്ധരിപ്പിക്കുക. എന്നാൽ അത്തരം കാര്യങ്ങൾക്ക് ചെവി കൊടുക്കാൻ ജനങ്ങൾ തയാറായില്ല.

സർക്കാർ കഴിഞ്ഞ നാല് വർഷങ്ങൾക്കിടെ നടത്തിയ ജനസേവന പദ്ധതികൾക്കും, പുരോഗമനത്തിനും വലിയ ജനപിന്തുണയാണ് ഉണ്ടായത്. അത് തന്നെയാണ് തെരഞ്ഞെടുപ്പ് ഫലത്തിന് കാരണവും. ഈ പുരോഗമന പദ്ധതികൾ നിലനിന്ന് പോകണമെന്ന് ജനങ്ങൾ ആഗ്രഹിച്ചു.

ബിജെപിയും കോൺഗ്രസും അപവാദങ്ങൾ പ്രചരിപ്പിച്ചു. കേന്ദ്ര ഏജൻസികളെ ദുരുപയോഗിച്ചു. ചില മാധ്യമങ്ങളേയും കൂട്ടുപിടിച്ചു. കുപ്രചരണങ്ങൾ തള്ളിക്കളഞ്ഞ് എൽഡിഎഫിന് വൻ പിന്തുണ ജനങ്ങൾ നൽകി.

Story Highlights – ldf won udf fading says pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here