തദ്ദേശ തെരഞ്ഞെടുപ്പ്; ആലപ്പുഴ ജില്ലയില്‍ ആധിപത്യം നിലനിര്‍ത്തി ഇടത് മുന്നണി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയില്‍ ആധിപത്യം നിലനിര്‍ത്തി ഇടത് മുന്നണി. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും എല്‍ഡിഎഫ് വമ്പിച്ച വിജയം നേടി. ജില്ലയുടെ തെക്ക് കിഴക്കന്‍ മേഖലകളില്‍ മികച്ച പ്രകടനം എന്‍ഡിഎയും കാഴ്ചവച്ചതോടെ ജില്ലയില്‍ യുഡിഎഫ് തീര്‍ത്തും പരാജയപ്പെട്ടു. ആലപ്പുഴ ജില്ല ഇടത് കോട്ടയെന്ന പേര് ഒന്നുകൂടി അരക്കിട്ട് ഉറപ്പിക്കുന്ന തരത്തിലുള്ള വിജയമാണ് എല്‍ഡിഎഫ് നേടിയത്.
സര്‍വ്വ മേഖലയിലും യുഡിഎഫിനെ നിലംപരിശാക്കിയുള്ള ആധികാരിക വിജയം ഇടത് വിജയത്തിന് തുടക്കം കുറിച്ചത് ആലപ്പുഴ നഗരസഭയാണ്. 52 സീറ്റില്‍ 35 ഉം നേടി വ്യക്തമായ ആധിപത്യമാണ് എല്‍ഡിഎഫിന് നഗരസഭയില്‍ ലഭിച്ചത്. തുടര്‍ന്നങ്ങോട്ട് യുഡിഎഫിന്റെ കുത്തകയായിരുന്ന ചേര്‍ത്തലയും ഇടത് മുന്നണി പിടിച്ചെടുത്തു .കായംകുളം എല്‍ഡിഎഫ് നിലനിര്‍ത്തിയപ്പോള്‍ മാവേലിക്കരയില്‍ മൂന്ന് മുന്നണികളും ഒന്‍പത് സീറ്റുകള്‍ നേടി ബലാബലം നിന്നു. ഹരിപ്പാടും ചെങ്ങന്നൂരും നിലനിര്‍ത്താനായി എന്നതൊഴിച്ചാല്‍ യുഡിഎഫ് ജില്ലയില്‍ നിറം മങ്ങി. ഏഴു സീറ്റുകള്‍ നേടി എന്‍ഡിഎ ചെങ്ങന്നൂരില്‍ മികച്ച മത്സരമാണ് കാഴ്ചവച്ചത്.
ജില്ലാ പഞ്ചായത്തില്‍ 23 ല്‍ 21 ഉം എല്‍ഡിഎഫ് തൂത്ത് വാരി. യുഡിഎിന്റെ കൈയ്യില്‍ നിന്ന് ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് എല്‍ഡിഎഫ് പിടിച്ചെടുത്തു. 12 ബ്ലോക്ക് പഞ്ചായത്തുകളില്‍ 11 ഇടത്തും ഇടത് തേരോട്ടമായിരുന്നു. ചമ്പക്കുളം ബ്ലോക്കില്‍ എല്‍ഡിഎഫും യുഡിഎഫും ആറു സീറ്റുകള്‍ നേടിയതോടെ ഏക ബിജെപി സ്ഥാനാര്‍ത്ഥിയുടെ നിലപാട് നിര്‍ണായകമാകും. ഗ്രാമ പഞ്ചായത്തുകളുടെ കാര്യത്തില്‍ പതിവ് പോലെ തന്നെ ഇടത് കോട്ടകള്‍ ഇളകാതെ നിന്നു.
യുഡിഎഫ് ചിത്രത്തില്‍ നിന്ന് അപ്രത്യക്ഷമായ ജില്ലയില്‍ നില മെച്ചപ്പെടുത്തിയത് ബിജെപിയാണ്. ചെങ്ങന്നൂര്‍ മാവേലിക്കര താലൂക്കുകളില്‍ വ്യക്തമായ മുന്നേറ്റമാണ് നേടിയത്. ചെങ്ങന്നൂര്‍ നഗരസഭയിലെ വിജയം ഒഴിച്ചാല്‍ ബിജെപിയുടെ വിജയം കനത്ത പ്രഹരം നല്‍കിയത് യുഡിഎഫിനാണ്. പാണ്ടനാടും തിരുവന്‍വണ്ടൂരും പഞ്ചായത്തുകള്‍ നേടിയെടുത്തതിനൊപ്പം പ്രതിപക്ഷ നേതാവിന്റെ പഞ്ചായത്തായ ചെന്നിത്തലയിലും മുതുകുളത്തും എന്‍ഡിഎ പ്രതിപക്ഷമാകും. വിമതന്‍മാര്‍ മൂന്ന് മുന്നണികളുടെയും ജയ പരാജയങ്ങളില്‍ നിര്‍ണയക പങ്ക് വഹിച്ചപ്പോള്‍ ഇടത് ശക്തികേന്ദ്രമായ മുഹമ്മയില്‍ സിപിഐഎം പുറത്താക്കിയ വിഎസ് അച്യുതാനന്ദന്റെ മുന്‍സ്റ്റാഫ് അംഗമായ ലതീഷ് ബി ചന്ദ്രന്റെ വിജയം ശ്രദ്ധേയമായി.
Story Highlights – Local elections; LDF also won in Alappuzha district
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here