തിരുവനന്തപുരം കോര്‍പറേഷനില്‍ താമര വിരിഞ്ഞില്ല; കേവല ഭൂരിപക്ഷം നേടി എല്‍ഡിഎഫ്
തിരുവനന്തപുരം കോര്‍പറേഷനില്‍ താമര വിരിയിക്കാനുള്ള ബിജെപി ശ്രമം തകര്‍ത്ത് കേവലഭൂരിപക്ഷം നേടി എല്‍ഡിഎഫ്. 52 സീറ്റുകള്‍ നേടി എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയപ്പോള്‍ ബിജെപിക്ക് 35 സീറ്റുകള്‍ ലഭിച്ചു. തകര്‍ന്നടിഞ്ഞ യുഡിഎഫിന് പത്തു സീറ്റില്‍ ഒതുങ്ങേണ്ടി വന്നു.
ബിജെപിയുടെ അവകാശവാദങ്ങളേയും പ്രതീക്ഷകളേയും അപ്രസക്തമാക്കിയായിരുന്നു തിരുവനന്തപുരം കോര്‍പറേഷനിലെ ഇടതുതേരോട്ടം. 2015ല്‍ 43 സീറ്റുകളുണ്ടായിരുന്ന എല്‍ഡിഎഫ് ഇക്കുറി 52 ഇടങ്ങളില്‍ വിജയക്കൊടി പാറിച്ചു. 34 സീറ്റുകളുണ്ടായിരുന്ന എന്‍ഡിഎ, സ്വതന്ത്രയുടേത് ഉള്‍പ്പെടെ 35 സീറ്റുകള്‍ നേടി. 21 സീറ്റില്‍ നിന്നും പത്തിലേക്ക് കൂപ്പുകുത്തിയ യുഡിഎഫിനാണ് വലിയ തിരിച്ചടി നേരിടേണ്ടി വന്നത്.
നൂറു വാര്‍ഡില്‍ മൂന്നിടത്ത് മറ്റുള്ളവരും വിജയിച്ചിട്ടുണ്ട്. മേയര്‍ കെ.ശ്രീകുമാര്‍, മുന്‍ ഡെപ്യൂട്ടി മേയര്‍ ഹാപ്പികുമാര്‍, മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന എ.ജി.ഒലീന, എസ്.പുഷ്പലത എന്നിവരുടെ തോല്‍വി എല്‍ഡിഎഫിന് ക്ഷീണമായി. മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ജമീല ശ്രീധരന്‍ പേരൂര്‍ക്കടയില്‍ വിജയിച്ചിട്ടുണ്ട്.
ബിജെപി മേയര്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്ന സിമി ജ്യോതിസും ജില്ലാ പ്രസിഡന്റ് വി.വി.രാജേഷും വിജയിച്ചവരില്‍ പെടുന്നു. പതിവിനു വിപരീതമായി തീരദേശം എല്‍ഡിഎഫിനെ തുണച്ചപ്പോള്‍, നേമം മണ്ഡലത്തിലെ ഭൂരിഭാഗം വാര്‍ഡുകളും എന്‍ഡിഎക്കൊപ്പം നിന്നു.
Story Highlights – Lotus did not bloom in Thiruvananthapuram Corporation; The LDF won an absolute majority
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here