വോട്ടും നാല് സീറ്റുമല്ല, നാടിന്റെ മതനിരപേക്ഷത ഭദ്രമായി നിലനിർത്തുകയാണ് പ്രധാനമെന്ന് കോൺഗ്രസിനെ ഓർമിപ്പിച്ച് മുഖ്യമന്ത്രി

കേരളത്തിന്റെ സമൂഹ മൈത്രിക്ക് അപകടംവരുത്തിവയ്ക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെൽഫെയർ പാർട്ടിയുമായി സഖ്യമില്ലെന്ന് പറയുമ്പോഴും പലയിടത്തും പരസ്യസഖ്യമുണ്ട്. മതനിരപേക്ഷതയ്ക്ക് എതിരായ നിലപാടാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ സ്വീകരിച്ചത്. സഖ്യം സംബന്ധിച്ച് കോൺഗ്രസ് നേതാക്കൾ തന്നെ വിരുദ്ധാഭിപ്രായങ്ങൾ പറയുന്നത് കണ്ടു. അത് ജനങ്ങളെ കബളിപ്പിക്കാനുള്ള വേല മാത്രമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പല സംസ്ഥാനങ്ങളിൽ നിന്നും കേരളം വേറിട്ടു നിൽക്കുന്നത് അവിടെ നിലനിൽക്കുന്ന സമാധാനം, സമുധായ മൈത്രി, മതനിരപേക്ഷതയൊക്കെ കൊണ്ടാണ്. എത്ര വിപുലമായ മതനിരപേക്ഷതയാണ് ഇവിടെ നിലകൊള്ളുന്നത്. വർഗീയതയ്ക്കെതിരെ വ്യക്തമായ സമീപനമുള്ളവരാണ് ഇവിടത്തെ ജനങ്ങൾ. എന്നാൽ ഇത് ഒരുകൂട്ടർക്ക് ആപത്താണ്. എത്രവേഗം ഇത് തകർക്കാമെന്നാണ് അവർ ചിന്തിക്കുന്നത്.
ആർഎസ്എസും, ബിജെപിയും അതിന് വേണ്ടി ശ്രമിക്കുന്നു. ഇതിനെ പ്രതിരോധിക്കുകയാണ് വേണ്ടത്. എന്നാൽ അതിന് വിരുദ്ധമായി മുസ്ലീം തീവ്രവാദ പ്രസ്ഥാനങ്ങളുമായി കൈകോർക്കുകയാണ് കോൺഗ്രസ് ചെയ്തത്. അത്തരത്തിലുള്ള നിലപാടുകൊണ്ട് മതനിരപേക്ഷതയെ ശക്തിപ്പെടുത്താനാകുമോ? ആ നിലപാടുകൊണ്ട് എന്ത് നേട്ടമുണ്ടായെന്നും സമൂഹത്തിന് ഉണ്ടാകാൻപോകുന്ന ആപത്ത് എത്രത്തോളമെന്നും ആലോചിക്കണം. കുറച്ചു വോട്ടോ നാല് സീറ്റോ നേടുന്നതിലല്ല, നാടിന്റെ മതനിരപേക്ഷത ഭദ്രമായി നിലനിർത്തുന്നതിലാണ് കാര്യമെന്നും മുഖ്യമന്ത്രി
ഓർമിപ്പിച്ചു.
Story Highlights – Pinarayi vijayan, Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here