കണ്ണൂര്‍ കോര്‍പറേഷനിലെ യുഡിഎഫ് വിജയത്തിന് നിര്‍ണായകമായത് പരമ്പരാഗത വോട്ടുകള്‍

പരമ്പരാഗത വോട്ടുകള്‍ ചോരാതെ സംരക്ഷിക്കാനായതാണ് കണ്ണൂര്‍ കോര്‍പറേഷനില്‍ ഇത്തവണ യുഡിഎഫിന് മികച്ച വിജയം സമ്മാനിച്ചത്. ഇടതു ശക്തികേന്ദ്രങ്ങളില്‍ ചിലത് പിടിച്ചെടുക്കാനായതും നേട്ടമായി.

2015ല്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന കണ്ണൂര്‍ കോര്‍പറേഷനില്‍ യുഡിഎഫിന് ഇത്തവണ കാര്യമായ വെല്ലുവിളികളൊന്നും നേരിടേണ്ടി വന്നില്ല. ആറ് സീറ്റുകളാണ് യുഡിഎഫിന് അധികമായി ലഭിച്ചത്. തുളിച്ചേരി, കക്കാട് നോര്‍ത്ത്, ശാദുലിപ്പള്ളി, മാച്ചേരി എന്നീ സീറ്റുകള്‍ക്കൊപ്പം ഇടതിന് കൂടുതല്‍ സ്വാധീമുള്ള ആറ്റടപ്പ, തോട്ടട, പടന്ന, വലിയന്നൂര്‍, മേലെ ചൊവ്വ ഡിവിഷനുകളും യുഡിഎഫ് പിടിച്ചെടുത്തു.

യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ പള്ളിക്കുന്ന് ഡിവിഷനില്‍ ബിജെപി അട്ടിമറി ജയം നേടിയപ്പോള്‍ കാനത്തൂരില്‍ കോണ്‍ഗ്രസ് വിമതന്‍ ജയിച്ചു കയറി. താളികാവ് ഡിവിഷന്‍ നഷ്ടമാവുകയും ചെയ്തു. പാര്‍ട്ടിയിലും മുന്നണിയിലുമുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിച്ചതിനൊപ്പം വിമത ഭീഷണിയെ അതിജീവിക്കാനായതും യുഡിഎഫിന്റെ വിജയം എളുപ്പമാക്കി.

എന്നാല്‍ എല്‍ഡിഎഫ് ആകട്ടെ, സിറ്റിംഗ് സീറ്റുകള്‍ പോലും നഷ്ടപ്പെടുത്തി. ശക്തികേന്ദ്രങ്ങളില്‍ മത്സരിച്ച മുതിര്‍ന്ന നേതാക്കള്‍ പോലും പരാജയപ്പെട്ടു. അത്താഴക്കുന്ന് ഡിവിഷനില്‍ വിമതനും പിന്നിലായി മൂന്നാമതാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. യുഡിഎഫ് വിജയിച്ച ടെമ്പിള്‍ ഡിവിഷനില്‍ ബിജെപിയാണ് രണ്ടാമത്. ഭരണം പിടിച്ചെങ്കിലും പുതിയ മേയറെ കണ്ടെത്തുക യുഡിഎഫിന് അത്ര എളുപ്പമായിരിക്കില്ല. കെപിസിസി ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ്, അഡ്വ. ടി.ഒ. മോഹനന്‍, പി.കെ. രാഗേഷ് എന്നിവരുടെ പേരുകളാണ് മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

Story Highlights – UDF victory – Kannur Corporation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top