മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ ഭൂരിപക്ഷമില്ലാതെ എല്‍ഡിഎഫും യുഡിഎഫും; എസ്ഡിപിഐ പിന്തുണയില്‍ ഭരണം വേണ്ടെന്ന് തീരുമാനം

കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ ഭൂരിപക്ഷമില്ലാതെ എല്‍ഡിഎഫും യുഡിഎഫും നാല് സീറ്റുകളില്‍ വിജയിച്ച എസ്ഡിപിഐയുടെ പിന്തുണയില്‍ ഭരണം വേണ്ടെന്നാണ് ഇരുമുന്നണികളുടേയും തീരുമാനം.

കണ്ണൂര്‍ ജില്ലയുടെ തീരദേശ മേഖലയായ മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ ആകെയുള്ളത് 15 വാര്‍ഡുകളാണ്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. കഴിഞ്ഞ തവണ പഞ്ചായത്ത് ഭരിച്ച എല്‍ഡിഎഫിന് ആറ് സീറ്റുകള്‍ ലഭിച്ചപ്പോള്‍ യുഡിഎഫിന് അഞ്ച് സീറ്റുകള്‍ കിട്ടി. എസ്ഡിപിഐയാണ് ബാക്കി നാല് വാര്‍ഡുകളില്‍ വിജയിച്ചത്. എസ്ഡിപിഐയുമായി രഹസ്യധാരണയുണ്ടാക്കിയെന്നാണ് എല്‍ഡിഎഫും യുഡിഎഫും പരസ്പരം ആരോപിക്കുന്നത്. എസ്ഡിപിഐക്കൊപ്പം ചേര്‍ന്ന് ഭരണം പിടിക്കാനില്ലെന്നുംഇരു മുന്നണികളും പറയുന്നു.

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തില്‍ ഭൂരിപക്ഷമില്ലെങ്കിലും പ്രസിഡന്റ് സ്ഥാനത്തേക്ക് അടക്കം മത്സരിക്കാനാണ് എല്‍ഡിഎഫിന്റെ തീരുമാനം. ആരുടേയും പിന്തുണ തേടില്ലെന്നും പ്രതിപക്ഷത്തിരിക്കാന്‍ തയാറാണെന്നും യുഡിഎഫും പറയുന്നു. ആരുമായും ധാരണയുണ്ടാക്കിയിട്ടില്ലെന്നും പിന്തുണ നല്‍കുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്നുമാണ് എസ്ഡിപിഐയുടെ പ്രതികരണം.

Story Highlights – LDF and UDF without majority in Muzhappilangad panchayath; Decision not to rule with SDPI support

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top