തദ്ദേശ തെരഞ്ഞെടുപ്പ് ഫലം; ബിജെപിയുടെ പ്രകടനം വിലയിരുത്തി ആർഎസ്എസ്

തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടനം വിലയിരുത്തി ആർഎസ്എസ്. കൊച്ചിയിൽ ചേർന്ന സംഘപരിവാർ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് ചർച്ച നടന്നത്. ബിജെപിക്ക് പ്രതീക്ഷിച്ച വിജയത്തിലേക്ക് എത്താനായില്ലെന്ന അഭിപ്രായം യോഗത്തിലുയർന്നു. അതേസമയം, മിസോറം ഗവർണർ
പി.എസ് ശ്രീധരൻപിള്ളയെ കേന്ദ്രമന്ത്രിയാക്കാൻ ലക്ഷ്യമിട്ട് ആർഎസ്എസിലെ ഒരു വിഭാഗം ചരടുവലികൾ ആരംഭിച്ചു.

കൊച്ചിയിൽ ചേർന്ന സംഘപരിവാർ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തദ്ദേശതെരഞ്ഞെടുപ്പും ബിജെപിയുടെ പ്രകടനവും ചർച്ചയായത്. ബിജെപിക്ക് പ്രതീക്ഷിച്ച വിജയത്തിലേക്ക് എത്താനായില്ലെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. പാർട്ടി നേതൃത്വത്തിൽ അഭിപ്രായ ഐക്യമില്ലെന്ന തോന്നൽ പ്രവർത്തകർക്ക് ഉണ്ടെന്നും പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പരിവാർ സംഘടനകൾ ഒറ്റക്കെട്ടായി ജനങ്ങളിലേക്കിറങ്ങാനും യോഗത്തിൽ തീരുമാനമായി. കേന്ദ്രമന്ത്രി വി.മുരളീധരൻ, കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള മുതിർന്ന ബിജെപിയെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തു.

ഇതിനിടെ മിസോറം ഗവർണർ പി.എസ് ശ്രീധരൻപിള്ളയെ കേന്ദ്രമന്ത്രിയാക്കാൻ ലക്ഷ്യമിട്ട് ആർഎസ്എസിലെ ഒരു വിഭാഗം ചരടുവലികൾ ആരംഭിച്ചു കഴിഞ്ഞു. കേരളത്തിലെ മുന്നോക്ക വിഭാഗത്തിന്റെ പ്രതിനിധിയായി പരിഗണിക്കണമെന്നാണ് ആവശ്യം. ക്രിസ്ത്യൻ സമുദായത്തെ ഒപ്പം നിർത്താൻ കഴിയുന്ന നേതാവാണ് ശ്രീധരൻപിള്ളയെന്നാണ് ഇവരുടെ അവകാശവാദം. എൻഎസ്എസ് – കത്തോലിക്കാ സഭ അടക്കമുള്ളവരുടെ പിന്തുണയുറപ്പിക്കാൻ ശ്രീധരൻപിള്ള കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. ഡൽഹി കേന്ദ്രീകരിച്ച് തുടർ നീക്കങ്ങൾ ശക്തമായിട്ടുണ്ട്.

Story Highlights – Local election results; RSS evaluates BJP’s performance

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top