കോട്ടയം നഗരസഭയില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് വിമത

ആര്‍ക്കും കേവലഭൂരിപക്ഷം ഇല്ലാത്ത കോട്ടയം നഗരസഭയില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് വിമത. അന്‍പത്തിരണ്ടാം ഡിവിഷനില്‍ ജയിച്ച ബിന്‍സി സെബാസ്റ്റ്യന്‍ എത്തിയതോടെ യുഡിഎഫ് അംഗബലം ഇരുപത്തിരണ്ടായി. നറുക്കെടുപ്പിലൂടെയാകും കോട്ടയത്ത് ഭരണ കക്ഷിയെ തെരഞ്ഞെടുക്കുക. ഏറ്റുമാനൂര്‍ നഗരസഭയിലും സ്വതന്ത്ര അംഗം യുഡിഎഫിന് പിന്തുണ അറിയിച്ചു.
52 ഡിവിഷനുകള്‍ ഉള്ള കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് 22 യുഡിഎഫ് 21 എന്‍ഡിഎ 8 എന്നിങ്ങനെയായിരുന്നു കക്ഷിനില. സീറ്റ് ലഭിക്കാത്തതിനാല്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച കോണ്‍ഗ്രസ് വിമത ബിന്‍സി സെബാസ്റ്റ്യന്‍ പിന്തുണ പ്രഖ്യാപിച്ചതോടെ, യുഡിഎഫ് അംഗബലം 22 ആയി. ഇതോടെയാണ് നറുക്കെടുപ്പിന് കളമൊരുങ്ങിയത്. അഞ്ച് വര്‍ഷത്തേക്ക് നഗരസഭ ചെയര്‍പേഴ്‌സണ്‍ പദവിയാണ് ബിന്‍സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ നേതൃത്വത്തിന്റെ ഉറപ്പ് ലഭിച്ചതായി ബിന്‍സി പറഞ്ഞു
ഏറ്റുമാനൂര്‍ നഗരസഭയില്‍ സ്വതന്ത്രയായി മത്സരിച്ച് ജയിച്ച സുനിത ബിനീഷും യുഡിഎഫിന് പിന്തുണ അറിയിച്ചു. ഇതോടെ യുഡിഎഫ് അംഗബലം 14 ആയി. എല്‍ഡിഎഫ് 12, എന്‍ഡിഎ 7 എന്നിങ്ങനെയാണ് ഏറ്റുമാനൂരിലെ കക്ഷി നില. ഒരു സ്വതന്ത്രന്‍ കൂടി ഒപ്പം എത്തുമെന്ന് യുഡിഎഫ് നേതൃത്വം അവകാശപ്പെട്ടു. ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി ഉണ്ടായില്ലെന്ന് വിലയിരുത്തല്‍ ഉണ്ടായി. ജില്ലയില്‍ 104 ജനപ്രതിനിധികളുടെ കുറവ് ജോസ് പക്ഷത്തിന് ഉണ്ടായെന്നും. കേരള കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങള്‍ ക്ഷയിച്ചെന്നും കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു
സ്‌പെഷ്യല്‍-പോസ്റ്റല്‍ വോട്ടുകളില്‍ കോട്ടയം ജില്ലയില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നും, ഇതിനെതിരെ തെളിവ് സഹിതം പരാതി നല്‍കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.
Story Highlights – Congress rebel declare support for UDF in Kottayam municipality
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here