സമരത്തെ അപമാനിക്കാൻ ശ്രമം; കേന്ദ്രത്തിന് മറുപടി കത്തെഴുതി കർഷകർ

കേന്ദ്രത്തിന് മറുപടി കത്തെഴുതി സമരം ചെയ്യുന്ന കർഷകർ. കർഷക സംഘടനകളുടെ കൂട്ടായ്മയായ എ.ഐ.കെ.എസ്.സി.സിയുടേതാണ് തുറന്ന കത്ത്. സമരത്തെ അപമാനിക്കാനും തെറ്റിദ്ധരിപ്പിക്കാനുമാണ് പ്രധാനമന്ത്രിയും കൃഷിമന്ത്രിയും ശ്രമിക്കുന്നതെന്നാണ് കത്തിലെ പ്രധാന ആരോപണം. കർഷക സമരം രാഷ്ട്രീയ പ്രേരിതമോ രാഷ്ട്രീയ പാർട്ടികളുടെ നിയന്ത്രണത്തിലോ അല്ല എന്ന് കത്ത് വ്യക്തമാക്കുന്നു. നിയമങ്ങൾ പിൻവലിക്കാതെ പിന്മാറില്ല എന്ന് ആവർത്തിക്കുന്നതാണ് കത്ത്.

സമരത്തിനിടെ മരണമടഞ്ഞവർക്കും ജീവത്യാഗം ചെയ്തവർക്കും ആദരാജ്ഞലി അർപ്പിക്കുന്ന ശ്രദ്ധാജ്ഞലി സഭയ്ക്ക് മുന്നോടിയായാണ് കത്ത്. പ്രധാനമന്ത്രിക്കും കൃഷിമന്ത്രിക്കും പ്രത്യേകം, പ്രത്യേകം കത്തുകൾ കർഷകർ അയച്ചു. കർഷക സമരം രാഷ്ട്രീയ പാർട്ടികളുടെ സ്പോൺസേർഡ് സമരമല്ലെന്ന് കർഷകർ കത്തിൽ പറയുന്നു. അഭിമാനത്തോടെ കൃഷി ചെയ്ത് ജീവിക്കാനായുള്ള അവകാശത്തിനാണ് സമരം. താങ്ങുവില സമ്പ്രദായം അവസാനിക്കാൻ പോകുന്നു. എപിഎംസി മണ്ഡികൾ അടയ്ക്കുന്നു. കർഷകരുടെ ഏതെങ്കിലും തരത്തിൽ കുടിശ്ശിക ഉണ്ടായാൽ കരാറുകാർക്ക് ഭൂമി ഏറ്റെടുക്കാം. കരാർ കൃഷിയിൽ കർഷകരുടെ വിലയ്ക്ക് ഒരു ഉറപ്പും ഉണ്ടാകില്ല. കർഷകർക്ക് പണം ലഭിക്കില്ല. കരാർ കൃഷിക്കുള്ള ശ്രമങ്ങൾ മുമ്പ് ഉണ്ടായിട്ടില്ല. തുടങ്ങിയ കാര്യങ്ങളാണ് തങ്ങളുടെ പ്രശ്നങ്ങൾ.

വസ്തുതകൾ ഇതായിരിക്കെ കർഷക സമരത്തെ വഴിതിരിച്ച് വിടുന്ന പ്രസ്താവനകളാണ് പ്രധനമന്ത്രി നടത്തുന്നത്. കർഷക സമരത്തിന് രാഷ്ട്രീയ അജണ്ടയല്ല രാഷ്ട്രത്തിന്റെ താത്പര്യമാണ് ഉള്ളത്. കർഷകർ രാഷ്ട്രീയ പാർട്ടികളുടെ നിയന്ത്രണത്തിലല്ല. സ്വതന്ത്രമായ ചിന്തയും വ്യക്തമായ ബോധ്യവും ആണ് കർഷകർക്ക് ഉള്ളത്. പ്രധാനമന്ത്രി മധ്യപ്രദേശിൽ നടത്തിയ പ്രസ്താവനകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. ഇത്തരം പ്രസ്താവനകളുടെ ലക്ഷ്യം എന്തായാലും അപമാനിക്കപ്പെടുന്നത് കർഷകരാണ്. എല്ലാ സമ്പാദ്യവും ഇട്ടെറിഞ്ഞ് വന്ന് കെടുംതണുപ്പിനെ അതിജീവിച്ചാണ് തങ്ങൾ സമരം ചെയ്യുന്നതെന്നും പ്രധാനമന്ത്രിക്കും കൃഷിമന്ത്രിക്കും അയച്ച കത്തിൽ കർഷകർ പറയുന്നു. കഴിഞ്ഞ ദിവസം കേന്ദ്ര കൃഷിമന്ത്രിയുടേതായി ലഭിച്ച 8 പേജുള്ള കത്തിനാണ് കർഷകർ മറുപടി നൽകിയത്.

Story Highlights – Farmers protest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top