ബാറുടമകളുടെ ആവശ്യം എക്സൈസ് വകുപ്പ് അം​ഗീകരിച്ചു; സംസ്ഥാനത്ത് ബാറുകൾ തുറന്നേക്കും

സംസ്ഥാനത്തെ ബാറുകള്‍ തുറക്കാന്‍ കളമൊരുങ്ങുന്നു. ബാറുകള്‍ തുറക്കണമെന്ന ഉടമകളുടെ ആവശ്യം എക്‌സൈസ് വകുപ്പ് അംഗീകരിച്ചു. ഈ ശുപാര്‍ശ അടങ്ങിയ ഫയല്‍ എക്‌സൈസ് വകുപ്പ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. മുഖ്യമന്ത്രി അംഗീകരിച്ചാല്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ബാറുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പിന്നീട് കൗണ്ടറുകള്‍ വഴി മദ്യം പാഴ്‌സലായി വിതരണം ചെയ്യാന്‍ അനുമതി നല്‍കി. ബാറുകളിലിരുന്ന് മദ്യപിക്കാന്‍ സൗകര്യം നല്‍കണമെന്ന് ബാറുകള്‍ മുമ്പും ആവശ്യപ്പെട്ടിരുന്നു. എക്‌സൈസ് വകുപ്പ് ഇത് അംഗീകരിച്ചുവെങ്കിലും ബാറുകള്‍ തുറക്കേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. എന്നാല്‍ മറ്റു പല സ്ഥാപനങ്ങള്‍ക്കും ഇളവുകള്‍ നല്‍കിയ പശ്ചാത്തലത്തില്‍ ബാറുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ഉടമകള്‍ വീണ്ടും എക്‌സൈസ് വകുപ്പിനോട് ആവശ്യപ്പെട്ടു. അപേക്ഷ പരിഗണിച്ച എസ്‌സൈസ് വകുപ്പ് ഇത് അംഗീകരിച്ച് ഫയല്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.

കഴിഞ്ഞ നിരവധി മാസങ്ങളായി ബാറുകള്‍ അടച്ചിട്ടിരിക്കുകയാണെന്നും ഭീമമായ നഷ്ടമാണ് ഇതിലുടെ ഉണ്ടാകുന്നതെന്നും ബാറുടമകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചു ബാറുകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാണ് എക്‌സൈസ് വകുപ്പും ശുപാര്‍ശ ചെയ്തത്. ഇക്കാര്യത്തില്‍ ആരോഗ്യ വിദഗ്ധരുമായി ആലോചിച്ച് മുഖ്യമന്ത്രി തീരുമാനമെടുക്കും. മുഖ്യമന്ത്രി അംഗീകാരം നല്‍കിയാല്‍ അടുത്ത ദിവസം തന്നെ ബാറുകള്‍ തുറക്കാനുള്ള ഉത്തരവിറങ്ങും.

Story Highlights Bar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top