Advertisement

​ഗവർ‌ണറുടെ നടപടി ഭരണഘടനയ്ക്ക് നിരക്കാത്തത്; രൂക്ഷ ഭാഷയിൽ കത്തയച്ച് മുഖ്യമന്ത്രി

December 22, 2020
Google News 1 minute Read

നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ​നടപടിക്കെതിരെ ​ഗവർണർക്ക് രൂക്ഷ ഭാഷയിൽ കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ. ​ഗവർണറുടെ നടപടി ഭരണഘടനയ്ക്ക് നിരക്കാത്തതാണെന്ന് ​മുഖ്യമന്ത്രി കത്തിൽ‌ ചൂണ്ടിക്കാട്ടി. നിയമസഭ വിളിക്കുന്ന കാര്യത്തിൽ ​ഗവർണർക്ക് വിവേചനാധികാരമില്ല. നിയമസഭയിൽ വ്യക്തമായ ഭൂരിപക്ഷമുള്ള സർക്കാരിന്റെ ശുപാർശ തള്ളാൻ ​ഗവർണർക്ക് അധികാരമില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

അടിയന്തര സാഹചര്യമില്ല എന്ന ​ഗവർണറുടെ വാദം തെറ്റാണ്. ​ഗവർണറുടെ നടപടി ഭരണഘടനയുടെ 174 (ഒന്ന്) അനുച്ഛേദത്തിന് വിരുദ്ധമാണ്. രാഷ്ട്രപതിയും ​ഗവർണറും മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് പ്രവർത്തിക്കേണ്ടത്. പഞ്ചാബ് സംസ്ഥാനവും ഷംസീർ സിം​ഗും തമ്മിലുള്ള കേസിൽ (1975) സുപ്രിംകോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തെ വിവിധ ഭാ​ഗങ്ങളിൽ കർഷകർ നടത്തുന്ന പ്രക്ഷോഭം ഇന്നത്തെ നിലയിലേക്ക് വളർന്നത് കഴിഞ്ഞ ദിവസങ്ങളിലാണ്. ഭക്ഷ്യസാധനങ്ങൾക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് കർഷക സമൂഹവും കാർഷിക മേഖലയും നേരിടുന്ന പ്രശ്നങ്ങളിൽ ഉത്കണ്ഠയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കാർഷിക നിയമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ബുധനാഴ്ച ചേരാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് ​ഗവർണർ അനുമതി നിഷേധിച്ചിരുന്നു. ഇതേ തുടർന്ന് നാളെ നിയമസഭാ സമ്മേളനം ചേരില്ല. നിയമസഭാ സമ്മേളനവുമായി ബന്ധപ്പെട്ട് സർ‌ക്കാർ നൽകിയ വിശദീകരണം ​ഗവർണർ തള്ളി. പ്രത്യേക സമ്മേളനം ചേരേണ്ട അടിയന്തര സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവർണറുടെ അസാധാരണ നടപടി. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.

Story Highlights – Legislative assembly, Pinarayi vijayan, Arif muhammad khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here