ഗവര്‍ണറെ പിന്തുണച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍

Union Minister V Muraleedharan supports the Governor

നാളെ നടക്കാനിരുന്ന നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഗവര്‍ണറുടെ നടപടി സ്വാഗതം ചെയ്യുന്നുവെന്ന് മരുളീധരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

പ്രത്യേക സമ്മേളനത്തിലൂടെ ഭരണപക്ഷം ലക്ഷ്യമിടുന്നത് ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ്. നിയമസഭയെ രാഷ്ട്രീയ കളിക്കുള്ള വേദിയാക്കാനുള്ള നീക്കമാണ് സർക്കാരും പ്രതിപക്ഷവും നടത്തുന്നതെന്നും മന്ത്രി പോസ്റ്റിൽ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

കാർഷിക നിയമം സംബന്ധിച്ച് ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാനുള്ള കേരള സർക്കാരിന്‍റെ തീരുമാനത്തിന് അനുമതി നൽകാത്ത ഗവർണറുടെ നടപടിയെ സ്വാഗതം ചെയ്യുന്നു. ജനുവരി 8 ന് ബജറ്റ് സമ്മേളനം ചേരാനിരിക്കെ പ്രത്യേക സമ്മേളനം ചേരേണ്ടതില്ലെന്നാണ് സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയത്. പ്രത്യേക സമ്മേളനം ചേരാൻ അടിയന്തിര സാഹചര്യം സംസ്ഥാനത്തില്ലെന്ന ഗവർണറുടെ വിലയിരുത്തൽ തീർത്തും ശരിയാണ്. പ്രത്യേക സമ്മേളനത്തിലൂടെ ഭരണപക്ഷം ലക്ഷ്യമിടുന്നത് ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ്. ഇതിന് പിന്തുണ നൽകുകയാണ് പ്രതിപക്ഷത്തിരിക്കുന്ന കോൺഗ്രസ്സ്. എന്ത് ചർച്ച ചെയ്യണമെന്ന് തീരുമാനിക്കുന്നത് മന്ത്രി സഭയാണെന്ന് സമ്മതിക്കുക വഴി തങ്ങൾ പ്രതിപക്ഷത്താണോ അതോ ഭരണകക്ഷിയുടെ ഭാഗമാണോയെന്ന് കോൺഗ്രസ്സ് നേതൃത്വം വ്യക്തമാക്കണം.ഇക്കാര്യത്തിലുള്ള സർക്കാരിന്‍റെ വാദങ്ങൾ ബാലിശമാണ്.നിയമസഭയെ രാഷ്ട്രീയകളിക്കുള്ള വേദിയാക്കാനുള്ള നീക്കമാണ് സർക്കാരും പ്രതിപക്ഷവും നടത്തുന്നത്.ജനങ്ങളുടെ നികുതി പണം രാഷ്ട്രീയ നേട്ടത്തിന് ദുരുപയോഗിക്കാൻ അനുവദിക്കില്ലെന്ന ഗവർണറുടെ നിലപാട് ശ്ലാഘനീയം.ഈ തീരുമാനമെടുത്ത ഗവർണറെ അഭിനന്ദിക്കുന്നു. ഗവർണറുടെ തീരുമാനത്തിനെതിരെ വിമർശനം ഉയർത്തുന്നവരുടെ രാഷ്ട്രീയ താത്പര്യം ജനങ്ങൾ തിരിച്ചറിയും.

Story highlights: Union Minister V Muraleedharan supports the Governor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top