മാതൃസദൃശമായ സ്നേഹം ടീച്ചറില്‍ നിന്നും ലഭിച്ചിരുന്നു: മന്ത്രി കെ.കെ. ശൈലജ
പ്രശസ്ത കവയത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗത കുമാരി ടീച്ചറുടെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അനുശോചനം രേഖപ്പെടുത്തി. തന്നെ സംബന്ധിച്ചടത്തോളം മാതൃസദൃശമായ സ്നേഹം ടീച്ചറില്‍ നിന്നും ലഭ്യമായിരുന്നുവെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. അതുകൊണ്ടു തന്നെ പെറ്റമ്മയുടെ വേര്‍പാടുപോലെ വലിയ സങ്കടകരമായ ഒന്നാണ് സുഗതകുമാരി ടീച്ചറിന്റെ വേര്‍പാട്. കുറച്ചുനാള്‍ മുന്‍പേ ചില അംഗീകാരങ്ങളില്‍ അഭിനന്ദനങ്ങള്‍ പറയുന്നതിന് വേണ്ടി ടീച്ചര്‍ വിളിച്ചിരുന്നു. മാനസികമായി എപ്പോഴും കൂടെയുണ്ടെന്നും യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടുള്ളതുകൊണ്ട് നേരില്‍ കാണാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. ടീച്ചറിനെ ഞാന്‍ നേരിട്ട് വന്ന് കാണാത്തത് കൊവിഡ് പ്രോട്ടോകോള്‍ പാലിക്കേണ്ടതു കൊണ്ടാണെന്ന് ടീച്ചറിനോടും പറഞ്ഞു. രോഗബാധിതയായതിന് ശേഷം ചികിത്സിച്ച് അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ ടീം കിണഞ്ഞ് പരിശ്രമിച്ചിരുന്നു. പക്ഷെ ടീച്ചര്‍ നമ്മെ വിട്ടുപിരിഞ്ഞു. കേരളത്തിന് മാത്രമല്ല ഈ ലോകത്തിന് തന്നെ പ്രിയങ്കരിയായി മാറിയിട്ടുള്ള സുഗതകുമാരി ടീച്ചറിനെ ഒരിക്കലും മറക്കാന്‍ കഴിയില്ല. അഭയിലൂടെയും മറ്റ് നിരവധി പ്രവര്‍ത്തനങ്ങളിലൂടെയും അശരണരുടെ രക്ഷയ്ക്കെത്താന്‍ ടീച്ചര്‍ എപ്പോഴും പരിശ്രമിച്ചിരുന്നു. സ്ത്രീകളുടെ സുരക്ഷയ്ക്ക് ടീച്ചര്‍ പ്രത്യേകിച്ച് മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ചിരുന്നു.
‘ സംസ്ഥാനത്തെ ആദ്യത്തെ വനിത കമ്മീഷന്‍ അധ്യക്ഷയായി നല്ല രീതിയിലുള്ള പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ ടീച്ചര്‍ക്ക് സാധിച്ചു. സുഗത കുമാരി ടീച്ചറെ പറ്റിയുള്ള ഒരു വിശദീകരണം കേരളത്തിന് ആവശ്യമില്ല. പരിസ്ഥിതിയേയും മനുഷ്യനേയും സ്നേഹിച്ചുകൊണ്ട് അവര്‍ക്ക് ശരിയെന്ന് തോന്നുന്ന അഭിപ്രായങ്ങള്‍ ധീരമായി തുറന്ന് പറഞ്ഞ് കേരള സമൂഹത്തിന്റെ കൂടെ എന്നും സജീവമായി ടീച്ചര്‍ ഉണ്ടായിരുന്നു. മനുഷ്യ മനസിന്റെ ആര്‍ദ്രതലങ്ങളെ സ്പര്‍ശിക്കുന്ന സുഗതകുമാരി ടീച്ചറിന്റെ കവിതകള്‍ക്ക് ഒരിക്കലും മരണമില്ല. ടീച്ചറിന്റെ സ്നേഹപൂര്‍ണമായ വാക്കുകള്‍ എന്നും നിലനില്‍ക്കും. പ്രിയപ്പെട്ട കേരളത്തിന്റെ സുഗതകുമാരി ടീച്ചര്‍ക്ക് കണ്ണീരോടെയല്ലാതെ വിടനല്‍കുവാന്‍ കേരളീയ സമൂഹത്തിന് കഴിയില്ല. അവരുടെ നിര്യാണം കടുത്ത വേര്‍പാടിന്റെ വേദനയുളവാക്കുന്നു എന്ന് സൂചിപ്പിച്ചുകൊണ്ട് ടീച്ചറിന് എല്ലാ ബഹുമാനത്തോടെയും സ്നേഹത്തോടെയും അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കുന്നു’ മന്ത്രി കെകെ ശൈലജ പറഞ്ഞു.
Story Highlights – KK Shailaja pays homage to Sugathakumari
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here