ലീഗ് വിമതന്റെ പിന്തുണയില്‍ മുക്കം നഗരസഭാ ഭരണം ഇടത് മുന്നണിക്ക്

- LDF to rule Mukkam municipality

ലീഗ് വിമതന്റെ പിന്തുണയില്‍ മുക്കം നഗരസഭാ ഭരണം ഇടത് മുന്നണിക്ക്. മുസ്ലിം ലീഗ് വിമതന്‍ മുഹമ്മദ് അബ്ദുല്‍ മജീദ് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഭരണം ഇടത് മുന്നണിക്ക് ലഭിച്ചത്. എല്‍ഡിഎഫും യുഡിഎഫും 15 സീറ്റ് വീതം നേടിയതോടെയാണ് മജീദിന്റെ തീരുമാനം നിര്‍ണായകമായത്.

ഒരാഴ്ച നീണ്ടു നിന്ന അനശ്ചിതത്വത്തിനൊടുവിലാണ് മുക്കം നഗരസഭ ആരു ഭരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായത്. ലീഗ് വിമതനായി ജയിച്ച മുഹമ്മദ് അബ്ദുല്‍ മജീദ് എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ നഗരസഭാ ഭരണം ഇടത് മുന്നണിക്ക് ലഭിക്കും. ആര്‍ക്കും ഭൂരിപക്ഷം ഇല്ലാതിരുന്നതോടെയാണ് മുക്കത്ത് മജീദിന്റെ തീരുമാനം നിര്‍ണായകമായത്. മുന്നോട്ട് വെച്ച വികസന ആവശ്യങ്ങള്‍ അംഗീകരിച്ചതിനാലാണ് എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്നതെന്നും എന്നും ലീഗുകാരനായി തുടരുമെന്നും അബ്ദുല്‍ മജീദ് പറഞ്ഞു. യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യം കൊണ്ട് ശ്രദ്ധേയമായ നഗരസഭയാണ് മുക്കം നഗരസഭ. ആകെ ഉള്ള 33 സീറ്റില്‍ 15 സീറ്റുകള്‍ വീതമാണ് ഇടത് വലത് മുന്നണികള്‍ സ്വന്തമാക്കിയത്. രണ്ട് സീറ്റ് ബി ജെ പി യും സ്വന്തമാക്കിയിരുന്നു. എന്നാല്‍ നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നിന്നും ബിജെപി വിട്ടു നില്‍ക്കുമെന്നാണ് സൂചന.

Story Highlights – LDF to rule Mukkam municipality

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top