കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും; ഘടകകക്ഷി നേതാക്കള്‍ക്ക് കെ.സി വേണുഗോപാലിന്റെ ഉറപ്പ്

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഘടകകക്ഷി നേതാക്കള്‍ക്ക് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ ഉറപ്പ്. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും വരെ ദേശീയ സെക്രട്ടറിമാര്‍ കേരളത്തില്‍ തുടരും. തദ്ദേശ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താനും തിരുത്താനും കോണ്‍ഗ്രസ് ജില്ലാതല അവലോകനങ്ങളിലേക്ക് കടന്നു. കോണ്‍ഗ്രസിലെ സംഘടനാ പ്രശ്‌നങ്ങള്‍ തിരുത്തിയേ മതിയാകൂ എന്ന ഘടകകക്ഷികളുടെ നിലപാട് ഗൗരവമായാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം എടുക്കുന്നത്. പോരായ്മകള്‍ കണ്ടെത്തി തിരുത്താന്‍ കേരളത്തിലേക്ക് എത്തിയ മൂന്ന് ദേശീയ സെക്രട്ടറിമാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുംവരെ ഇവിടെ തുടരും. സാമുദായിക സാംസ്‌കാരിക നേതാക്കളുമായി ഇവര്‍ കൂടിക്കാഴ്ച നടത്തും. യുഡിഎഫിന് നഷ്ടമായ പരമ്പരാഗത വോട്ടുകള്‍ തിരികെ എത്തിക്കുകയാണ് ലക്ഷ്യം. കേരളത്തിലെത്തിയ കെ.സി വേണുഗോപാല്‍ ഘടകകക്ഷി നേതാക്കളുമായി പ്രത്യേകം ആശയവിനിമയം നടത്തി.
സംഘടനാപരമായി കോണ്‍ഗ്രസിനുണ്ടായ വീഴ്ചകളും പോരായ്മകളും പരിഹരിക്കുമെന്ന് കെ.സി വേണുഗോപാല്‍ ഘടകക്ഷി നേതാക്കള്‍ക്ക് ഉറപ്പുനല്‍കി. തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടി പഠിക്കാനും തിരുത്താനും കോണ്‍ഗ്രസിന്റെ ജില്ലതിരിച്ചുള്ള അവലോകനയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. മൂന്നു ദിവസമാണ് യോഗം. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളുടെ അവലോകനയോഗം ആണ് ആദ്യം. നിയോജകമണ്ഡലം, ബ്ലോക്ക് കമ്മിറ്റികളിലെ അവലോകന യോഗങ്ങളില്‍ തെരഞ്ഞെടുപ്പ് പരാജയത്തില്‍ നേതൃത്വത്തിനെതിരെ വലിയ അമര്‍ഷമാണ് ഉയര്‍ന്നത്. കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ല അവലോകന യോഗങ്ങള്‍ നാളെയും തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലേത് മറ്റന്നാളും നടക്കും. ഞായറാഴ്ച താരിഖ് അന്‍വറിന്റെ സാന്നിധ്യത്തില്‍ രാഷ്ട്രീയ കാര്യസമിതിയും ചേരും.
Story Highlights – Problems in Congress will be solved; KC Venugopal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here