എഴുത്തിലും, കര്‍മത്തിലും, ജീവിതത്തിലും ഗാന്ധിയന്‍ വിശുദ്ധി കാത്തു സൂക്ഷിച്ച സര്‍ഗ പ്രതിഭയായിരുന്നു സുഗതകുമാരി; രമേശ് ചെന്നിത്തല

Ramesh Chennithala pays homage to poetess Sugathakumari

പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഗാധമായ ദുഃഖം രേഖപ്പെടുത്തി. പിതാവായ ബോധേശ്വരനെപ്പോലെതന്നെ എഴുത്തിലും, കര്‍മത്തിലും, ജീവിതത്തിലും ഗാന്ധിയന്‍ വിശുദ്ധി കാത്തു സൂക്ഷിച്ച സര്‍ഗ പ്രതിഭയായിരുന്നു സുഗതകുമാരി. എംഎല്‍എ ആയ കാലം മുതല്‍ സുഗതകുമാരിയുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞിരുന്നു. എത്രയോ തവണ നന്ദാവനത്തെ അവരുടെ വീട്ടിലെത്തി ആ സ്‌നേഹവാത്സല്യങ്ങള്‍ അനുഭവിക്കാനുള്ള ഭാഗ്യവും ഉണ്ടായിട്ടുണ്ട്.

ഇരുപതാം നൂറ്റാണ്ടില്‍ മലയാള ഭാഷയില്‍ ഉണ്ടായ അതുല്യ പ്രതിഭകളും സര്‍ഗധനരുമായ കവികളുടെ കൂട്ടത്തിലാണ് സുഗത കുമാരിയുടെ സ്ഥാനം. തന്റെ കവിതകളിലൂടെ ഒരു പുതിയ പാരിസ്ഥിതികാവബോധം അനുവാചകര്‍ക്ക് പകര്‍ന്നു നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞു. സ്ത്രീകള്‍, കുട്ടികള്‍, ആലംബ ഹീനരായ ജനവിഭാഗങ്ങള്‍ എന്നിവരുടെ ഉന്നമനത്തിനുവേണ്ടിയാണ് തന്റെ കവിതയുടെ ശക്തി അവര്‍ എക്കാലവും ഉപയോഗിച്ചത്. സാഹിത്യലോകത്ത് അവരെ തേടി എത്താത്ത ബഹുമതികള്‍ ഇല്ലെങ്കിലും അതിനെല്ലാം മേലെ മാനവികതയുടെ ശബ്ദമാണ് തന്റെ കവിതയുടെ കാതല്‍ എന്ന് അവര്‍ എന്നും വിശ്വസിച്ചിരുന്നു. സുഗതകുമാരിയുടെ നിര്യാണം മലയാളസാഹിത്യ ലോകത്തിലെ ഒരു യുഗാസ്തമയമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Story Highlights – Ramesh Chennithala pays homage to poetess Sugathakumari

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top