വാഗമണ്‍ ലഹരി നിശാ പാര്‍ട്ടി സംഘടിപ്പിച്ചത് വാട്‌സ്ആപ് കൂട്ടായ്മ വഴി; യുവനടിയെ കേന്ദ്രീകരിച്ചും അന്വേഷണം

വാഗമണ്ണില്‍ ലഹരി നിശാപാര്‍ട്ടി സംഘടിപ്പിച്ചത് അറസ്റ്റിലായ നബീലും സല്‍മാനുമെന്ന് പൊലീസ്. ‘ആഡ്രാ ആഡ്രാ’ എന്ന വാട്‌സ്ആപ് കൂട്ടായ്മയിലൂടെയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. കോഴിക്കോട് സ്വദേശി അജയനും തൊടുപുഴ സ്വദേശി അജ്മലും ആയിരുന്നു വാട്‌സ്ആപ് കൂട്ടായ്മയുടെ അഡ്മിനുകള്‍.
കൂട്ടായ്മയിലുള്ളത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 17 പേരാണ്. ലഹരി മരുന്നില്‍ ഭൂരിഭാഗവും എത്തിച്ചത് തൊടുപുഴ സ്വദേശിയായ സഹീറെന്നും പൊലീസ് കണ്ടെത്തി. സംഭവ ദിവസം വാഗമണ്ണില്‍ ഉണ്ടായിരുന്ന യുവനടിയെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. യുവനടി പാര്‍ട്ടിയില്‍ എത്തുന്നതിന് തൊട്ടുമുന്‍പാണ് റെയ്ഡ് നടന്നതെന്നും വിവരം.
Read Also : വാഗമണ്‍ നിശാപാര്‍ട്ടി; പങ്കെടുത്തവരുടെ വൈദ്യപരിശോധന ഫലം ഇന്ന് പുറത്ത് വരും
അതേസമയം പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ 49 പേരെ പൊലീസ് വിട്ടയച്ചു. ആവശ്യമെങ്കില്‍ ഇവരെ വീണ്ടും ചോദ്യം ചെയ്യും. റിമാന്‍ഡില്‍ ഉള്ള പ്രതികളെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.
നിശാപാര്‍ട്ടിക്ക് എത്തിച്ച സ്റ്റാമ്പ്, എംഡിഎംഎ, ഹെറോയിന്‍, കഞ്ചാവ് ഉള്‍പ്പെടെയുള്ള മാരക ലഹരി വസ്തുക്കള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. സാമൂഹ്യ മാധ്യമങ്ങള്‍ വഴി നിശാപാര്‍ട്ടി സംഘടിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്. ഇതില്‍ മൂന്ന് യുവാക്കളുടെയും ഒരു യുവതിയുടെയും ഉള്‍പ്പെടെ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ലോക്കല്‍ പൊലീസിനെ അറിയിക്കാതെ ആയിരുന്നു നര്‍ക്കോട്ടിക്ക് സെല്ലിന്റെ മിന്നല്‍ പരിശോധന.
Story Highlights – vagamon, nigh party, actress