Advertisement

ബിടെക് മോഡറേഷന്‍ റദ്ദാക്കിയ മഹാത്മാഗാന്ധി സര്‍വകലാശാല തീരുമാനം ഹൈക്കോടതി റദ്ദാക്കി

December 24, 2020
Google News 1 minute Read

വിവാദത്തെ തുടര്‍ന്ന് ബിടെക് മോഡറേഷന്‍ റദ്ദാക്കിയ മഹാത്മാഗാന്ധി സര്‍വകലാശാലയുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കി. നടപടിയെ തുടര്‍ന്ന് തൊഴിലും ഉപരിപഠന സാധ്യതകളും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികളുടെ ഹര്‍ജിയിലാണ് ഉത്തരവ്. നിയമപരമായല്ല ബിരുദം റദ്ദാക്കിയതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, സര്‍വകലാശാല നടപടിയെ വിമര്‍ശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തെ തുടര്‍ന്നുണ്ടായ മാര്‍ക്ക് ദാന വിവാദത്തില്‍ ഗവര്‍ണര്‍ അന്വേഷണം നടത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 22ന് നടന്ന എംജി സര്‍വകലാശാല അദാലത്തില്‍ ബിടെക് വിദ്യാര്‍ത്ഥികള്‍ക്ക് മോഡറേഷന്‍ നല്‍കാന്‍ തീരുമാനമെടുത്തിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി ഇടപെട്ട് അനധികൃത മാര്‍ക്ക് ദാനം നടത്തിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. സംഭവത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ റിപ്പോര്‍ട്ട് തേടി.

2019 ഒക്ടോബര്‍ 18ന് വൈസ് ചാന്‍സിലര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സര്‍വകലാശാല മാര്‍ക്ക് ദാനത്തെ ന്യായീകരിച്ചു. നടപടിക്രമങ്ങള്‍ പാലിച്ചാണ് മോഡറേഷന്‍ നല്‍കിയതെന്നായിരുന്നു വിശദീകരണം. ഇതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 26ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം, മോഡറേഷന്‍ പിന്‍വലിച്ച് മാര്‍ക്ക് ദാനത്തിലൂടെ ജയിച്ച 118 സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വിളിച്ചു.

ബിരുദം റദ്ദാക്കിയതിനെ തുടര്‍ന്ന്, ഉപരിപഠന – തൊഴില്‍ സാധ്യതകള്‍ നഷ്ടപ്പെട്ടവരാണ് നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. മാര്‍ക്ക് ദാനം റദ്ദാക്കാനുള്ള സര്‍വകലാശാലാ ഉത്തരവില്‍ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചു. ബിരുദം റദ്ദാക്കിയത് നിയമപരമായി അല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി സര്‍വകലാശാല നടപടി റദ്ദാക്കിയത്.

മോഡറേഷന്‍ ലഭിക്കാതെ വിജയിച്ച 18 വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ സര്‍വകലാശാല അബദ്ധത്തില്‍ റദ്ദാക്കിയ നടപടിയും വിവാദത്തിലായിരുന്നു. ഈ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായി. ഈ വര്‍ഷമാദ്യം സര്‍വകലാശാലയില്‍ എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാര്‍ക്ക് ദാനം ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ അധികൃതരെ പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു.

Story Highlights – Mahatma Gandhi University – High Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here