Advertisement

സഹോദരനെയടക്കം യുഎപിഎ കേസിൽ പ്രതിയാക്കുമെന്ന് ഭീഷണി; ഇ.ഡി സമ്മർദം ചെലുത്തി മൊഴിയെടുക്കുന്നതായി റൗഫ് ഷെരീഫ്

December 24, 2020
1 minute Read

കസ്റ്റഡിയിൽ വച്ച് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തി മൊഴിയെടുക്കുന്നതായി ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറി റൗഫ് ഷെരീഫ്. സഹോദരനെയടക്കം യുഎപിഎ കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി വെള്ള പേപ്പറിൽ ഒപ്പിട്ട് വാങ്ങുന്നതായും റൗഫ് ഷെരീഫ് കോടതിയിൽ വ്യക്തമാക്കി.

ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായ ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ റൗഫ് ഷെരീഫ് എറണാകുളം പ്രിൻസിപ്പൽ ജില്ലാ ജഡ്ജിക്ക് പരാതി നൽകിയത്. വൈകിട്ട് ആറുമണിക്ക് ശേഷം ചോദ്യംചെയ്യൽ പാടില്ലെന്നിരിക്കെ പലതവണ രാത്രിയും ഉദ്യോഗസ്ഥർ തന്നെ ചോദ്യം ചെയ്തതായി റൗഫ് ഷെരീഫ് കോടതിയിൽ പറഞ്ഞു. ഇ.ഡി ഉദ്യോഗസ്ഥർ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് തന്റെ മൊഴിയായി എഴുതിയിരിക്കുന്നത്. തനിക്ക് പരിചയമില്ലാത്ത ആളുകളുമായും ബന്ധമുണ്ടായിരുന്നതായി ഇവർ നിർബന്ധിച്ചു മൊഴിയെടുത്തു. അവർ പറയുന്നത് അനുസരിച്ചില്ലെങ്കിൽ അനുജൻ അടക്കം യുഎപിഎ കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വെള്ളക്കടലാസിൽ ഒപ്പിട്ട് വാങ്ങി. തന്റെ മുന്നിൽവച്ച് സഹോദരനെ വിളിച്ച് ഭീഷണിപ്പെടുത്തി. ഇതോടെ കോടതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ശക്തമായി താക്കീത് ചെയ്തു.

കോടതിയുടെ കസ്റ്റഡിയിലുള്ള പ്രതികളോട് ഇത്തരത്തിലുള്ള പെരുമാറ്റങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ജഡ്ജി മുന്നറിയിപ്പ് നൽകി. ഇതുവരെ നടന്നതിനെ കുറിച്ച് കൂടുതൽ പ്രതികരിക്കുന്നില്ലെന്നും ഭാവിയിൽ ഇത് ആവർത്തിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും കോടതി ഇ.ഡിക്ക് മുന്നറിയിപ്പ് നൽകി. മൂന്നു ദിവസം കൂടി റൗഫ് ഷെരീഫിനെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ കോടതി വിട്ടു.

അതിനിടെ പോപ്പുലർ ഫ്രണ്ടിന്റെ അക്കൗണ്ടിൽ 100 കോടിയിലധികം രൂപ കഴിഞ്ഞ ഒരു വർഷത്തിനിടെ എത്തിയതായി ഇ.ഡി കോടതിയെ അറിയിച്ചു. റൗഫ് ഷെരീഫിൻ്റെ നിർദേശപ്രകാരമാണ് ഇവർ ഹത്റാസിലേയ്ക്ക് പോയതെന്നും ഈ സംഘത്തിൽ സിദ്ദിഖ് കാപ്പനെ ഉൾപ്പെടുത്തിയത് റൗഫ് ഷെരീഫ് ആണെന്നും ഇ.ഡി കോടതിയിൽ‌ വ്യക്തമാക്കി.

Story Highlights – Campus front, Enforcement directorate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top