‘ഇങ്ങനെയാണ് കറുത്ത വർഗക്കാർ മരിക്കുന്നത്’; മരണത്തിന് മുൻപുള്ള ഒരു ഡോക്ടറുടെ വിഡിയോ

ശ്വാസം കിട്ടാതെ വാക്യങ്ങൾ മുറിഞ്ഞുപോകുമ്പോഴും, തന്റെ സന്ദേശം ലോകത്തിന് മുന്നിലേക്ക് എത്തിക്കാൻ പ്രത്നിക്കുകയായിരുന്നു ഡോ.സൂസൻ മൂർ. കൊവിഡ് ബാധിച്ച് ആശുപത്രി കിടക്കയിൽ ജീവന് വേണ്ടി മല്ലിടുമ്പോൾ അവർ അവസാനമായി ലോകത്തോട് പറഞ്ഞത് താനും താനടക്കമുള്ള കറുത്ത വർഗക്കാരും അനുഭവിക്കുന്ന വിവേചനത്തെ കുറിച്ചാണ്. തൊലിയുടെ നിറം കറുപ്പാണ് എന്ന ഒറ്റ കാരണം കൊണ്ട് ചികിത്സ നിഷേധിക്കപ്പെട്ട സ്ത്രീയാണ് സൂസൻ മൂർ. ഒരു ഡോക്ടറുടെ ആനുകൂല്യം പോലും അവർക്ക് ലഭിച്ചില്ല.
ആഫ്രിക്കൻ-അമേരിക്കൻ വംശജർക്ക് വലിയ വിവേചനമാണ് അമേരിക്കയിൽ നേരിടേണ്ടി വരുന്നതെന്ന് സൂസൻ പറയുന്നു. കൊവിഡ് ബാധിച്ച തനിക്ക് ശ്വാസ തടസമുണ്ടെന്ന് ഡോക്ടറോട് പറഞ്ഞിട്ടും അത് വിശ്വസിക്കാൻ ഡോക്ടർ കൂട്ടാക്കിയില്ല. ഇൻഡിയാനോപ്പോളിസിനടത്തുള്ള ആശുപത്രിയിലായിരുന്നു സൂസനെ പ്രവേശിപ്പിച്ചത്.
ആരോഗ്യ സ്ഥിതി മോശമായിരുന്നിട്ട് കൂടി സൂസനെ എത്രയും പെട്ടെന്ന് ഡിസ്ചാർജ് ചെയ്യാൻ ആശുപത്രി അധികൃതർ ശ്രമിച്ചിരുന്നതിനെ കുറിച്ചും അവർ വിഡിയോയിൽ പറഞ്ഞു. കഴുത്തിൽ അനുഭവപ്പെട്ട വേദന ശമിപ്പിക്കാൻ വേദനാസംഹാരികൾ ചോദിച്ച സൂസന് ലഭിച്ചത് പുച്ഛവും അവഗണനയുമായിരുന്നു.
ലഹരി മരുന്നിന് അടിമയായ ഒരു വ്യക്തിയുടെ രോദനമായാണ് എന്നെ നോക്കിയത്. ഞാനൊരു ഫിസിഷ്യനാണെന്ന് അവർക്ക് അറിയാമായിരുന്നു. ഞാൻ ഒരിക്കലും ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ല- ദശലക്ഷണക്കണക്കിന് പേർ കണ്ട വിഡിയോയിൽ സൂസൻ പറയുന്നു. ഡോ,ബാനെക്ക് ആണ് തന്നോട് അവഗണന കാണിച്ചതെന്നും സൂസൻ പറഞ്ഞു. ഇങ്ങനെയാണ് കറുത്ത വർഗക്കാർ മരിക്കുന്നതെന്നും സൂസൻ പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് 52 കാരിയായ സൂസൻ മൂർ മരിച്ചത്. രാജ്യത്തെ ആരോഗ്യ രംഗം കറുത്ത വർഗക്കാരോട് കാണിക്കുന്ന വിവേചനം തുറന്നുകാട്ടുന്നതായിരുന്നു സൂസന്റെ അവസാന വിഡിയോ.
Story Highlights – Doctor Video Before Covid Death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here