രാജസ്ഥാനിലെ ജയ്സാൽമീറിൽ പതിച്ച പാക് മിസൈലുകൾ നിർവീര്യമാക്കി

രാജസ്ഥാനിലെ ജയ്സാൽമീറിൽ പതിച്ച മിസൈലുകൾ നിർവീര്യമാക്കുന്നത് പൂർത്തിയാക്കി. ജയ്സാൽമീർ ജില്ലാ ഭരണകൂടവും പൊലീസും സുരക്ഷ സേനയും ചേർന്നാണ് നടപടി. കഴിഞ്ഞ ദിവസങ്ങളിൽ പാക് ആക്രമണത്തിൽ പതിച്ച മിസൈലുകളും സ്ഫോടക വസ്തുക്കളുമാണ് നിർവീര്യമാക്കിയത്. അതീവജാഗ്രതയിലാണ് മേഖലയുള്ളത്. വളരെ വിസ്തൃതമായ അതിർത്തി പ്രദേശമായതിനാൽ ഗ്രാമവാസികളോട് ജാഗ്രത പുലർത്താൻ പൊലീസും സൈന്യവും ആവശ്യപ്പെട്ടിട്ടുണ്ട്.
രാജസ്ഥാനിലെ സ്ഥിതി ഏറെക്കുറെ സാധാരണമാണെങ്കിലും ചില സ്ഥലങ്ങളിൽ നിന്ന് വെടിയുണ്ടകളും സംശയാസ്പദമായ വസ്തുക്കളും കണ്ടെത്തുന്നുണ്ടെന്ന് ജയ്സാൽമീർ എസ് പി സുധീർ വ്യക്തമാക്കിയിരുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ നാല് പേരെ പിടികൂടി. സംശയാസ്പദമായ വസ്തുക്കളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യരുതെന്നും രാജസ്ഥാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, ഇന്നലെ ഏറെ വൈകിയും ഇന്ത്യാ-പാക് അതിർത്തിയിൽ പ്രഖ്യാപിച്ച വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താന്റെ പ്രകോപനം ഉണ്ടായിരുന്നു. വിവിധ ഇടങ്ങൾ ലക്ഷ്യമിട്ടുള്ള ഡ്രോൺ ആക്രമണ ശ്രമങ്ങൾ ഇന്ത്യ തകർത്തു. നഗ്രോട്ട സൈനിക ക്യാമ്പിന് സമീപമുണ്ടായ വെടിവെപ്പിൽ ജവാന് നിസാര പരുക്കേറ്റെന്ന് സൈന്യം അറിയിച്ചിരുന്നു.
വെടിനിർത്തല്‍ ധാരണ നിലനിർത്തി ഇന്ത്യയും പാകിസ്താനും സംയമനത്തോടെ നീങ്ങണമെന്ന് ലോകരാജ്യങ്ങള്‍ ആവശ്യപ്പെട്ടു. വെടിനിർത്തല്‍ തങ്ങളുടെ ഇടപെടല്‍ മൂലമെന്ന് അമേരിക്ക ആവർത്തിച്ചു. ഇന്ത്യ- പാക് വെടിനിർത്തലിനായി യുഎസ് വൈസ് പ്രസിഡന്റ് മോദിയെ വിളിച്ചുവെന്നും ഭയാനകമായ ഒരു ഇൻ്റലിജൻസ് വിവരം ഇന്ത്യയുമായി പങ്കുവെച്ചെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ അവകാശപ്പെട്ടു. അതിൻ്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ വെടിനിർത്തലിന് തയ്യാറായതെന്നും അമേരിക്ക അവകാശവാദം ഉന്നയിച്ചു.
Story Highlights : Pakistani missiles that landed in Jaisalmer, Rajasthan, neutralized
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here