കുട്ടനാട്ടില്‍ താറാവ് കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

ആലപ്പുഴ കുട്ടനാട്ടില്‍ താറാവ് കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. പക്ഷിപ്പനിയാണോ എന്ന ആശങ്കയിലാണ് ജില്ലയിലെ താറാവ് കര്‍ഷകര്‍. വിദഗ്ധ പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചു. ഫലം ലഭിച്ചാല്‍ മാത്രമേ രോഗം എന്തെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ എന്നാണ് മൃഗ സംരക്ഷണ വകുപ്പിന്റെ വിശദീകരണം.
കുട്ടനാട്ടിലെ താറാവ് കര്‍ഷകരെ വീണ്ടും ആശങ്കയിലാക്കിയാണ് താറാവ് കുഞ്ഞുങ്ങള്‍ ചത്തൊടുങ്ങുന്നത്. കരുമാടി, പള്ളിപാട് മേഖലകളിലുള്ള കര്‍ഷകരുടെ പതിനേഴായിരത്തിലധികം താറാവുകള്‍ ഇതുവരെ ചത്തു. താറാവുകള്‍ക്ക് വേണ്ട മരുന്നുകളും സംരക്ഷണവുമൊക്കെ നല്‍കിയെങ്കിലും ഫലം ഉണ്ടായില്ല. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞയാഴ്ച സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. രോഗം എന്തെന്ന് അറിയാത്തതില്‍ ആശങ്കയിലാണ് കര്‍ഷകര്‍.
താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതില്‍ കര്‍ഷകര്‍ നേരിടുന്ന നഷ്ടം വളരെ വലുതാണ്. അത് കൊണ്ട് തന്നെ കര്‍ഷകരെ സഹായിക്കാന്‍ വേണ്ട നടപടികള്‍ ഉണ്ടാകണമെന്ന ആവശ്യവും ഉയരുന്നുണ്ട്. തിരുവനന്തപുരത്തുള്ള ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേറ്റിംഗ് ലാബിലേക്ക് അയച്ച സാമ്പിള്‍ പരിശോധന ഫലം പുറത്ത് വന്നെങ്കില്‍ മാത്രമേ രോഗം എന്തെന്ന് അറിയാന്‍ കഴിയൂ. ഇന്നോ നാളെയോ ഫലം ലഭിക്കുമെന്നാണ് മൃഗ സംരക്ഷണ വകുപ്പ് പ്രതീക്ഷിക്കുന്നത്.
Story Highlights – ducklings die – Kuttanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here