രഹാനെയ്ക്ക് സെഞ്ചുറി; ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ലീഡ്

ബോക്സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യക്ക് നിർണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ്. രണ്ടാം ദിനം മഴ മൂലം നേരത്തെ കളി അവസാനിപ്പിക്കുമ്പോൾ 82 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇന്ത്യക്ക് ഉള്ളത്. സെഞ്ചുറി നേടി പുറത്താവാതെ നിൽക്കുന്ന അജിങ്ക്യ രഹാനെയാണ് ഇന്ത്യൻ ഇന്നിംഗ്സിനു കരുത്തായത്. ശുഭ്മൻ ഗിൽ, രവീന്ദ്ര ജഡേജ, റിഷഭ് പന്ത് തുടങ്ങിയവരും ഇന്ത്യക്കായി മികച്ച പ്രകടനം നടത്തി.
ഓസ്ട്രേലിയയെ 195 റൺസിനു പുറത്താക്കി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ആദ്യ ദിവസം തന്നെ അഗർവാളിനെ നഷ്ടമായി. 6 പന്തുകൾ മാത്രം നേരിട്ട താരത്തെ ഇന്നിംഗ്സിലെ ആദ്യ ഓവറിലെ അവസാന പന്തിൽ മിച്ചൽ സ്റ്റാർക്ക് വിക്കറ്റിനു മുന്നിൽ കുരുക്കി. ശൂന്യമായ സ്കോർബോർഡിലേക്ക് ആദ്യ റൺ എത്തിയത് നാലാം ഓവറിലാണ്. കമ്മിൻസിനെതിരെ ഒരു ബൗണ്ടറിയടിച്ച് അരങ്ങേറ്റ ഇന്നിംഗ്സ് ആരംഭിച്ച ഗിൽ പൂജാരയ്ക്കൊപ്പം ചേർന്ന് ആദ്യ ദിനത്തിൽ ഇന്ത്യയെ 35 റൺസിലെത്തിച്ചു. ഇടക്ക് ജീവൻ ലഭിച്ച ഗിൽ മികച്ച സ്ട്രോക്ക്‌പ്ലേ ആണ് കെട്ടഴിച്ചത്. എങ്കിലും ചില അലസ ഷോട്ടുകൾ ഇന്നിംഗ്സിലുടനീളം ഗിൽ കളിച്ചു. രണ്ടാം ദിനം ആദ്യ സെഷനിൽ തന്നെ അത് താരത്തിനു തിരിച്ചടിയാവുകയും ചെയ്തു. അർധസെഞ്ചുറിക്ക് 5 റൺസ് അകലെ ഗിലിനെ കമ്മിൻസ് വീഴ്ത്തി. വിക്കറ്റിനു പിന്നിൽ ടിം പെയ്‌ൻ ഗിലിനെ പിടികൂടുകയായിരുന്നു. രണ്ടാം വിക്കറ്റിൽ പൂജാരയുമൊത്ത് 65 റൺസിൻ്റെ കൂട്ടുകെട്ടിനു ശേഷമാണ് യുവതാരം മടങ്ങിയത്. ഏറെ വൈകാതെ പൂജാരയുടെ പ്രൈസ് വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. 17 റൺസെടുത്ത താരത്തെ കമ്മിൻസിൻ്റെ പന്തിൽ ഉജ്ജ്വലമായി പെയ്‌ൻ പിടികൂടുകയായിരുന്നു. വിഹാരി (21) നന്നായി തുടങ്ങിയെങ്കിലും നതാൻ ലിയോണിൻ്റെ പന്തിൽ സ്റ്റീവ് സ്മിത്തിനു പിടികൊടുത്ത് മടങ്ങി.
അഞ്ചാം വിക്കറ്റിലെത്തിയ റിഷഭ് പന്തിൻ്റെ ആക്രമണാത്മക ബാറ്റിംഗാണ് ഓസീസിനെ ഉലച്ചത്. 29 റൺസ് മാത്രമേ സ്കോർ ചെയ്തുള്ളൂ എങ്കിലും ആ ഇന്നിംഗ്സ് ഇന്ത്യക്ക് മാനസികമായ ഉണർവ് നൽകി. പന്തിൻ്റെ ഇന്നിംഗ്സ് രഹാനെയ്ക്കും ആത്മവിശ്വാസം നൽകി. അനായാസം മികച്ച സട്രോക്കുകൾ ഉതിർത്ത രഹാനെ ഓസീസ് ബൗളർമാരെയെല്ലാം ഫലപ്രദമായി നേരിട്ടു. 57 റൺസിൻ്റെ കൂട്ടുകെട്ടിനു ശേഷം മിച്ചൽ സ്റ്റാർക്കിൻ്റെ പന്തിൽ ടിം പെയ്നു പിടിനൽകി പന്ത് മടങ്ങിയെങ്കിലും പിന്നീടെത്തിയ ജഡേജ ക്യാപ്റ്റന് ഉറച്ച പിന്തുണ നൽകി. മെൽബണിൽ ഗംഭീര സ്ട്രോക്ക് പ്ലേ കെട്ടഴിച്ച ഇരുവരും അനായാസമാണ് സ്കോർ ചെയ്തത്. ഇതിനിടെ രഹാനെ തൻ്റെ 12ആം ടെസ്റ്റ് സെഞ്ചുറിയും കരസ്ഥമാക്കി. ഇരുവരും ചേർന്ന് അപരാജിതമായ 104 റൺസിൻ്റെ കൂട്ടുകെട്ടാണ് ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. മൂന്നാം ദിനം കളി അവസാനികുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 277 റൺസ് എടുത്തിട്ടുണ്ട്. രഹാനെക്കൊപ്പം (104) ജഡേജയും (40) പുറത്താവാതെ നിൽക്കുകയാണ്.
Story Highlights – india leads vs australia rahane scored century
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here