ശാഖാകുമാരിയുടെ കൊലപാതകം; ഭർത്താവ് അരുണിന്റെ അറസ്റ്റ് രേഖപ്പെടുത്തി

കാരക്കോണത്തെ ശാഖാ കുമാരിയുടെ കൊലപാതകത്തിൽ ഭർത്താവ് അരുണിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ശാഖാകുമാരിയെ അരുൺ ആസൂത്രിതമായാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ദിവസമാണ് കാരക്കോണത്ത് 52 കാരിയായ ശാഖകുമാരിയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ രംഗത്തെത്തിയതോടെയാണ് അന്വേഷണം 26 കാരനായ ഭർത്താവ് അരുണിലേക്ക് എത്തിയത്. തുടർന്ന് പൊലീസ് ഭർത്താവിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനൊടുവിൽ കൊലപാതകമാണെന്ന് അരുൺ സമ്മതിക്കുകയായിരുന്നു.
സ്വത്ത് തട്ടിയെടുക്കലായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം കൂടുതൽ പേർ കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും. മരിച്ചതിന് ശേഷമാണോ ഷോക്ക് അടിപ്പിച്ചതെന്നും പരിശോധിക്കും. ബെഡ് റൂമിലും ബെഡ്ഷീറ്റിലും രക്തത്തിന്റെ പാടുകൾ ഉണ്ടായിരുന്നതായി പരിശോധനയിൽ ഫോറൻസിക് കണ്ടെത്തിയിട്ടുണ്ട്.
നെയ്യാറ്റിൻകരയിൽ ബ്യൂട്ടി പാർലർ നടത്തി വരികയായിരുന്ന ശാഖ നേരത്തെ ഒറ്റയ്ക്ക് ആയിരുന്നു താമസം. രണ്ട് വർഷം മുമ്പാണ് നെയ്യാറ്റിൻകര സ്വദേശി അരുണുമായി ഇവർ സൗഹൃദത്തിൽ ആകുന്നത്. രണ്ട് മാസം മുമ്പാണ് ശാഖയുടെയും അരുണിന്റെയും വിവാഹം കഴിഞ്ഞത്.
Story Highlights – Shakhakumari, Murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here