മുന്നണികള്‍ക്ക് കേവല ഭൂരിപക്ഷമില്ല; കോട്ടയത്തെ നാല് നഗരസഭകളില്‍ അധികാരം പിടിക്കുമെന്ന് യുഡിഎഫ്

മുന്നണികള്‍ക്ക് കേവല ഭൂരിപക്ഷമില്ലാത്ത കോട്ടയത്തെ നാലു നഗരസഭകളിലും അധികാരം പിടിക്കുമെന്ന് യുഡിഎഫ് അവകാശവാദം. നിലപാടുകള്‍ മറികടന്ന് ഭരണം പിടിക്കാന്‍ ശ്രമം നടത്തില്ലെന്നാണ് ഇടതുമുന്നണിയുടെ പ്രതികരണം. ഇതിനിടെ ജില്ലാ പഞ്ചായത്തിലും, പാലാ നഗരസഭയിലും അധ്യക്ഷ സ്ഥാനം സംബന്ധിച്ച ഇടതുമുന്നണിയിലെ ചര്‍ച്ചകള്‍ നീളുകയാണ്.

പാലായും ഈരാറ്റുപേട്ടയും ഒഴികെയുള്ള കോട്ടയത്തെ നാല് നഗരസഭകളില്‍ ആണ് ഭരണം സംബന്ധിച്ച അനിശ്ചിതത്വമുള്ളത്. എല്‍ഡിഎഫിനും യുഡിഎഫിനും 22 സീറ്റുകള്‍ വീതമുള്ള കോട്ടയം നഗരസഭയില്‍ നറുക്കെടുപ്പാണ് ഉണ്ടാവുക. കേവലഭൂരിപക്ഷം ഇല്ലെങ്കിലും വൈക്കം ഏറ്റുമാനൂര്‍ നഗരസഭകളില്‍ യുഡിഎഫിനാണ് മേല്‍കൈ, ചങ്ങനാശ്ശേരിയില്‍ എല്‍ഡിഎഫിനും. ഇവിടങ്ങളില്‍ സ്വതന്ത്രരുടെ നിലപാട് നിര്‍ണായകമാകും. നാലിടത്തും ഭരണം പിടിക്കുമെന്നാണ് യുഡിഎഫ് അവകാശവാദം.

എന്നാല്‍ നയങ്ങളും നിലപാടും മറികടന്ന് അധികാരം പിടിക്കാന്‍ നീക്കം നടത്തില്ലെന്നാണ് ഇടതുമുന്നണിയുടെ പ്രതികരണം. കോട്ടയം ജില്ലാ പഞ്ചായത്തില്‍ അധ്യക്ഷപദവി പങ്കിടുന്നതു സംബന്ധിച്ച് കേരള കോണ്‍ഗ്രസ് എം, സിപിഐഎം, സിപിഐ ചര്‍ച്ചകള്‍ നീളുകയാണ്. ഈരാറ്റുപേട്ട നഗരസഭയില്‍ ഇടതുമുന്നണി അധ്യക്ഷ പദവിയിലേക്ക് മത്സരിക്കുന്നുണ്ട് എങ്കിലും, എസ്ഡിപിഐയുടെ വോട്ട് ലഭിച്ചാല്‍ അധികാരം സ്വീകരിക്കില്ലെന്ന് സിപിഐഎം അറിയിച്ചു. കഴിഞ്ഞ ടേമില്‍ സിപിഐഎമ്മിന് എസ്ഡിപിഐ വോട്ടുകള്‍ ലഭിച്ചത് വിവാദമായിരുന്നു.

Story Highlights – UDF Kottayam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top