യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായി എഐസിസി സംഘം ഇന്ന് കൂടിക്കാഴ്ച നടത്തും

യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായി എഐസിസി സംഘം ഇന്ന് കൂടിക്കാഴ്ച നടത്തും. നേതാക്കളുടെ പരാതികളും പരിഹാര നിർദേശങ്ങളും സംഘം വിശദമായി കേൾക്കും. കോൺഗ്രസ് നേതാക്കളുമായി ഇന്നലെ നടന്ന കൂടിക്കാഴ്ചയിൽ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു
തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ ഘടക കക്ഷികൾ ഒന്നടങ്കം രംഗത്തു വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര നേതൃത്വം ഘടകകക്ഷി നേതാക്കളെ വെവ്വേറെ കാണുന്നത്. മുന്നണിയിലെ പ്രശ്നങ്ങളും കോൺഗ്രസ് നേതൃത്വത്തിനെതിരായ പരാതികളും എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെ നേതൃത്വത്തിലുള്ള സംഘം വിശദമായി കേൾക്കും. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങൾ വിലയിരുത്തുന്ന സംഘം നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണിയിലും കോൺഗ്രസിലും നടപ്പിലാക്കേണ്ട മാറ്റങ്ങൾ സംബന്ധിച്ച നിർദേശങ്ങളും ഘടകകക്ഷികളിൽ നിന്ന് തേടും. കോൺഗ്രസ് നേതൃത്വത്തിനെതിരെ പരാതികൾ ഉന്നയിച്ച ഘടകകക്ഷികൾ, കോൺഗ്രസിൽ നേതൃമാറ്റം വേണമെന്ന ആവശ്യം മുന്നോട്ട് വെക്കുമോ എന്നതും നിർണായകമാണ്. കോൺഗ്രസിലെ ഗ്രൂപ്പ് പോരിലും നേതാക്കളുടെ പരസ്യ വാക്‌പോരിലും അതൃപ്തി പരസ്യമാക്കിയ ഘടകകക്ഷി നേതാക്കൾ, എഐസിസി നേതൃത്വവുമായുള്ള കൂടിക്കാഴ്ചയിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നതും നിർണായകമാണ്. കേരളത്തിൽ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഘം സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ഹൈക്കമാൻഡ് തുടർ നടപടികൾ സ്വീകരിക്കുക.
Story Highlights – AICC team will meet the UDF leaders today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here